Sorry, you need to enable JavaScript to visit this website.

കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

കൊച്ചി - കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും ഉള്‍പ്പടെയുള്ള പദ്ധതികള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനത്ത് നടന്ന എറണാകുളം മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാട് ആഗ്രഹിക്കുന്ന വികസനം അതേപടി പ്രാവര്‍ത്തികമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഗതാഗത രംഗത്ത് വലിയ മാറ്റങ്ങളാണ് നാട്ടില്‍ സംഭവിക്കുന്നത്. കൊച്ചി വാട്ടര്‍ മെട്രോയുടെ ഭാഗമായി വലിയ സൗകര്യങ്ങളാണ് ദ്വീപ് നിവാസികള്‍ക്ക് ലഭ്യമാകുന്നത്. കൊച്ചി വാട്ടര്‍ മെട്രോയുടെ കൂടുതല്‍ വികസനത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരമായി നടന്നിരുന്നു. എന്നാല്‍ കൊച്ചി മെട്രോയുടെ ഓട്ടം അവിടം കൊണ്ട് നിര്‍ത്തുകയില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. 

2016 നുശേഷം നാടിനെ പുതുക്കിപ്പണിയാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ നിരവധി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു. ഇവിടെയൊന്നും നടക്കില്ലെന്ന് കരുതി നാടുവിട്ട ദേശീയ പാത അതോറിറ്റി, ഗെയ്ല്‍, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവരെയൊക്കെ തിരിച്ച് കൊണ്ടുവരാന്‍ കഴിഞ്ഞു. 

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ നടപ്പാക്കേണ്ട ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ, ഗെയ്ല്‍ നടപ്പാക്കുന്ന ഗെയ്ല്‍ പൈപ്പ് ലൈന്‍ എന്നിവ നടപ്പാക്കി. ഗെയ്ല്‍ പൈപ്പ് ലൈന്റെ ഭാഗമായുള്ള ഗ്യാസ് ചില അടുക്കളകളില്‍ എത്താന്‍ തുടങ്ങി. വ്യവസായ സ്ഥാപനങ്ങളിലെ അടുക്കളയില്‍ ഇന്ധനമായും ഗ്യാസ് ഉപയോഗിക്കാനായി. അത് കൂടുതല്‍ ഉപയോഗത്തിലേക്ക് വരാന്‍ പോകുകയാണ്. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ ലൈനുകളിലൂടെ വൈദ്യുതി പ്രവഹിച്ചു തുടങ്ങി. കേരളത്തില്‍ ആര്‍ക്കും ഇപ്പോള്‍ ദേശീയ പാത യാഥാര്‍ഥ്യമാകുമോ എന്ന ആശങ്കയില്ല.

തീരദേശ ഹൈവേയുടെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ആകര്‍ഷകമായ പാക്കേജാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുന്നത്. തീരദേശ ഹൈവേ പൂര്‍ത്തിയാകുന്നതോടെ ടൂറിസം രംഗത്ത് വലിയ മാറ്റമുണ്ടാകും. കടലോര റോഡിലൂടെയുള്ള സഞ്ചാരം ടൂറിസ്റ്റുകള്‍ക്ക് വലിയ ഹരമാകും. അതോടൊപ്പം സൈക്കിള്‍ ട്രാക്കും കൂടി യാഥാര്‍ഥ്യമാകുന്നതോടെ പദ്ധതി കൂടുതല്‍ ആകര്‍ഷകമാകും. 

മലയോര ഹൈവയും അതിവേഗം യാഥാര്‍ഥ്യമാകും. കിഫ്ബി മുഖേന പതിനായിരം കോടി രൂപയാണ് തീരദേശ ഹൈവേക്കും മലയോര ഹൈവേക്കും അനുവദിക്കുന്നത്. 

ജലപാതയുടെ പ്രവര്‍ത്തനങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കകം ഭാഗികമായി പൂര്‍ത്തീകരിക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭൂമിയേറ്റെടുത്ത് കനാല്‍ നിര്‍മ്മിക്കാനുള്ളതിനാല്‍ ആദ്യഘട്ടത്തില്‍ കോവളം മുതല്‍ ചേറ്റുവ വരെയുള്ള പാതയാണ് പൂര്‍ത്തിയാകുന്നത്. കോവളം മുതല്‍ ചേറ്റുവ വരെ സഞ്ചരിക്കാവുന്ന രീതിയില്‍ കനാല്‍ പൂര്‍ത്തിയാകും. ചില പ്രദേശങ്ങളിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും. കോവളത്ത് നിന്ന് ചേറ്റുവ വരെ സഞ്ചരിക്കാന്‍ കഴിയുന്നത് അവസ്ഥ ടൂറിസ്റ്റുകളെ ആകര്‍ഷിക്കും. അമ്പത് കിലോമീറ്റര്‍ ഇടവിട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഒരുക്കും. പ്രാദേശിക കലാരൂപങ്ങള്‍, നാടന്‍ ഭക്ഷ്യവിഭവങ്ങള്‍, നാടന്‍ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ഈ കേന്ദ്രങ്ങളിലുണ്ടാകും. ഈ പദ്ധതിക്കായി സ്ഥലമെടുക്കുന്നതിനുള്ള പണവും കിഫ്ബി വഴി കണ്ടെത്തും. 

വ്യോമഗതാഗത മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമീപനം മൂലം ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. കേന്ദ്ര നയത്തില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ശബരിമലയില്‍ പുതിയ വിമാനത്താവളം കൂടി യാഥാര്‍ഥ്യമാകുകയാണ്. ഇതിനായുള്ള അനുമതികളെല്ലാ ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. 

റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ കേന്ദ്ര നിലപാട് ഇതു വ്യക്തമാക്കുന്നതാണ്. ഈ നിഷേധാത്മക സമീപനം എല്ലാക്കാലവും കേന്ദ്രസര്‍ക്കാരിന് തുടരാന്‍ കഴിയില്ല. നാടിന്റെ വികസനത്തില്‍ അതീവ പ്രാധാന്യമുള്ളതാണ് വേഗതയുള്ള ട്രെയിനുകള്‍. വന്ദേഭാരത് ട്രെയിന്‍ വന്നപ്പോഴാണ് വേഗതയുള്ള ട്രെയിനുകളുടെ ആവശ്യകത എല്ലാവര്‍ക്കും ബോധ്യമായത്. കൃത്യസമയം പാലിക്കുന്നതിന് വന്ദേഭാരത് ഓടുമ്പോള്‍ മറ്റ് ട്രെയിന്‍ യാത്രക്കാര്‍ വലിയ പ്രയാസം നേരിടുകയാണ്. നിലവിലെ റെയില്‍വേ ലൈന്‍ തന്നെ ഉപയോഗിക്കുന്നതിനാലാണിത്. പ്രത്യേകമായ റെയില്‍വേ ലൈനായിരുന്നു കേരളത്തിന്റെ പദ്ധതി. അത് നല്ല രീതിയില്‍ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. അതിനായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്. റെയില്‍വേയുടെ മറ്റ് വികസന പദ്ധതികളിലും ശരിയല്ലാത്ത നിലപാടാണ് കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. റോഡുകള്‍, പാലങ്ങള്‍, ഓവര്‍ബ്രിഡ്ജുകള്‍, ഫ്‌ളൈ ഓവറുകള്‍, ഇവയെല്ലാം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. നാടിന്റെ രൂപവും മുഖച്ഛായയും മാറ്റുന്നതിന് ഈ പദ്ധതികള്‍ക്ക് കഴിഞ്ഞവെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രിമാരായ റോഷി അഗസ്റ്റിന്‍,ആന്റണി രാജു,കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.മന്ത്രിമാരായ ജി.ആര്‍. അനില്‍, വി. ശിവന്‍ കുട്ടി, എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രന്‍,സജി ചെറിയാന്‍, കെ. രാജന്‍, കെ. കൃഷ്ണന്‍കുട്ടി, വി.അബ്ദുറഹിമാന്‍, പി.രാജീവ്, വീണാ ജോര്‍ജ്, പി.എ. മുഹമ്മദ് റിയാസ്, ഡോ. ആര്‍. ബിന്ദു, പി.പ്രസാദ്, അഹമ്മദ് ദേവര്‍ കോവില്‍, ജെ. ചിഞ്ചു റാണി,കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍ എന്നിവരും പ്രൊഫ. എം.കെ. സാനു, പ്രൊഫ. കെ.വി. തോമസ്, ജില്ലാ കളക്ടര്‍ എന്‍. എസ്. കെ.ഉമേഷ് എന്നിവര്‍ പങ്കെടുത്തു.

സംഘാടക സമിതി ചെയര്‍മാനായ കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനറായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.എം. ഷെഫീഖ് സ്വാഗതവും സംഘാടക സമിതി ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനും കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.ആര്‍. റെനീഷ് നന്ദിയും പറഞ്ഞു.

Latest News