കൊല്‍ക്കത്ത -ഐ-ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ്.സി നോര്‍ത്ഈസ്റ്റ് ടീമുകളുടെ പോരാട്ടത്തില്‍ വാലറ്റക്കാരായ ട്രാവു എഫ്.സിയെ 5-1 ന് തകര്‍ത്തു. എട്ട് കളികളില്‍ ട്രാവുവിന്റെ ഏഴാം തോല്‍വിയാണ് ഇത്. ഒരു കളി സമനിലയായി. മത്സരത്തിന്റെ 86ാം മിനിറ്റില്‍ വിളക്കുമാടങ്ങള്‍ കണ്ണടച്ചതോടെ മിനിറ്റുകളോളം കളി മുടങ്ങി. പുനരാരംഭിച്ച ശേഷം ഇരു ടീമുകള്‍ക്കും ഗോളടിക്കാനായില്ല.
ഐ-ലീഗിലെ മുന്‍നിര ടീമുകളുടെ പോരാട്ടത്തില്‍ ഗോകുലം പുരുഷ ടീം വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ മുഹമ്മദന്‍സ് എസ്.സിയെ നേരിടും. മുഹമ്മദന്‍സും ഷില്ലോംഗ് ലജോംഗുമാണ് ഈ സീസണില്‍ പരാജയമറിയാത്ത ടീമുകള്‍. ശ്രീനിധി ഡെക്കാനാണ് രണ്ടാം സ്ഥാനത്ത്. റിയല്‍ കശ്മീരുമായി ശ്രീനഗറില്‍ അവര്‍ ഗോള്‍രഹിത സമനില പാലിച്ചു. റിയല്‍ കശ്മീരിന്റെ അടുത്ത മത്സരം ഗോകുലവുമായാണ്.
ഐ- ലീഗില്‍ ഏഴ് കളിയില്‍ ആറ് ജയവും ഒരു സമനിലയുമായി 19 പോയന്റ് സ്വന്തമാക്കിയ മുഹമ്മദന്‍സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്നു കളികളിലായി വിജയം അകന്നുനിന്നതോടെ ഗോകുലം ആറാം സ്ഥാനത്തേക്കു പോയി. ഏഴ് കളിയില്‍ മൂന്ന് ജയവും മൂന്ന് സമനിലയുമായി 12 പോയന്റ്.
ഇതാദ്യമായി ഹോം ആന്റ് എവേ രീതിയില്‍ നടക്കുന്ന ഇന്ത്യന്‍ വനിതാ ലീഗ് ഫുട്‌ബോളിന്റെ കിക്കോഫില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലത്തിന്റെ വനിതാ ടീം സേതു എഫ്.സിയെ നേരിടും. മാര്‍ച്ച് 24 വരെ നീളുന്ന വനിതാ ലീഗില്‍ ഏഴ് ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. ഹോപ്‌സ് എഫ്.സി, ഈസ്റ്റ്ബംഗാള്‍, ഒഡിഷ എഫ്.സി, കിക്ക്സ്റ്റാര്‍ട് എഫ്.സി, സ്‌പോര്‍ട്‌സ് ഒഡിഷ എന്നിവയാണ് മറ്റു ടീമുകള്‍. കഴിഞ്ഞ മൂന്നു തവണയും ഗോകുലമായിരുന്നു ചാമ്പ്യന്മാര്‍. ലീഗില്‍ കളിച്ച 29 മത്സരങ്ങളില്‍ ഗോകുലം ഇരുപത്തേഴെണ്ണം ജയിച്ചു. രണ്ടെണ്ണം സമനിലയായി.