തൃശൂര്‍- പെരിങ്ങോട്ടുകരയിലെ വ്യാജമദ്യ കേന്ദ്രത്തില്‍ 1072 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഡോക്ടറും സിനിമാ നടനുമായ ഡോ. അനൂപ് കുമാര്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ പിടിയിലായി. പെരിങ്ങോട്ടുകരയിലെ റെസ്‌റ്റോറന്റ് കേന്ദ്രീകരിച്ചാണ് വ്യാജ മദ്യനിര്‍മ്മാണം നടത്തിയത്. റജി കെ.വി (55), ഡോ.അനൂപ് കുമാര്‍ (44), സെറില്‍ ഡി. മാത്യു (37), മെല്‍വിന്‍ തോമസ് (44), റോബിന്‍ (47), റജീഷ് (34) എന്നിവരാണ് പിടിയിലായത്. തൃശൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
അറസ്റ്റിലായ ഡോ. അനൂപ് സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെന്നാണ് മൊഴി നല്‍കിയത്. അസ്ഥിരോഗ ഡോക്ടറാണെന്നും ബംഗളൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പഠിച്ചതെന്നും പറഞ്ഞിട്ടുണ്ട്.
മാസങ്ങളായി ഇവിടെ വ്യാജമദ്യകേന്ദ്രം പ്രവര്‍ത്തിക്കുകയായിരുന്നു. എക്‌സൈസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്നാണ് സ്പിരിറ്റ് എത്തിച്ചത്. ബോട്ടിലുകളിലാക്കി സൂക്ഷിച്ച മദ്യവും പിടിച്ചിട്ടുണ്ട്.