നജ്‌റാന്‍- ജിദ്ദ കോണ്‍സുലേറ്റ് പാസ്‌പോര്‍ട്ട് വിഭാഗം ഉദ്യോഗസ്ഥന്‍ പരസ് മീനയുടെ സന്ദര്‍ശനത്തോടെ നജ്‌റാന്‍ ജയിലിലും തര്‍ഹീലിലും കഴിയുന്ന മലയാളിയടക്കമുള്ള ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള മടക്കയാത്രക്ക് നടപടികളായി.
തര്‍ഹീലില്‍ ഉണ്ടായിരുന്ന അഞ്ച് ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി പാസ്‌പോര്‍ട്ട് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഒരാഴ്ചക്കുള്ളില്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകും.
നജ്‌റാന്‍ ജയിലില്‍ ശിക്ഷ കഴിഞ്ഞിട്ടും പാസ്പാര്‍ട്ട് ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശി സുധീപിന്റെ പാസ്‌പോര്‍ട്ടിന് നടപടികൾ സ്വീകരിച്ചു. തമിഴ്‌നാട് സ്വദേശി ജയചന്ദ്രന്റെ പാസ്‌പോര്‍ട്ട് ജയിൽ അധികൃതർക്ക് കൈമാറി. ശിക്ഷ കഴിഞ്ഞിട്ടും പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ മലയാളിയായ സുധീപ് ആറു മാസമായി ജയിലില്‍ തുടരുകയാണ്.
നജ്‌റാന്‍ സെന്‍ട്രല്‍ ജയിലില്‍ മുപ്പതോളം ഇന്ത്യക്കാര്‍ ഇനിയുമുണ്ട്. ഇവരില്‍ സ്‌പോണ്‍സര്‍ക്ക് 50,000 റിയാല്‍ നല്‍കാന്‍ വിധിച്ച മലയാളിയായ അബ്ദുറഹ്്മാന്‍ ഷാഹുല്‍ ഹമീദും വാഹനാപകട കേസില്‍ രണ്ടേകാല്‍ ലക്ഷം റിയാല്‍ വിധിച്ച ആന്ധ്ര സ്വദേശി യത്തം ജീവയും ഉള്‍പ്പെടുന്നു. ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബംഗ്ലാദേശ് സ്വദേശിയുടെ കുടുംബത്തിനാണ് യത്തം ജീവ നഷ്ടപരിഹാരത്തുക നല്‍കേണ്ടത്. സ്‌പോണ്‍സര്‍ നല്‍കിയ കേസിലാണ് അബ്ദറഹ്്മാന് 50,000 റിയാല്‍ നല്‍കണമെന്ന് വിധിച്ചത്.
രണ്ട് കേസിലും ആവശ്യമായ തുക കണ്ടെത്താനാകാതെയാണ് അബ്ദുറഹ്മാനും യത്തം ജീവയും ജയിലില്‍ കഴിയുന്നത്.
ജയിലും തര്‍ഹീലും സന്ദര്‍ശിച്ച കോണ്‍സുലേറ്റ് ജെ.എസ്.എ പരസ് മീനയെ നജ്‌റാന്‍ സിസിഡബ്ല്യു അംഗം സലീം ഉപ്പള അനുഗമിച്ചു.