Sorry, you need to enable JavaScript to visit this website.

ജിദ്ദ ക്ലബ്ബ് വേള്‍ഡ് കപ്പ്: 15 ലക്ഷം ടിക്കറ്റുകൾ വിറ്റു, ഇന്ത്യക്കാരും മുന്നിൽ

ജിദ്ദ - ഈ മാസം 12 മുതല്‍ 22 വരെ  ജിദ്ദയില്‍ നടക്കുന്ന ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് മത്സരങ്ങളുടെ 90 ശതമാനം ടിക്കറ്റുകളും  വിറ്റുതീര്‍ന്നതായി സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ട്രാറ്റജി കാര്യങ്ങള്‍ക്കുള്ള അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മാജിദ് അല്‍സാഹിബ് അറിയിച്ചു.
100 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 15 ലക്ഷത്തിലേറെ പേര്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ മുന്നോട്ടുവന്നു. സൗദി അറേബ്യ, ഈജിപ്ത്, ബ്രസീല്‍, ഇന്ത്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഏറ്റവുമധികം ടിക്കറ്റുകള്‍ വാങ്ങിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി, ഇത്തവണ ആതിഥേയ രാജ്യത്തിന് പുറത്തുള്ള ആറു ക്ലബ്ബുകളുടെ പരിശീലന ആസ്ഥാനങ്ങള്‍ ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കും.
കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിനും പ്രിന്‍സ് അബ്ദുല്ല അല്‍ഫൈസല്‍ സ്റ്റേഡിയത്തിനും സമീപം രണ്ടു ഫാന്‍ സോണുകളുണ്ടാകും. ഇതില്‍ ഒന്ന് 12,500 ലേറെ പേര്‍ക്കും രണ്ടാമത്തെത് 6,500 പേര്‍ക്കും വിശാലമാകും. പഴയ സംവിധാനത്തില്‍ സംഘടിപ്പിക്കുന്ന അവസാനത്തെ ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ടൂര്‍ണമെന്റില്‍ ഏഴു ക്ലബ്ബുകളാണ് പങ്കെടുക്കുന്നത്.
ആഫ്രിക്കന്‍ ചാമ്പ്യന്മാരായ ഈജിപ്തിലെ അല്‍അഹ്‌ലി ക്ലബ്ബ്, യൂറോപ്യന്‍ ചാമ്പ്യന്മാരായ ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സിറ്റി, ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ബ്രസീലിലെ ഫഌമിനസി, ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാനിലെ ഉറാവ റെഡ് ഡയമണ്ട്‌സ്, ഉത്തര, മധ്യ അമേരിക്കന്‍-കരീബിയന്‍ ചാമ്പ്യന്മാരായ മെക്‌സിക്കോയിലെ ക്ലബ്ബ് ലിയോണ്‍, ഓഷ്യാനിയ ചാമ്പ്യന്മാരായ ന്യൂസിലാന്റില്‍ നിന്നുള്ള ഓക്‌ലാന്റ് സിറ്റി എന്നീ ക്ലബ്ബുകളും ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ പ്രതിനിധീകരിച്ച് സൗദി ലീഗ് ചാമ്പ്യന്മാരായ ജിദ്ദയിലെ ഇത്തിഹാദ് ക്ലബ്ബുമാണ് ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇത്തിഹാദ് ക്ലബ്ബും ഓക്‌ലാന്റ് സിറ്റി ക്ലബ്ബും തമ്മിലാണ് പോരാട്ടം.
അടുത്ത ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ടൂര്‍ണമെന്റ് അമേരിക്കയില്‍ നടക്കും. ഇതില്‍ 32 ടീമുകള്‍ക്ക് പങ്കാളിത്തം ലഭിക്കും. നിലവില്‍ എല്ലാ വര്‍ഷവും ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നുണ്ട്. ഇനി മുതല്‍ ഓരോ നാലു വര്‍ഷത്തിലുമാണ് ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ ടിക്കറ്റുകള്‍ നേടുന്നവര്‍ക്ക് സൗദിയില്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ ഇ-വിസ അനുവദിക്കുന്നുണ്ട്. സ്‌പോര്‍ട്‌സ്, വിദേശ മന്ത്രാലയങ്ങള്‍ സഹകരിച്ചാണ് ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ടിക്കറ്റുകള്‍ നേടുന്നവര്‍ക്ക് ഇ-വിസ അനുവദിക്കുന്നത്.
ആവേശകരമായ അന്തരീക്ഷത്തില്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ ലോകത്തെങ്ങും നിന്നുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇ-ടിക്കറ്റ് അവസരമൊരുക്കുന്നു. ഇതിനു പുറമെ നേരത്തെ തന്നെ ഇ-വിസയും ഓണ്‍അറൈവല്‍ വിസയും അനുവദിക്കുന്ന രാജ്യക്കാര്‍ക്കും എളുപ്പത്തില്‍ സൗദിയില്‍ എത്തി ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ സാധിക്കും. സൗദിയില്‍ ആദ്യമായാണ് ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ജിദ്ദയിലെ രണ്ടു സ്റ്റേഡിയങ്ങളിലായാണ് മുഴുവന്‍ മത്സരങ്ങളും നടക്കുക. ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ടിക്കറ്റുകള്‍ നേടിയവര്‍ക്ക് വിദേശ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വിസാ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.

 

Latest News