Sorry, you need to enable JavaScript to visit this website.

മഹുവക്ക് നേരെയുള്ള ജനാധിപത്യ വിരുദ്ധത

വസ്ത്രാക്ഷേപം കഴിഞ്ഞു, ഇനി മഹാഭാരത യുദ്ധമാണ് എന്നാണ് തന്നെ പാർലമെന്റിൽ നിന്ന് പുറത്താക്കണമെന്ന് ശുപാർശ ചെയ്യുന്ന എത്തിക്‌സ് കമ്മറ്റി റിപ്പോർട്ട് സഭയിൽ വെച്ചപ്പോൾ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര പ്രതികരിച്ചത്.  അതിന് പിന്നാലെ ഏതാനും സമയത്തിനകം മഹുവ പറഞ്ഞ പാർലമെന്റിലെ മഹാഭാരത യുദ്ധവും അവസാനിച്ചു. ഇനിയുള്ളത് അവിടെ ജയിച്ചത് ധർമമാണോ അതോ അധർമമാണോ എന്ന ചർച്ചയാണ്. 
പാർലമെന്റിൽ നിന്നും പുറത്താക്കാൻ തക്ക കുറ്റം മഹുവ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിൽ നിക്ഷ്പക്ഷമായ അന്വേഷണം നടന്നിട്ടുണ്ടോ? പാർലമെന്റിൽ തന്റെ ഭാഗം വിശദീകരിക്കാൻ മഹുവയ്ക്ക് അവസരം നിഷേധിച്ചത് എന്തുകൊണ്ട്? പുറത്താക്കലിന് മുൻപ് എന്തുകൊണ്ട് പ്രതിപക്ഷത്തിന് ഇക്കാര്യം പാർലമെന്റിൽ ചർച്ച ചെയ്യാൻ അവസരം നൽകിയില്ല?  നരേന്ദ്ര മോഡിയുടെയും സംഘപരിവാറിന്റെയും അവരുടെ സ്വന്തക്കാരനായ അദാനിയുടെയും കണ്ണിലെ കരടായ മഹുവ മൊയ്ത്രയെ പുറത്താക്കേണ്ടത് ബി ജെ പിയുടെ പ്രഖ്യാപിത ലക്ഷ്യമല്ലേ?  അതിന് വേണ്ടി ഭരണപക്ഷം കിട്ടിയ അവസരം അധാർമികമായി ഉപയോഗിക്കുകയല്ലേ ചെയ്തത്?  ഇങ്ങനെ നിരവധി ചോദ്യങ്ങൾ മഹുവയുടെ പുറത്താക്കലുമായി ബന്ധപ്പെട്ട് ഉയർന്നു വരുമെന്ന കാര്യം ഉറപ്പാണ്. 
മഹാഭാരത യുദ്ധത്തിൽ നടന്നത് പോലെ ഇവിടെ ധർമമാണോ അതോ അധർമമാണോ ആധിപത്യം പുലർത്തിയതെന്ന് ചോദിച്ചാൽ അതിന് ഉത്തരം കണ്ടെത്തണമെങ്കിൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നിക്ഷിപ്ത താൽപര്യങ്ങളെ ഇഴകീറി പരിശോധിക്കേണ്ടിവരും.
കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ മഹുവ മൊയ്ത്രക്കെതിരെ കടുത്ത ശിക്ഷ നടപടികൾ എടുക്കുന്നതിനെ ആരും എതിർക്കാൻ സാധ്യതയില്ല. എന്നാൽ ജനാധിപത്യ മാർഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു പാർലമെന്റ് അംഗത്തെ പാർലമെന്റിൽ നിന്ന് പുറത്താക്കുമ്പോൾ പാലിക്കേണ്ട കൃത്യമായ നടപടി ക്രമങ്ങളുണ്ട്. അത്തരം നടപടിക്രമങ്ങൾ എത്രത്തോളം സുതാര്യമായും നിക്ഷ്പക്ഷമായും ഇവിടെ നടന്നിട്ടുണ്ടെന്നതാണ് ഉയർന്നു വരുന്ന ഏറ്റവും പ്രധാന കാര്യം.
അദാനി ഗ്രൂപ്പിനെതിരെ പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പ് സി.ഇ.ഒ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് രണ്ട് കോടി രൂപയും മറ്റു ആഡംബര സമ്മാനങ്ങളും മഹുവ കോഴയായി സ്വീകരിച്ചെന്നും ചോദ്യങ്ങൾ നൽകാനുള്ള പാർലമെന്റ് അംഗങ്ങളുടെ മെംബേഴ്‌സ് പോർട്ടലിന്റെ ലോഗിൻ ഐഡിയും പാസ്‌വേർഡും ഹിരാനന്ദാനിക്ക് കൈമാറിയെന്നുമാണ് വിവാദം. 
ലോക്‌സഭയിൽ മഹുവ ഉന്നയിച്ച 61 ചോദ്യങ്ങളിൽ 51 എണ്ണവും ഹിരാനന്ദാനിയുടെ താൽപര്യ പ്രകാരമാണെന്നുമാണ് ആരോപണം. എന്നാൽ ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള ലോഗിൻ ഐഡിയും പാസ്‌വേർഡും സുഹൃത്തായ ദർശൻ ഹിരാനന്ദാനിക്ക് കൈമാറിയെന്നും പകരം പണം കൈപ്പറ്റിയിട്ടില്ലെന്നും മഹുവമൊയ്ത്ര സമ്മതിക്കുന്നുണ്ട്. എം.പിയുടെ സംഘത്തിലുള്ളവരാണ് ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യുന്നതെന്നും അതിനാൽ ആർക്കൊക്കെ പാസ്‌വേഡ് കൈമാറാമെന്ന് പ്രത്യേക നിബന്ധനയില്ലെന്നുമാണ് മഹുവയുടെ  വാദം. 
ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ സുരക്ഷ ഉറപ്പാക്കുന്നതിനായി വരുന്ന ഒ.ടി.പി നമ്പർ തന്റേതാണെന്നും അതുകൊണ്ട് തന്നെ ഈ ചോദ്യങ്ങളെല്ലാം തന്റെ അറിവോടെയാണെന്നും അവർ വാദിക്കുന്നു. ഇവിടെ മഹുവ മൊയ്ത്രയുടെ ഭാഗത്ത് നിന്ന് നടപടിക്രമങ്ങളുടെ ഗുരുതരമായ ചില ലംഘനങ്ങൾ ഉണ്ടായിട്ടുണ്ട്.  
ഇന്ത്യയിലെ വ്യവസായ ലോകത്തെ കുടിപ്പകക്കാർ മഹുവയെ വളരെ വിദഗ്ധമായി ഉപയോഗിച്ചെന്നും വാദിക്കാം. ഇതല്ല വിഷയം, മറിച്ച് മഹുവയെ പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെടുന്നതിന് ഇടയാക്കിയ നടപടിക്രമങ്ങളുടെ സുതാര്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. 
ഈ വിഷയത്തിൽ മഹുവയെ പാർലമെന്റിൽ നിന്ന് പുറത്താക്കണമെന്ന പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശ നാലിനെതിരെ ആറു വോട്ടുകൾക്കാണ് അംഗീകരിച്ചത്. 
500 പേജുള്ള എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിൽ മഹുവയുടെ പ്രവൃത്തികൾ കടുത്ത ശിക്ഷ അർഹിക്കുന്നതാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും നിർദേശിക്കുന്നുണ്ട്. ഈ നടപടിക്രമങ്ങളിലാണ് കൃത്യമായ സംഘപരിവാർ രാഷ്ട്രീയ താൽപര്യം കടന്നു കൂടിയത്.
ഇവിടെ ഏറ്റവും പ്രധാനമായ കാര്യം എത്തിക്‌സ് കമ്മിറ്റി ശുപാർശ ഉപ്പുകൂട്ടാതെ വിഴുങ്ങി മഹുവയെ പാർലമെന്റിൽ നിന്ന് പുറത്താക്കുകയാണ് ചെയ്തിട്ടുള്ളതെന്നതാണ്. ഇത്തരമൊരു ആരോപണത്തിൽ എത്തിക്‌സ് കമ്മിറ്റിക്ക് ഒരു പാർലമെന്റ് അംഗത്തെ പുറത്താക്കാൻ നേരിട്ട് പാർലമെന്റിന് ശുപാർശ ചെയ്യുന്നത് ശരിയായ കീഴ്‌വഴക്കമാണോ എന്നതാണ് പ്രശ്‌നം. 
ചോദ്യങ്ങൾ ചോദിക്കാൻ പണം സ്വീകരിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം കണ്ടെത്താൻ ഇവിടെ എത്തിക്‌സ് കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല. അത്തരത്തിലുള്ള ഒരു അന്വേഷണം നടത്താൻ എത്തിക്‌സ് കമ്മിറ്റിക്ക് കഴിയുകയുമില്ല. അതെല്ലാം ജുഡീഷ്യൽ പ്രക്രിയയുടെ ഭാഗമായി നടക്കേണ്ട കാര്യങ്ങളാണ്.
ലോക്‌സഭാ പോർട്ടലിന്റെ ലോഗിൻ ഐ.ഡിയും പാസ്‌വേർഡും കൈമാറുന്നതിലെ നടപടികളെക്കുറിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ തനിക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ ആര് അപ്‌ലോഡ് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശവും അതിന്റെ ഉത്തരവാദിത്തവും മഹുവക്ക് തന്നെയാണ്. 
ചോദ്യങ്ങൾ ചോദിക്കാൻ കോഴ വാങ്ങിയെന്ന് കൃത്യമായി തെളിഞ്ഞാൽ മാത്രമേ മഹുവക്കെതിരെ പുറത്താക്കൽ എന്ന ഏറ്റവും ഒടുവിലത്തെ നടപടികളിലേക്ക് നീങ്ങാനാകൂ. അതിന് ചില ധാർമികതയും കീഴ്‌വഴക്കങ്ങളുമുണ്ട്. 
തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമപരമായ അവകാശം കൊടുംകുറ്റവാളികൾക്ക് പോലും നമ്മുടെ നിയമ വ്യവസ്ഥ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കീഴ്‌ക്കോടതികൾ മുതൽ സുപ്രീം കോടതിയിൽ വരെ തന്റെ ഭാഗവും വാദവും പറയാൻ കുറ്റവാളികൾക്കും ആരോപണ വിധേയർക്കും മറ്റും അവസരം കിട്ടുന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാന മൂല്യങ്ങളിലൊന്നാണത്.
മഹുവ മൊയ്ത്രക്ക് തന്റെ പരമാധികാര ബോഡിയായ ലോക്‌സഭയിൽ നിരപരാധിത്വം തെളിയിക്കാനുള്ള അവകാശം ഭരണകക്ഷി നൽകിയില്ലെന്നതാണ് ഏറ്റവും പ്രധാന പ്രശ്‌നം. എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെക്കുകയും അത് സഭയിൽ അവതരിപ്പിക്കുകയും ചെയ്തപ്പോൾ ഇക്കാര്യത്തിൽ മഹുവ മൊയ്ത്രക്ക് എന്ത് പറയാനുണ്ടെന്ന് കേൾക്കാനുള്ള ബാധ്യത ഭരണകക്ഷിക്കും പ്രതിപക്ഷത്തിനുമെല്ലാമുണ്ട്. 
എത്തിക്‌സ് കമ്മിറ്റിയുടെ പരിമിതമായ ഹിയറിംഗിൽ പറയാൻ സാധിക്കാത്ത കാര്യങ്ങൾ പറയാനും അല്ലെങ്കിൽ കമ്മിറ്റിയുടെ അന്തിമ ശുപാർശയിലെ കണ്ടെത്തലുകളെ ചോദ്യം ചെയ്യാനും അവർക്ക് സ്വാതന്ത്ര്യമുണ്ട്. അത് കുറ്റാരോപിതന്റെ ജനാധിപത്യ അവകാശമാണ്. അത്തരമൊരു അവകാശമാണ് ഇവിടെ നിഷേധിക്കപ്പെട്ടത്. 
മാത്രമല്ല, മഹുവയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷത്തിന് പറയാനുള്ളത് പോലും കേൾക്കാൻ ലോക്‌സഭ സ്പീക്കർ തയാറായില്ല. മഹുവക്ക് എത്തിക്‌സ് കമ്മിറ്റി മുമ്പാകെ സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ടെന്നും നേരത്തെയും ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടിക്രമങ്ങളിലൂടെ പുറത്താക്കൽ ശുപാർശ അംഗീകരിപ്പിക്കാൻ തിടുക്കം കാട്ടുകയാണ് ലോക്‌സഭ സ്പീക്കർ ഓം ബിർള ചെയ്തത്. അത് അദ്ദേഹത്തിന്റെ മാത്രം അജണ്ടയല്ല, മറിച്ച് ഇതിന്റെ കഥയും തിരക്കഥയുമെല്ലാം എഴുതിയത് നരേന്ദ്ര മോഡിയും കൂട്ടരുമാണ്. 
തന്നെ പുറത്താക്കിയവർ അദാനിയുടെ 30,000 കോടി രൂപയുടെ അഴിമതിക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് കൂടി പറയണമെന്ന് മഹുവ മൊയ്ത്രയുടെ ചോദ്യം മോഡിക്കും കൂട്ടർക്കും അസ്വസ്ഥതയുണ്ടാക്കില്ല. കാരണം തങ്ങളുടെ ഏറ്റവും വലിയ വിമർശകരിൽ ഒരാളെ പാർലമെന്റിന്റെ വാതിലുകൾ കടത്തി വിട്ടതിന്റെ ആഘോഷത്തിലാണവർ. 
മഹുവയെ പാർലമെന്റിൽ വാ തുറക്കാൻ പോലും അനുവദിക്കാതെ പുറത്തേക്കുള്ള വഴി കാണിക്കുകയെന്ന ഭരണകക്ഷിയുടെ അധാർമികത തന്നെയാണ് ഈ യുദ്ധത്തിൽ ജയിച്ചത്. ജനാധിപത്യമാണ് ഇവിടെ പരാജയപ്പെട്ടത്. 

Latest News