കോട്ടയം- ലോക്സഭാ തെരഞ്ഞെടുപ്പിന് വിപുലമായ മുന്നൊരുക്കവുമായി എൻ.ഡി.എ. പ്രധാനമന്ത്രി നരേന്ദ്രമോഡി ജനുവരി ആദ്യവാരം കേരളത്തിലെത്തുന്ന് കോട്ടയത്ത് ചേർന്ന ബി.ജെ.പി മുന്നണിയുടെ സംസ്ഥാന സമിതി യോഗശേഷം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചു.
എൻ.ഡി.എയുടെ പരിപാടിയിൽ മോദി പങ്കെടുക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരും എൻ.ഡി.എയുടെ പ്രചാരണ പരിപാടികൾക്കായി കേരളത്തിലെത്തുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ജനുവരി -ഫെബ്രുവരി മാസത്തിൽ വിപുലമായ പ്രചാരണ യാത്ര നടത്തും. എൻ.ഡി.എ ജില്ലാ മണ്ഡലം കൺവെൻഷനുകൾ ജനുവരിയിൽ പൂർത്തിയാവും.
കേരളത്തിലെ എല്ലാ ക്രൈസ്തവ ഭവനങ്ങളിലും എൻ.ഡി.എ നേതൃത്വത്തിൽ ചെന്ന് ക്രിസ്തുമസ് ഈസ്റ്റർ ആശംസ അറിയിക്കും. എൽ.ഡി.എഫും യു.ഡി.എഫും നടത്തുന്ന ഒരു വിഭാഗത്തെ തൃപ്തിപ്പെടുത്തുന്ന പ്രീണന രാഷ്ട്രീയത്തെ തുറന്നുകാട്ടും. കേന്ദ്ര സർക്കാരിന്റെ വികസിത സങ്കൽപയാത്രയോട് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ കേരളത്തിലെ ജനങ്ങളിലേക്ക് എത്തരുതെന്ന നിർബന്ധ ബുദ്ധിയാണ് പിണറായി സർക്കാരിനുള്ളത്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം എല്ലാ ക്രൈസ്തവ ഭവനങ്ങളിലും എത്തിക്കാൻ എൻ.ഡി.എ പ്രവർത്തകർ ഇറങ്ങും. സംസ്ഥാനത്ത് മതേതരത്വത്തിന്റെ പേരിൽ ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുകയാണ്. ജനുവരി അവസാനം എൻ.ഡി.എയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്തും.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന കേന്ദ്രവിരുദ്ധ പ്രചാരണങ്ങൾ എല്ലാം കേന്ദ്ര ധനമന്ത്രിയുടെ കൃത്യമായ കണക്കുകൾ വെച്ചുള്ള അവതരണത്തോടെ പൊളിഞ്ഞു. കേരളത്തിന് കൊടുക്കാൻ ഒരു രൂപയുടെ കുടിശ്ശിക പോലുമില്ലെന്ന് വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാരും കേന്ദ്ര ധനകാര്യമന്ത്രിയും അസന്നിഗ്ധമായി പാർലമെന്റിൽ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ ഇടതു സർക്കാരിന്റെ കള്ളക്കളി പുറത്തായിരിക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കർഷകരുടെ ആനുകൂല്യങ്ങൾ സംസ്ഥാനം നിഷേധിക്കുന്നതാണ് ആത്മഹത്യകൾ തടരുന്നതിന് കാരണം.
നരേന്ദ്രമോഡി സർക്കാരിന്റെ കർഷക ക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കുകയാണ്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരാണെന്നാണ് കോൺഗ്രസ് പറയുന്നത്. എൽ.ഡി.എഫ് ഏതാണ് യു.ഡി.എഫ് ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നാണ് നവകേരളയാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത്. ഈ നിലപാടാണ് ഇപ്പോൾ കോൺഗ്രസും കൈക്കൊള്ളുന്നതെന്ന സുരേന്ദ്രൻ പറഞ്ഞു.