Sorry, you need to enable JavaScript to visit this website.

ഗാസ വെടിനിർത്തൽ: വീറ്റോ ഉപയോഗിച്ച അമേരിക്കൻ നടപടി തെറ്റ്- സൗദി 

ജിദ്ദ - ഗാസയിൽ അടിയന്തിര വെടിനിർത്തൽ നടപ്പാക്കാൻ ആവശ്യപ്പെടുന്ന പ്രമേയം പരാജയപ്പെടുത്താൻ യു.എൻ രക്ഷാ സമിതിയിൽ വീറ്റോ ഉപയോഗിച്ചതിൽ അമേരിക്കയോട് ശക്തമായ വിയോജിപ്പുണ്ടെന്ന് പി.ബി.എസ് ന്യൂസ് അവർ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഗാസ പ്രശ്‌നത്തിൽ രക്ഷാ സമിതിക്ക് ഒരു ഉറച്ച നിലപാട് സ്വീകരിക്കാൻ കഴിയാത്തതിൽ ഞങ്ങൾക്ക് വളരെയധികം നിരാശയുണ്ട്. നിർഭാഗ്യവശാൽ വെടിനിർത്തൽ ഒരു മോശം വാക്കായ സാഹചര്യമാണ് കാണുന്നത്. ഇത് എനിക്ക് മനസ്സിലാകുന്നില്ല. സാധാരണയിൽ ലോകത്ത് എവിടെയും സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ ആ സംഘർഷം അവസാനിപ്പിക്കാനുള്ള മാർഗമാണ് എല്ലാവരും ആരായുക. ഗാസ പ്രശ്‌നത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ രക്ഷാ സമിതിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ വലിയ നിരാശ തോന്നുന്നു. ചില പശ്ചാത്യ നേതാക്കളിൽ നിന്ന് വിഭിന്നമായി, സൗദി അറേബ്യ രഹസ്യമായി പറയുന്നത് പരസ്യമായും പറയുന്നു. അറബികളെല്ലാവരും ഇങ്ങിനെയാണ് ചെയ്യുന്നത്. 
ഇസ്രായിലി ബോംബുകളും യുദ്ധവും കാരണം ഫലസ്തീനികൾ മരിക്കുന്നതു മാത്രമല്ല, ആരോഗ്യ സംവിധാനത്തിന്റെ തകർച്ച കാരണം കോളറ പോലുള്ള രോഗങ്ങൾ ബാധിച്ച് ഫലസ്തീനികൾ മരിക്കുന്നതും നാം കാണുന്നു. അതിനാൽ ഗാസയിലെ സാധാരണക്കാരെ സംരക്ഷിക്കാൻ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഗാസയിൽ സമാനതകളില്ലാത്ത കൂട്ടക്കുരുതിക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഇത് സ്വയം പ്രതിരോധത്തിന്റെ ഏതെങ്കിലും കാരണത്താൽ ന്യായീകരിക്കാൻ കഴിയുന്നതല്ല. ഒക്‌ടോബർ ഏഴിന് നിരവധി നിരപരാധികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ സംഘർഷത്തിൽ നിന്ന് പുറത്തുകടക്കാൻ വഴികൾ കണ്ടെത്തേണ്ടതുണ്ട്. എല്ലാറ്റിനുമുപരിയായി, ഗാസയിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തിന് പരിഹാരം കാണാൻ സാധിക്കുന്ന നിലക്ക് വെടിനിർത്തൽ നടപ്പാക്കണം. 
ഗാസയിലേക്ക് റിലീഫ് വസ്തുക്കൾ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ വിശ്വസനീയമായ റോഡ് മാപ്പ് ആവശ്യമാണ്. ഗാസയിൽ നിരവധി പേർ കൊല്ലപ്പെട്ടിരിക്കുന്നു. മാനുഷിക സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുന്നു. ഗാസ യുദ്ധം അവസാനിപ്പിക്കണം. ഗാസ യുദ്ധം അവസാനിപ്പിക്കൽ മുൻഗണനയായി അന്താരാഷ്ട്ര സമൂഹം പരിഗണിക്കുന്നില്ലെന്നും സൗദി വിദേശ മന്ത്രി പറഞ്ഞു.

Latest News