ജിദ്ദ-ഗാസയിലെ നിർണായക വെടിനിർത്തൽ പ്രമേയം പാസാക്കുന്നതിൽ യു.എൻ സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടതിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ പ്രസ്താവന പുറത്തിറക്കി. സുരക്ഷാ കൗൺസിലിന്റെ പരാജയം അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിലും സിവിലിയന്മാരെ സംരക്ഷിക്കുന്നതിലും ഇസ്രായിലിന്റെ തുടർച്ചയായ ആക്രമണത്തെ തുടർന്ന് വഷളായിക്കൊണ്ടിരിക്കുന്ന ഈ മാനുഷിക ദുരന്തത്തിന് അറുതി വരുത്തുന്നതിലും സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടിരിക്കുന്നു.
ഈ നിർണായക ഘട്ടത്തിൽ സെക്യൂരിറ്റി കൗൺസിൽ അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടത് ഇസ്രായിൽ അധിനിവേശം തുടരാനും ഫലസ്തീൻ ജനതയ്ക്കെതിരായ ആക്രമണം വർദ്ധിപ്പിക്കാനും അവസരമൊരുക്കുന്നുവെന്ന് സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകി. കരട് പ്രമേയത്തെ പിന്തുണച്ച രാജ്യങ്ങളുടെ നിലപാടുകളെ അദ്ദേഹം പ്രശംസിച്ചു. ഉടനടി വെടിനിർത്തൽ കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.