ഷാര്‍ജ- യു.എ.ഇയില്‍ സന്ദര്‍ശനത്തിനെത്തി കാണാതായ പാക് വംശജനായ നോര്‍വീജിയന്‍ യുവാവിനെ 38 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഷാര്‍ജയിലെ ആശുപത്രിയില്‍ കണ്ടെത്തി. ഭിന്നശേഷിക്കാരനായ സഖ്‌ലൈന്‍ മുനിറിനെ(22)യാണ് ഷാര്‍ജ പോലീസ് കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സഖ് ലൈനെ കാണാതായത്. പ്രത്യേക പരിഗണന ആവശ്യമുള്ള വ്യക്തിയായതിനാല്‍ ഏറെ ദുഃഖിതരായ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പോലീസിനെ കൂടാതെ തിരച്ചില്‍ നടത്തിവരികയായിരുന്നു. ആരോടും സഖ്‌ലൈന്‍ സംസാരിക്കാറില്ല. അദ്ദേഹത്തിന്റെ ഫോണിലേക്ക് തുടര്‍ച്ചയായി വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പാക്കിസ്ഥാനില്‍ ചികിത്സക്ക് കൊണ്ടുപോകുന്നതിന് മുമ്പായി മകന് മാനസികോല്ലാസം നല്‍കുന്നതിനാണ് കുടുംബം നോര്‍വേയില്‍നിന്ന് യു.എ.ഇയിലെത്തിയത്. നവംബര്‍ 30 ന് രാജ്യത്ത് എത്തിയ അവര്‍ ശനിയാഴ്ച പാക്കിസ്ഥാനിലേക്ക് പോകേണ്ടതായിരുന്നു.