കൊല്ലം - ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടു വന്നു. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത പ്രതി പത്മകുമാറിന്റെ കൊല്ലം ചാത്തന്നൂരിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. പത്മകുമാര്‍, ഭാര്യ അനിത കുമാരി, മകള്‍ അനുപമ എന്നിവരുമായാണ് രാവിലെ അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചത്. രണ്ടു ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് പ്രതികളെ കനത്ത സുരക്ഷയില്‍ സ്ഥലത്ത് എത്തിച്ചത്. നൂറ് കണക്കിന് ആളുകളാണ് ഇവരെ കാണാനായി ചാത്തന്നൂരിലെ വീടിന് പരിസരത്ത് തടിച്ചു കൂടിയിട്ടുള്ളത്. തെളിവെടുപ്പിനായി ഫോറന്‍സിക് സംഘവും ചാത്തന്നൂരിലെ വീട്ടിലെത്തിയിട്ടുണ്ട്. ഇതിനിടെ, തട്ടിക്കൊണ്ടുപോകല്‍ കേസിലെ ആസൂത്രണത്തിന്റെ നിര്‍ണായകമായ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. റൂട്ട് മാപ്പ് തയ്യാറാക്കിയാണ് തട്ടികൊണ്ടുപോകല്‍ നടപ്പാക്കിയതെന്ന് പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് പോലീസിന് തെളിവ് ലഭിച്ചിരുന്നു.