Sorry, you need to enable JavaScript to visit this website.

എന്‍ജിഒ യൂണിയന്‍ നേതാവിനെ കേരള ഹൗസ്  കണ്‍ട്രോളറാക്കാന്‍ തകൃതിയായ നീക്കം

തിരുവനന്തപുരം-എന്‍ജിഒ യൂണിയന്‍ നേതാവ് കെ എം പ്രകാശനെ കേരള ഹൗസ് കണ്‍ട്രോളര്‍ ആക്കാനുള്ള നീക്കത്തിന് പിന്നില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിന്റെ രേഖകള്‍ പുറത്ത്. പൊതുഭരണ വകുപ്പ് എതിര്‍ത്തിട്ടും ഐഎഎസുകാരും സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥരും വഹിക്കുന്ന തസ്തികയിലേക്ക് ഇരട്ട സ്ഥാനകയറ്റം നല്‍കി നിയമിക്കാനാണ് നീക്കം. കണ്ണൂര്‍ സ്വദേശിയായ കെ എം പ്രകാശന് അനുകൂലമായി ചട്ട ഭേദഗതിക്ക് ശുപാര്‍ശ ചെയ്തതും മുഖ്യമന്ത്രിയാണ്. വിവാദ നീക്കത്തിന്റെ ഫയലുകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു.
നിലവില്‍ കേരള ഹൗസില്‍ ഫ്രണ്ട് ഓഫീസ് മാനേജറാണ് എന്‍ജിഒ യൂണിയന്‍ നേതാവും കണ്ണൂര്‍ സ്വദേശിയുമായി കെ എം പ്രകാശന്‍. പ്രകാശനെ കേരള ഹൗസില്‍ കണ്‍ട്രോളര്‍ എന്ന ഉന്നത തസ്തികയിലേക്ക് കൊണ്ട് വരാനാണ് തകൃതിയായ നീക്കങ്ങള്‍. കേരള ഹൗസ് ജീവനക്കാര്‍ക്ക് സ്ഥാനകയറ്റ തസ്തികള്‍ സൃഷ്ടിക്കണമെന്ന് നിവേദനത്തിന്റെ മറവിലാണ് ശ്രമം തുടങ്ങുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുഭരണവകുപ്പ് ആദ്യം പരിശോധന നടത്തി. ഹൗസ് കീപ്പിംഗ് മാനേജര്‍, കാറ്ററിംഗ് മാനേജര്‍ തസ്തികയിലേക്ക് മാത്രം കേരള ഹൗസിലെ ജീവനക്കാര്‍ക്ക് സ്ഥാനകയറ്റം നല്‍കാമെന്നായിരുന്നു പൊതുഭരണവകുപ്പ് ശുപാര്‍ശ. കേരള ഹൗസില്‍ റസിഡന്‍സ് കമ്മീഷണറുടെ തൊട്ടുതാഴെയുള്ള പ്രധാനപ്പെട്ട തസ്തികയാണ് കണ്‍ട്രോളര്‍. മുമ്പ് ഐഎഎസുകാര്‍ വഹിച്ചിരുന്ന ഈ തസ്തികയില്‍ ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ നിന്നുള്ള അഡീഷണല്‍ സെക്രട്ടറിയാണുള്ളത്. ഈ തസ്തികയിലേക്ക് സ്ഥാനകയറ്റം നല്‍കാനാകില്ലെന്നായിരുന്നു പൊതുഭരണവകുപ്പ് നിലപാട്.
സെക്രട്ടറിയേറ്റില്‍ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാണ് കണ്‍ട്രോളറാകേണ്ടതെന്നാണ് നിലവിലെ നിയമമെന്നും ഫയലില്‍ ഉദ്യോഗസ്ഥര്‍ കുറിച്ചു. പക്ഷെ കണ്‍ട്രോളര്‍ തസ്തികയിലേക്കും കേരള ഹൗസിലെ ജീവനക്കാരെ പ്രമോഷന്‍ വഴി നിയമിക്കാനാന്‍ ചട്ടം പരിഷ്‌ക്കരിക്കാന്‍ ഉദ്യോഗസ്ഥ സമിതിയെ നിയമിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 21-6-2023 ലായിരുന്നു ഇത്. ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതി യോഗം ചേര്‍ന്നുവെന്നും കണ്‍ട്രോളര്‍ തസ്തികയിലേക്കും കേരള ഹൗസ് ജീവനക്കാര്‍ക്ക് സ്ഥാനകയറ്റം വഴി നിയമനം നല്‍കാമെന്ന് ശുപാര്‍ശ ചെയ്യുന്നതായി 29-7-2023 ന് പൊതുഭരണ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ മുഖ്യമന്ത്രിയെ അറിയിക്കുന്നു. കൂടാതെ കേരള ഹൗസിലെ നോണ്‍ ഗസ്റ്റഡ് തസ്തികയായ ഫ്രണ്ട് ഓഫീസ് മാനേജര്‍ തസ്തിക ഗസ്റ്റഡ് തസ്തികയാക്കി ഉയര്‍ത്താനും ശുപാര്‍ശ ചെയ്തു. പിന്നീടാണ് അടുത്ത തന്ത്രപരമായ നീക്കം.
കണ്‍ട്രോളര്‍ തസ്തികയിലേക്ക് ഫ്രണ്ട് ഓഫീസ് മാനേജറെ കൂടാതെ ഹൗസ് കീപ്പിംഗ് മാനേജര്‍, കാറ്ററിംഗ് മാനേജര്‍മാരെയും പരിഗണിക്കാമെന്ന് 6-10-2023ന് മുഖ്യമന്ത്രി ഫയലില്‍ എഴുതി. പ്രകാശന് വേണ്ടിമാത്രമായി ഭേദഗതി കൊണ്ടുവരുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് ഫ്രണ്ട് ഓഫീസ് മാനേജറെ കൂടാതെ മറ്റ് രണ്ട് തസ്തിക കൂടി കണ്‍ട്രോളാറാകാന്‍ പരിഗണിക്കാമെന്ന് ഭേഗഗതിവരുത്തിയത്. ശുപാര്‍ശ ഇപ്പോള്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്. ധനവകുപ്പ് കൂടി അംഗീകരിച്ചാല്‍ ഭേദഗതി മന്ത്രിസഭ അംഗീകരിച്ച് ഉത്തരവായിറങ്ങും.
ഫ്രണ്ട് ഓഫീസ് മാനേജര്‍ തസ്തിക ഗസ്റ്റഡ് പോസ്റ്റിലേക്ക് ഉയര്‍ത്തുമ്പോള്‍ കേരള ഹൗസില്‍ നിന്നും കണ്‍ട്രോളര്‍ തസ്തികയിലേക്ക് പരിഗണിക്കപ്പെടുന്നതില്‍ സീനിയോററ്റിയില്‍ ആദ്യ പേരുകാരനാകും കെ എം പ്രകാശന്‍. നോണ്‍ ഗസ്റ്റഡ് തസ്തികയായ ഫ്രണ്ട് ഓഫീസ് മാനേജറില്‍ നിന്നും ഒറ്റയടിക്ക് ഗസ്റ്റഡ് തസ്തികയിലേക്ക് എത്തുന്നതിലും തീര്‍ന്നില്ല കാര്യങ്ങള്‍. അവിടെ നിന്നും എഐഎസുകാരുടെ എന്‍ട്രികേഡറായി ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള കണ്‍ട്രോള്‍ തസ്തികയിലേക്ക് എന്‍ജിഒ യൂണിയന്‍ നേതാവിന് കയറാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.

Latest News