Sorry, you need to enable JavaScript to visit this website.

ജാഗ്രത ആവശ്യപ്പെടുന്ന കേരളീയ സാംസ്‌കാരിക പരിസരം

എം. കുഞ്ഞാമൻ

മനുസ്മൃതി മൂല്യങ്ങളെയും സംസ്‌കാരത്തെയും മുഖാമുഖം വെല്ലുവിളിക്കുന്ന സാംസ്‌കാരിക നിലപാടുകളാണ് കാലം ആവശ്യപ്പെടുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇടക്കുവെച്ചു മുറിഞ്ഞുപോയ നവോത്ഥാന മൂല്യങ്ങൾ തിരിച്ചെടുക്കണം. അതിലൂടെ മാത്രമേ സംഘപരിവാറിനു രാഷ്ട്രീയ അധികാരം നേടിക്കൊടുക്കാവുന്ന രീതിയിൽ കേരളത്തിലും വളരുന്ന മനുസ്മൃതി മൂല്യങ്ങൾക്ക് തടയിടാനാവൂ.

 

നാലു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തു വന്നതിനെ തുടർന്ന് ഏറെ ആശ്വാസത്തിലാണ് തങ്ങളെന്നാണ് കേരളത്തിലെ വലിയൊരു വിഭാഗം മതേതര - ജനാധിപത്യവാദികളെന്നു സ്വയം വിശേഷിപ്പിക്കുന്നവർ കരുതുന്നത്. രണ്ടു കാരണങ്ങളാണ് അതിനായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഒന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ബി.ജെ.പി ഏറെക്കുറെ തൂത്തെറിയപ്പെടുന്നു എന്നത്. രണ്ടാമത് ഏറെക്കാലമായി നാം കേൾക്കുന്നതുതന്നെ. കേരളത്തിൽ നിന്ന് ബി.ജെ.പി സീറ്റൊന്നും നേടാൻ പോകുന്നില്ല എന്ന വിശ്വാസം. നിയമസഭയിലും പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബി.ജെ.പി സീറ്റുകൾ നേടിയിട്ടുണ്ടെങ്കിലും അതു ഗൗരവമായി കാണാത്ത വലിയൊരു വിഭാഗം ഇവിടെയുണ്ടെന്നതാണ് വാസ്തവം.

തെരഞ്ഞെടുപ്പിൽ വിജയിച്ച് ഗണനീയമായ സീറ്റുകൾ നേടാനുള്ള അവസ്ഥയിലേക്ക് കേരളത്തിൽ ബി.ജെ.പി എത്തിയിട്ടില്ല എന്നത് ശരിയാകാം. പക്ഷേ അതിനുള്ള കാരണം ബി.ജെ.പിക്ക് അതിനുള്ള ശക്തിയില്ലാത്തതല്ല. സംസ്ഥാനത്തെ മൂന്നാമത്തെ വലിയ പാർട്ടി അവരാണ്. അവരേക്കാൾ ചെറിയ പാർട്ടികൾക്ക് എത്രയോ സീറ്റുകൾ ലഭിക്കുന്നു. സംസ്ഥാനത്ത് ഏറെക്കാലമായി നിലനിൽക്കുന്ന, ഏറെക്കുറെ തുല്യശക്തിയായ ഇരു മുന്നണി സംവിധാനത്തിന്റെ സവിശേഷത മൂലമാണ് ബി.ജെ.പിക്ക് സീറ്റുകൾ ലഭിക്കാത്തത് എന്നത് ആർക്കുമറിയാവുന്ന യാഥാർത്ഥ്യം. അതൊക്കെ മാറിമാറിയാൻ അധിക കാലമൊന്നും വേണ്ട. 

ഇതുമായി ബന്ധപ്പെട്ട വളരെ ഗൗരവത്തോടെ കാണേണ്ടതായ  വിഷയത്തെ കുറിച്ചാണ് ഈ കുറിപ്പിൽ പറയാൻ ശ്രമിക്കുന്നത്. രാഷ്ട്രീയമായി കാര്യമായ നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെങ്കിലും അവരുന്നയിക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അനിവാര്യമായ സാംസ്‌കാരിക പരിസരം സൃഷ്ടിക്കാനായിട്ടുണ്ട്. അക്കാര്യത്തിൽ രാജ്യത്തിന്റെ പല സംസ്ഥാനത്തേക്കാളും മുന്നിലാണ് നമ്മൾ എന്നതാണ് വസ്തുത. 
എന്താണ് ബി.ജെ.പി സൃഷ്ടിക്കാൻ ശ്രമിക്കുന്ന സാംസ്‌കാരിക പരിസരം? ഉത്തരം വളരെ വ്യക്തം. മനുസ്മൃതി മൂല്യങ്ങൾ തന്നെ. സമൂഹത്തെ ജാതീയമായി വിഭജിച്ച് ഒരു ചെറിയ വിഭാഗം അധികാരവും സമ്പത്തും കൈയടക്കുകയും ഭൂരിഭാഗവും അടിമ സമാനമായി ജീവിക്കുകയും ചെയ്യുക മാത്രമല്ല, അത് മുജ്ജന്മ പ്രവൃത്തികളുടെ തുടർച്ചയാണെന്നു വിശ്വസിപ്പിക്കുക, ഇരകളെ കൊണ്ടുപോലും വേട്ടക്കാരെ അംഗീകരിപ്പിക്കുക, സ്ത്രീകളെ രണ്ടാംതരം പൗരരാക്കി മാറ്റുക തുടങ്ങിയവയൊക്കെയാണ് അവർ വിഭാവനം ചെയ്യുന്ന സാംസ്‌കാരിക പരിസരം. അതിനെല്ലാം അനുസൃതമായ സവർണ പുരുഷ ആൾരൂപമാണല്ലോ ശ്രീരാമൻ. ശ്രീരാമനെന്ന കഥാപാത്രം സ്ത്രീയോടും കീഴാളനോടും എന്താണ് ചെയ്തതെന്നതിനു രാമായണകഥ തന്നെ സാക്ഷി. 

അധികാരം കൈപ്പിടിയിലൊതുക്കാൻ ബി.ജെ.പി കണ്ടെത്തിയ പ്രതീകം രാമനായതിൽ അത്ഭുതപ്പെടാനില്ല. രാമായണം മാത്രമല്ല, ഒരിക്കലും ഇത്തരമൊരവസ്ഥ പ്രതീക്ഷിക്കാതിരുന്ന ഗാന്ധിയുടെ രാമരാജ്യ സങ്കൽപവും അവർക്ക് ഉപയോഗിക്കാനായി. അങ്ങനെയാണ് അടിയന്തരാവസ്ഥക്കു ശേഷം കിട്ടിയ അവസരം മുതലാക്കാനായി രാമൻ ഭംഗിയായി ഉപയോഗിക്കപ്പെട്ടത്. രാമായണം സീരിയലിലൂടെയായിരുന്നു തുടക്കം. പിന്നീട് ബാബ്‌രി മസ്ജിദ് - രാമജന്മഭൂമി പ്രശ്‌നമാണല്ലോ ഇന്നത്തെ അവസ്ഥയിൽ അധികാരത്തിലെത്താൻ ബിജെപിയെ സഹായിച്ച ഏറ്റവും പ്രധാന ഘടകം. അതോടൊപ്പം എല്ലാ മനുസ്മൃതി മൂല്യങ്ങളും കാലത്തിനനുസരിച്ച് ഉപയോഗിക്കാനവർ ശ്രദ്ധിച്ചു. പശുവിന്റെ പേരിലുള്ള കൊലകൾ മുതൽ പുതിയ പാർലമെന്റ് മന്ദിരം ബ്രാഹ്മണരെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചതും അവിടേക്ക് ആദിവാസിയും വിധവയുമായ രാഷ്ട്രപതിക്കു പോലും പ്രവേശനം നിഷേധിച്ചതുവരെ അതു നീളുന്നു. 


തീർച്ചയായും കേരളത്തെ കുറിച്ചു പറയുമ്പോൾ ഇതെല്ലാം എന്തിനു പറയുന്നു എന്നു ചോദിക്കാം. ലോകത്ത് മാർക്‌സിസ്റ്റ് ചിന്തകൾ അവശേഷിക്കുന്ന അപൂർവം പ്രദേശങ്ങളിൽ ഒന്ന് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന  കേരളത്തിൽ നിലനിൽക്കുന്ന സാംസ്‌കാരിക അന്തരീക്ഷം ഭീതിദമാണ് എന്നതു തന്നെയാണ്. എം. കുഞ്ഞാമന്റെ ആത്മകഥയിലൂടെ യാത്ര ചെയ്താൽ മാത്രം മതി അത് ബോധ്യമാകാൻ. ബാല്യകാലത്ത് അദ്ദേഹം നേരിട്ട പോലുള്ള അവഗണനയും അധിക്ഷേപങ്ങളും ഇന്നില്ലല്ലോ എന്നു ചോദിക്കാം. സാങ്കേതികാർത്ഥത്തിൽ അതില്ലായിരിക്കാം. എന്നാൽ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് സവർണ പുരുഷ സംസ്‌കാരം അഥവാ മനുസ്മൃതി മൂല്യങ്ങൾ എന്നതാണ് വസ്തുത. മികച്ച അധ്യാപകനും സാമ്പത്തിക വിദഗ്ധനുമായ കുഞ്ഞാമൻ എന്തുകൊണ്ട് ഒരു സർവകലാശാലയിലെ വി.സിയോ പ്ലാനിംഗ് ബോർഡ് അധ്യക്ഷനോ ആയില്ല എന്ന ചോദ്യത്തിനുള്ള ഉത്തരമെന്തായിരിക്കും? ജീവിതം മുഴുവൻ അദ്ദേഹം പോരാടുകയായിരുന്നു. അതുകൊണ്ടായിരിക്കാം ആത്മകഥക്ക് എതിര് എന്ന പേരു കൊടുക്കാൻ കാരണം. അദ്ദേഹത്തിന്റെ മരണശേഷം കേരളീയ സമൂഹം ഒരു പുനഃപരിശോധനക്കു തയാറാകണമെന്നു പല ഇടതു സാംസ്‌കാരിക നായകരും പറയുന്നുണ്ട്. ഉണ്ടെങ്കിൽ നന്ന്. ദളിത് എന്നാൽ ജാതിയാണെന്നു ധരിച്ച കാരശ്ശേരി മാഷെ പോലുള്ളവർ കുഞ്ഞാമനെ ദളിത് ചിന്തകൻ എന്നു വിശേഷിപ്പിക്കരുത് എന്നു പറയുന്നതും കേട്ടു. 

പലപ്പോഴും ചർച്ച ചെയ്ത പോലെ നവോത്ഥാന പ്രസ്ഥാനം കൊണ്ടുവന്ന മൂല്യങ്ങൾ സ്വാതന്ത്ര്യാനന്തരം ഉപേക്ഷിക്കപ്പെട്ടതാണ് മനുസ്മൃതി മൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കിനു കാരണം. അടുത്ത ജന്മം ബ്രാഹ്മണനായി ജനിക്കണമെന്നു സുരേഷ് ഗോപിക്ക് പറയാനുള്ള ധൈര്യം കൊടുത്തത് ഈ പരിസരമാണ്. അക്കാര്യത്തിൽ നാം നിരന്തരമായി അധിക്ഷേപിക്കുന്ന യു.പിയെ പോലുള്ള സംസ്ഥാനങ്ങളിൽ നിന്നു വലിയ അന്തരമൊന്നും നമുക്കില്ല. തുടക്കത്തിൽ പറഞ്ഞപോലെ ഇവിടത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രത്യേകത കൊണ്ട് അധികാരത്തിലെത്താൻ ഇപ്പോൾ ആകുന്നില്ല എന്നു മാത്രം. ഏതു നിമിഷവും അത് സംഭവിക്കാനും മതി. അതിനെ പ്രതിരോധിക്കാൻ രാമനും രാമായണത്തിനും പല വ്യാഖ്യാനങ്ങളുണ്ടെന്നും പുരോഗമന രാമനെ സ്വീകരിക്കാമെന്നുമുള്ള നിലപാട് കൊണ്ടു സാധ്യമാകില്ല. അത്തരമൊരു പ്രചാരണമാണ് പല പ്രഭാഷകരും ഇപ്പോൾ നടത്തുന്നത്. അതിൽ നിന്നു വ്യത്യസ്തമായി മനുസ്മൃതി മൂല്യങ്ങളെയും സംസ്‌കാരത്തെയും മുഖാമുഖം വെല്ലുവിളിക്കുന്ന സാംസ്‌കാരിക നിലപാടുകളാണ് കാലം ആവശ്യപ്പെടുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇടക്കുവെച്ചു മുറിഞ്ഞുപോയ നവോത്ഥാന മൂല്യങ്ങൾ തിരിച്ചെടുക്കണം. അതിലൂടെ മാത്രമേ സംഘപരിവാറിനു രാഷ്ട്രീയ അധികാരം നേടിക്കൊടുക്കാവുന്ന രീതിയിൽ കേരളത്തിലും വളരുന്ന മനുസ്മൃതി മൂല്യങ്ങൾക്ക് തടയിടാനാവൂ.

Latest News