തിരുവനന്തപുരം- യുവഡോക്ടര്‍ ആത്മഹത്യചെയ്ത കേസിലെ പ്രതി റുവൈസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആത്മഹത്യാ കുറിപ്പില്‍ നിന്നുള്ള വാക്കുകള്‍ ഉള്‍പ്പെടുത്തി പോലീസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ അഡിഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ടതാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീധനമോഹം കാരണം തന്റെ ജീവിതം നശിച്ചുവെന്ന് ഡോ. ഷഹന ആത്മഹത്യാ കുറിപ്പില്‍ എഴുതിയ വാചകങ്ങളാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തത്. 'വിവാഹ വാഗ്ധാനം നല്‍കി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. ഒന്നരക്കിലോ സ്വര്‍ണവും ഏക്കര്‍ കണക്കിന് ഭൂമിയും കൊടുക്കാനില്ല എന്നത് സത്യമാണ്', ഷഹനയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം സമ്മര്‍ദ്ദത്തിലാക്കി. ഇത് ഷഹനയെ മാനസികമായി തളര്‍ത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സ്ത്രീധനം നിരന്തരം ആവശ്യപ്പെട്ടതാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയത്. പ്രതിയുടെ പേര് ആത്മഹത്യാ കുറിപ്പിലുണ്ട്. റുവൈസിന്റെ പ്രവൃത്തി അപരിഷ്‌കൃതവും നീചവുമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശുപത്രിയിലെ ഒ.പി. ടിക്കറ്റിലാണ് ഷഹന തന്റെ അവസാനവാക്കുകള്‍ കുറിച്ചിട്ടിരുന്നതെന്നാണ് പോലീസ് കേന്ദ്രങ്ങളില്‍നിന്നുള്ളവിവരം. എല്ലാവര്‍ക്കും വേണ്ടത് പണമാണ്, അവര്‍ക്ക് എന്തിനാണ് ഇത്രയും സ്വത്ത്? പുതിയ ജനറേഷനും ഇങ്ങനെയായിപ്പോയല്ലോ, ഇവിടെ സ്‌നേഹത്തിന് യാതൊരുവിലയുമില്ല' തുടങ്ങിയ വരികളാണ് കുറിപ്പിലുണ്ടായിരുന്നതെന്നും പോലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ഫ്ളാറ്റില്‍ ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. രാത്രി സര്‍ജറി ഐ.സി.യു.വില്‍ ഡ്യൂട്ടിക്ക് വരേണ്ട ഷഹന എത്താത്തതിനാല്‍ സഹപാഠികള്‍ അന്വേഷിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിളിച്ച് മുറിതുറന്നതോടെയാണ് ഷഹനയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചാണ് ഡോക്ടര്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍