വിദ്യാര്‍ഥി മുങ്ങിമരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസ്

തലശ്ശേരി- തലശ്ശേരി റവന്യൂ ജില്ലാ സ്‌കൂള്‍ നീന്തല്‍ മത്സരത്തിനിടെ സ്‌കൂള്‍ വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ന്യൂമാഹി എം.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഋതിക് രാജ് (14) ആണ് മരിച്ചത്. തലശ്ശേരിയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. യാതൊരു അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാതെ നീന്തല്‍ മത്സരം സംഘടിപ്പിക്കുകയും വിദ്യാര്‍ഥിക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്‌തെന്ന പരാതിയിലാണ് കേസ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് തലശ്ശേരി സി.ഐ അനില്‍ പറഞ്ഞു.
ചൊവ്വാഴ്ച കാലത്താണ് ഋതിക് രാജ്് തലശ്ശേരി ജഗന്നാഥ ക്ഷേത്ര ചിറയില്‍ മുങ്ങി മരിച്ചത്. അഞ്ച് വിദ്യാര്‍ഥികള്‍ക്കൊപ്പം ഋതിക് രാജും നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ കുളത്തിന്റെ മധ്യ ഭാഗത്തെത്തിയതോടെ മുങ്ങിത്താഴുകയായിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കാതെയാണ് നീന്തല്‍ മത്സരം സംഘടിപ്പിച്ചതെന്ന് പരാതിയുയര്‍ന്നിരുന്നു. ചെന്നൈയില്‍ ബേക്കറി ജീവനക്കാരനായ ചൊക്ലി പാറാലിലെ കാഞ്ഞിരമുള്ളതില്‍ രാജേഷിന്റെയും മിനിയുടെയും മകനാണ് മരിച്ച ഋതിക് രാജ്്. പ്രതികൂല കാലാവസ്ഥയില്‍ എല്ലാ പരിപാടികളും മാറ്റിവെക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് പോലും ലംഘിച്ചാണ് നീന്തല്‍ മത്സരം സംഘടിപ്പിച്ചത.് എന്നാല്‍ സുരക്ഷാ സംവിധാനം ഒരുക്കിയെന്നാണ് ഡി.ഇ.ഒ നല്‍കുന്ന വിശദീകരണം. കാറ്റ് നിറച്ച രണ്ട് ട്യൂബുകള്‍ മാത്രമാണ് മത്സര സ്ഥലത്ത് സംഘാടകര്‍ ഒരുക്കിയതെന്ന് മത്സരാര്‍ഥികളും പരാതിപ്പെട്ടിരുന്നു.
--

 

Latest News