ജിദ്ദ - ഗാസ യുദ്ധം അവസാനിപ്പിക്കാൻ ലോകം മുൻഗണന നൽകുന്നില്ല എന്നാണ് തോന്നുന്നതെന്ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഗാസയിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ച് വാഷിംഗ്ടണിൽ വിൽസൺ സെന്ററിൽ സംഘടിപ്പിച്ച ഡയലോഗ് സെഷനിൽ അറബ്, ഇസ്‌ലാമിക് മന്ത്രിതല കമ്മിറ്റി അംഗങ്ങൾക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനും വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക ദുരന്തത്തിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം ശക്തമായ പങ്ക് വഹിക്കണം. ഗാസ സംഘർഷം അന്താരാഷ്ട്ര സമാധാനത്തിലും സുരക്ഷയിലും പ്രത്യാഘാതങ്ങളുണ്ടാക്കും.
ഗാസ യുദ്ധം ന്യായീകരിക്കാവതല്ല. ഇത് മുഴുവൻ അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക നിയമങ്ങളും ലംഘിക്കുന്നതുമാണ്. ഗാസയിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കണം. ഗാസയിൽ പ്രവേശിപ്പിച്ച റിലീഫ് വസ്തുക്കൾ പര്യാപ്തമല്ല. കൂടുതൽ റിലീഫ് വസ്തുക്കൾ ഉടനടി പ്രവേശിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം സുരക്ഷിത പാതകൾ ഒരുക്കണമെന്നും സൗദി വിദേശ മന്ത്രി ആവശ്യപ്പെട്ടു.
ഗാസ യുദ്ധം ഇസ്രായിലികൾക്ക് സമാധാനം നൽകില്ലെന്ന് ജോർദാൻ വിദേശ, പ്രവാസികാര്യ മന്ത്രി അയ്മൻ അൽസ്വഫദി പറഞ്ഞു. അന്താരാഷ്ട്ര പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ ഫലസ്തീൻ പ്രശ്‌നത്തിന് നീതിപൂർവകവും സമഗ്രവുമായ പരിഹാരമുണ്ടാക്കുന്നതു മാത്രമാണ് ഇസ്രായിലികൾക്ക് സമാധാനം നൽകുകയെന്നും അയ്മൻ അൽസ്വഫദി പറഞ്ഞു. ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനിയും ഈജിപ്ഷ്യൻ വിദേശ മന്ത്രി സാമിഹ് ശുക്‌രിയും ഡയലോഗ് സെഷനിൽ പങ്കെടുത്തു. മന്ത്രിതല കമ്മിറ്റി പിന്നീട് വാഷിംഗ്ടണിൽ പത്രസമ്മളനവും നടത്തി.