Sorry, you need to enable JavaScript to visit this website.

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമടക്കം നോട്ടീസ് അയക്കാന്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക തീരുമാനം

കൊച്ചി - കരിമണല്‍ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങിയെന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും  മറ്റ് രാഷ്ടീയ നേതാക്കള്‍ക്കും നോട്ടീസ് അയക്കാന്‍ ഹൈക്കോടതിയുടെ തീരുമാനം. മുഖ്യമന്ത്രിക്കും മകള്‍ക്കും പുറമെ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കും നോട്ടീസ് അയക്കും കേസില്‍ ഇവരുടെ വാദങ്ങള്‍ കൂടി കേട്ട ശേഷം തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതിയുടെ നിലപാട്.  മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നീക്കം. വിജിലന്‍സ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് കോടതി കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും, രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്നതിന് സാക്ഷിമൊഴികള്‍ ഉള്ള സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാം എന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. കരിമണല്‍ കമ്പനിയില്‍ നിന്നും പണം കൈപ്പറ്റിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 

 

Latest News