മക്ക - ധനമന്ത്രാലയത്തിലെ പ്രൊജക്ട് മാനേജ്‌മെന്റ് ഓഫീസ് മേല്‍നോട്ടത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി ഏകോപനം നടത്തി വിശുദ്ധ കഅ്ബാലയത്തില്‍ പതിവ് അറ്റകുറ്റപ്പണികള്‍ തുടങ്ങി. ഹറം വികസന പദ്ധതി വിദഗ്ധരുടെ പങ്കാളിത്തത്തോടെ അറ്റകുറ്റപ്പണികളുടെ പുരോഗതി പ്രൊജക്ട് മാനേജ്‌മെന്റ് ഓഫീസ് നിരീക്ഷിക്കും. ഏറ്റവും മികച്ച അന്താരാഷ്ട്ര സവിശേഷതകളും മാനദണ്ഡങ്ങളും അനുസരിച്ച് ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചും ഏറ്റവും ചെറിയ വിശദാംശങ്ങള്‍ പോലും ശ്രദ്ധിച്ചും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും.
ഹിജ്‌റ 1440, 1442 വര്‍ഷങ്ങളില്‍ വിശുദ്ധ കഅ്ബാലയത്തില്‍ നടത്തിയ പതിവ് അറ്റകുറ്റപ്പണികള്‍ക്ക് ധനമന്ത്രാലയത്തിലെ പ്രൊജക്ട് മാനേജ്‌മെന്റ് ഓഫീസ് മേല്‍നോട്ടം വഹിച്ചിരുന്നു. ഹിജ്‌റ 1438 ല്‍ സ്ഥാപിച്ചതു മുതല്‍ ഹറം വികസന പദ്ധതി, മതാഫ് വികസന പദ്ധതി, മസ്ജിദുന്നബവി മൂന്നാമത് സൗദി വികസന പദ്ധതി എന്നിവക്ക് പ്രൊജക്ട് മാനേജ്‌മെന്റ് ഓഫീസ് മേല്‍നോട്ടം വഹിക്കുന്നു.