ജിദ്ദ - ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിച്ച ഏഴു സൗദി പൗരന്മാരെയും ഒരു വിദേശിയെയും മക്കയുടെ പ്രവേശന കവാടങ്ങളിലുള്ള ചെക്ക്‌പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചു. ഇവർക്ക് തടവും പിഴയും നാടുകടത്തലുമാണ് കമ്മിറ്റികൾ വധിച്ചത്. സൗദി പൗരന്മാരായ നായിഫ് ഹസൻ മുബാറക് അൽജഹ്ദലിക്ക് 2,70,000 റിയാലും ഫഹദ് അബ്ദുല്ല സ്വാലിഹ് അൽഗാംദിക്ക് 40,000 റിയാലും അബ്ദുൽകരീം ഖിദ്ർ ആബിദ് അൽഹാരിസിക്ക് 20,000 റിയാലും മുഹമ്മദ് അഹ്മദ് അൽസഹ്‌റാനിക്ക് 20,000 റിയാലും യഅ്ഖൂബ് സുൽത്താൻ അബ്ദുൽ അസീസിന് 20,000 റിയാലും മുഹമ്മദ് ജമീൽ മുഹമ്മദ് അൽസൈദലാനിക്ക് 20,000 റിയാലും ഹമാദ് യസ്‌ലം നജ്ദാൻ അൽമഹ്‌രിക്ക് 10,000 റിയാലുമാണ് പിഴ ചുമത്തിയത്. ഏഴു പേരെയും പതിനഞ്ചു ദിവസം വീതം തടവിനും ശിക്ഷിച്ചിട്ടുണ്ട്. മക്കയിലേക്ക് കടത്തുന്നതിന് ശ്രമിച്ച നിയമ ലംഘകരുടെ എണ്ണത്തിന് അനുസരിച്ചാണ് ഇവർക്ക് വ്യത്യസ്ത തുകകൾ പിഴയായി ചുമത്തിയത്. ഹമാദ് യസ്‌ലം നജ്ദാൻ അൽമഹ്‌രിയുടെ കാർ കണ്ടുകെട്ടുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനും ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വിധിച്ചു. വിദേശിയായ ഖൈസാർ റാസാ ഹുസൈൻ ഷാക്ക് 40,000 റിയാൽ പിഴയും പതിനഞ്ചു ദിവസം തടവുമാണ് ശിക്ഷ. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തുന്നതിനും ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഉത്തരവിട്ടു. ഇതേ നിയമ ലംഘനത്തിന് മറ്റേതാനും പേരെയും ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ഇതിനകം ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിന്, ഹജ് അനുമതി പത്രമില്ലാത്തവർക്ക് യാത്രാ സൗകര്യം നൽകാതെ വിട്ടുനിൽക്കണമെന്ന് സൗദി പൗരന്മാരോടും വിദേശികളോടും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തുതിന് ശ്രമിച്ച 2,760 പേരെ സുരക്ഷാ വകുപ്പുകൾ ഇതുവരെ പിടികൂടിയതായി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഹജ് തസ്‌രീഹും ജോലി ആവശ്യാർഥം മക്കയിൽ പ്രവേശിക്കുന്നതിനുള്ള പ്രത്യേക പെർമിറ്റുമില്ലാതെ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് ശ്രമിച്ച 3,55,000 ലേറെ പേരെ ചെക്ക്‌പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചു. മക്കയിൽ പ്രവേശിക്കുന്നതിനുള്ള പ്രത്യേക പെർമിറ്റില്ലാത്തതിന് ഒന്നര ലക്ഷത്തിലേറെ വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചു. ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ഇതുവരെ 87 വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങൾ കണ്ടെത്തിയതായും ഗവർണർ പറഞ്ഞു.