Sorry, you need to enable JavaScript to visit this website.

താടി വടിക്കാത്ത ഗൾഫുകാരൻ ചെക്കന് ഉപ്പ സ്ത്രീധനം നല്‍കിയ കഥ പങ്കുവെച്ച് സബീന എം സാലി

ജിദ്ദ-സ്ത്രീധനം നിരന്തരം ആവശ്യപ്പെട്ടതാണ് ഷഹനയെന്ന ഡോക്ടറുടെ മരണത്തിനിടയാക്കിയതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, സ്വന്തം വിവാഹത്തിന് സ്ത്രീധനം നല്‍കിയതും അതിന്റെ പരിണതിയും ഫേസ് ബുക്കില്‍ പങ്കുവെച്ചിരിക്കയാണ് പ്രശസ്ത എഴുത്തുകാരി സബീന എം സാലി.
 
ഇതും ഒരു  സ്ത്രീധനക്കഥ
സ്ത്രീധനക്കൊടുക്കല്‍ വാങ്ങലുകളുടെ കോട്ടകൊത്തളങ്ങള്‍ ആലപ്പുഴ, കൊല്ലം,  തിരുവനന്തപുരം ജില്ലകളാണെന്ന് പൊതുവെ എല്ലാവര്‍ക്കുമറിയാം. എന്റെ ഉപ്പയും ഉമ്മയും കൊല്ലം ജില്ലയിലെ ശാസ്താംകോട്ടക്കാരാണ്. ഉപ്പ കൊച്ചിന്‍ പോര്‍ട്ടിലെ ജോലി ആവശ്യാര്‍ഥം എനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ കുടുംബമായിട്ട് എറണാകുളത്ത് സ്ഥിരതാമസമാക്കി. എനിക്ക് ശേഷം മൂന്ന് അനുജത്തിമാര്‍ കൂടി ഉണ്ടായി . ആണ്‍മക്കള്‍ ഇല്ല. ഞങ്ങള്‍ വളരും തോറും നാട്ടുകാര്‍ക്ക് ആധിയായി. കൊല്ലംകാരല്ലേ നാലെണ്ണത്തിനെ പറഞ്ഞുവിടാന്‍ ഇദ്ദേഹത്തിനെക്കൊണ്ടാവുമോ എന്നൊക്കെയായിരുന്നു അവരുടെ ചിന്തകള്‍.
മൂത്ത പുത്രി എന്ന നിലയില്‍ സ്വാഭാവികമായും ബന്ധുജനങ്ങളില്‍ നിന്ന് ആലോചനകള്‍ വന്നതൊക്കെ കൊല്ലത്ത് നിന്ന് തന്നെ . തുലാസില്‍ തൂക്കി സ്ത്രീധനം വാങ്ങും എന്നുറപ്പ് . അതുകൊണ്ട് തന്നെ അത്തരം ആലോചനകളൊക്കെ ബുദ്ധിപൂര്‍വ്വം ഒഴിവാക്കി . ചെക്കന്  വിലകൂടിയ വാച്ച് , സ്ത്രീധനമെന്ന ഭീമമായ തുകയ്ക്ക് പുറമേ പോക്കറ്റ് മണി (പോക്കറ്റ് പണി ) ലേറ്റസ്റ്റ് മോഡല്‍ വിലകൂടിയ കാര്‍ ഒക്കെയാവാമല്ലോ അവരുടെ ഡിമാന്റ് . അങ്ങനെയുള്ളവന്‍മാരെ നമുക്ക് വേണ്ട എന്നങ്ങ് തീരുമാനിച്ചു .
ബ്രോക്കര്‍ ആലുവക്കാരനായ മുഹമ്മദ് സാലിയുടെ ആലോചനയുമായി വരുമ്പോള്‍ ആദ്യം പറഞ്ഞത് ഒരു ഡിമാന്റും ഇല്ലാത്ത ടീമ്‌സ്  ആണെന്നാണ് . അങ്ങനെ ആലോചന പുരോഗമിച്ചു . എനിക്ക് ആകെയുണ്ടായിരുന്ന ഡിമാന്റ് പയ്യന്  നല്ല ഹൈറ്റ് ഉണ്ടാവണം എന്നോടൊപ്പം വിദ്യാഭ്യാസം വേണം താടി വളര്‍ത്തരുത് .
പയ്യന്‍ ഗള്‍ഫില്‍ ആണ് . അവിടെ ബാങ്കില്‍ ആണ് ജോലി . തരക്കേടില്ല എന്ന് തോന്നിയപ്പോള്‍ ഫോട്ടോ പരസ്പരം കൊടുത്തയച്ചു . അത് കണ്ട ഞങ്ങള്‍ പരസ്പരം ഞെട്ടി . താടിയുള്ള ഫോട്ടോ . എനിക്ക് വേണ്ട എന്ന് ഞാന്‍ കട്ടായം പറഞ്ഞു . പയ്യന്  കൊടുത്തു വിട്ടത് ഞാന്‍ തലയില്‍ തട്ടമിടാത്ത ഫോട്ടോ . ദീനും ദുനിയാവും ഇല്ലാത്ത പെണ്ണിനെ എനിക്കും വേണ്ട എന്ന് അവിടുന്നും അറിയിപ്പ് വന്നു .
പക്ഷെ സംഗതി അതല്ല രസം . കല്യാണാലോചനയുമായി ബന്ധപ്പെട്ട് ഒരിക്കല്‍ വീട്ടില്‍ വന്ന പയ്യന്റെ വാപ്പ എന്റെ വാപ്പയുമായി പെട്ടെന്ന് ചങ്ങാത്തത്തിലായി . ആലുവയില്‍ നിന്ന് എറണാകുളത്ത് വരുമ്പോഴൊക്കെ അദ്ദേഹം വീട്ടില്‍ വരിക പതിവായി . പെണ്ണും ചെക്കനും കല്യാണം വേണ്ട എന്ന് പറഞ്ഞ സ്ഥിതിക്ക് അവര്‍ അടുത്ത പദ്ധതി ആലോചിച്ചു . കല്യാണത്തിന്  അവന്‍ താടി വടിയ്ക്കും ആ വാപ്പ എനിക്ക് വാക്ക് തന്നു . കല്യാണം കഴിഞ്ഞാല്‍ മകള്‍ തലയില്‍ തട്ടമിടും എന്റെ വാപ്പ അങ്ങോട്ടും. ചെക്കനെ ഭീഷണിപ്പെടുത്താനും ഇന്ന ഇന്ന ഡിമാന്റ്‌സ് ഉണ്ടെന്ന് അറിയിക്കാനും അന്ന് വാട്‌സാപ്പ് ഇല്ല ല്ലോ .അങ്ങനെ വാപ്പാമാരുടെ വാക്കില്‍ വിശ്വസിച്ചു ഒടുവില്‍ കല്യാണം നടന്നു എന്ന് വേണം പറയാന്‍ .


കല്യാണ ദിവസം താടി  വടിക്കാതെ വന്ന ചെക്കനെ കണ്ട് പുതിയ പെണ്ണ് വീണ്ടും ഞെട്ടി . തിരക്കിനിടയില്‍ സമയം കിട്ടിയില്ല മോളെ അവന്‍ വടിച്ചോളും . ആ വാപ്പ ന്യായീകരിച്ചു . താടിയൊക്കെ വടിച്ച്  അവന്‍ നിക്കാഹിന് വരണം എന്നായിരുന്നു എന്റെയും ആഗ്രഹം എന്നിട്ട് കണ്ടില്ലേ ഒരു സാധാ പാന്റ്‌സും ഷര്‍ട്ടും ഇട്ടോണ്ട് താടീം വച്ച് .   ആ പിതാവും ദുഃഖം മറച്ചുവച്ചില്ല .
മരുമോന്‍ കോട്ടും സ്യൂട്ടുമിട്ട് വരണം എന്നായിരുന്നു എന്റെ ഉപ്പയുടെ ആഗ്രഹം . ഡ്രസ്സ് ഉപ്പ എടുത്തുകൊടുക്കും എന്നറിയിച്ചിട്ടും ചെക്കന്‍  അത് അംഗീകരിക്കാന്‍ തയ്യാറായില്ല പക്ഷെ അന്ന് തൊട്ട് ഇന്നുവരെ കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും മൂപ്പര്‍ക്ക് സമയം കിട്ടിയിട്ടില്ല താടി വടിക്കാന്‍ . താടി വിശ്വാസത്തിന്റെ ഭാഗമാണത്രെ .
ഓഹ് പറഞ്ഞു വന്നത് സ്ത്രീധനം ആണല്ലോ . കുടുംബത്തിലെ ആദ്യ കല്യാണം അല്ലെ . കല്യാണ നിശ്ചയത്തിന്റെയന്ന് കാര്‍ന്നോന്മാരെല്ലാം ചേര്‍ന്ന് ഒരു വാച്ചും ഒരു നിശ്ചിത തുക ഒരു കുഞ്ഞു ബാഗിലാക്കി അതും കൊണ്ട് ചെക്കന്റെ വീട്ടില്‍ ചെന്നു . അവിടെ ചെന്നപ്പോഴാണറിയുന്നത് ചെക്കന്‍  വാച്ച് കെട്ടില്ല . എന്നാപ്പിന്നെ ബാഗും പണവും പിടിപ്പിക്കാമെന്ന് കരുതിയപ്പോള്‍ അതിനും ഒരുക്കമല്ല . ഒടുവില്‍ എങ്ങനെയോ അവിടുത്തെ വാപ്പായെ ബാഗ് ഏല്‍പ്പിച്ച് കാര്‍ന്നോന്മാര്‍ മടങ്ങി . കൊല്ലത്ത് നിന്ന് വന്ന കാര്‍ന്നോന്മാരാണെന്നോര്‍ക്കണം . ശ്ശെടാ  ഇങ്ങനെയും പയ്യന്മാരോ എന്ന് അവര്‍ മൂക്കത്ത് വിരല്‍ വച്ചിട്ടുണ്ടാവണം.
ഒരു കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഉപ്പാനെക്കൊണ്ട് കഴിയും പോലെ ആരും കുറ്റം പറയാത്ത വിധം മകള്‍ക്ക് അത്യാവശ്യം ആഭരണങ്ങളൊക്കെ ഇട്ടു തന്നെയാണ്  കല്യാണപ്പന്തലിലേക്ക് കൈ പിടിച്ചത് . കല്യാണ വേദിയില്‍ അമ്മായിയമ്മ മരുമോന് മോതിരം ഇടുന്ന ഒരു ചടങ്ങുണ്ട് . സബീന എന്ന് പേരൊക്കെ എഴുതിയ ഒരു പവന്റെ  മോതിരം ഉമ്മ കരുതിയിരുന്നു. വിരലില്‍ ഇട്ടുകൊടുക്കാന്‍ ഒരുങ്ങിയപ്പോള്‍  മൂപ്പര്  അത് വാങ്ങി എനിക്ക് തന്നു . എന്റെ ഉമ്മ ആള്‍ക്കൂട്ടത്തില്‍ നാണിച്ചു .ഇന്നെവരെ അത് വിരലില്‍ ഇട്ടിട്ടും ഇല്ല .
തലേന്ന്  മൈലാഞ്ചിക്കല്യാണം ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ മെഹന്ദി ഹല്‍ദി മധുരം എന്നിങ്ങനെ കല്യാണം മാമാങ്കമായി കൊണ്ടാടുകയാണല്ലോ .
പറഞ്ഞു വരുന്നത് , എന്റെ ഉപ്പ കൊടുത്ത ആ തുകയുടെ   ഒരു ഭാഗമാണ്  കല്യാണം കഴിഞ്ഞ ഉടനെ ഫാര്‍മസി കോഴ്‌സിന് ചേര്‍ന്ന എനിക്ക് ഫീസടക്കാന്‍ ഉപയോഗിച്ചത് . മാത്രമല്ല ആ തുക വാങ്ങിയതിനെച്ചൊല്ലി  മൂപ്പര്‍ എപ്പോഴും മനോസംഘര്‍ഷം അനുഭവിച്ചിരുന്നു. ഒടുവില്‍ ഒരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ ആ തുക എന്റെ ഉപ്പാക്ക് തിരികെ കൊണ്ട് കൊടുത്തു. ഉപ്പ പലവട്ടം പറഞ്ഞു . ഞാനത് തിരികെ വാങ്ങില്ല ..എന്റെ മകള്‍ക്ക് ഞാന്‍ കൊടുത്ത സമ്മാനമാണത്. അതെന്തോ എനിക്കറിയില്ല . എന്റെ ബാധ്യതയില്‍ നിന്ന് ഞാനൊഴിവാകുന്നു എന്ന് പറഞ്ഞ് നിര്‍ബന്ധപൂര്‍വ്വം അദ്ദേഹത്തെ അതേല്‍പ്പിച്ചു.
ഉപ്പാക്ക് വിഷമം ആയെങ്കിലും അദ്ദേഹം പിറ്റേ ദിവസം എന്നെയും  കൂട്ടി ബാങ്കില്‍ പോയി അത് എന്റെ പേരില്‍ തന്നെ ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്തു. നോക്കണേ ഒരു സ്ത്രീധനത്തുകയുടെ ക്രയവിക്രയങ്ങള്‍. ഇങ്ങനെയും മനുഷ്യര്‍ സ്ത്രീധനമെന്ന ആചാരത്തെ സമീപിക്കുന്നുണ്ട് എന്നുകൂടി പറയാന്‍ വേണ്ടിയാണ് ഈ കുറിപ്പ് . രണ്ടു കുടുംബങ്ങള്‍ ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പൊങ്ങച്ചപ്രകടനങ്ങളല്ല മറിച്ച് സ്‌നേഹവും പരസ്പരവിശ്വാസവുമാണ്  മുറുകെപ്പിടിക്കേണ്ടത് .
ഇസ്ലാമില്‍ സ്ത്രീധനം ഹറാമാണ്. എന്നിട്ടും ഈ സമുദായത്തിലാണ് ഏറ്റവുമധികം സ്ത്രീധനക്കച്ചവടങ്ങള്‍ നടക്കുന്നത്. സ്ത്രീയാണ് പുരുഷന്റെ ഏറ്റവും വലിയ ധനമെന്നും മഹര്‍ എന്ന ഒരു നിശ്ചിത തുകയോ സ്വര്‍ണ്ണമോ മറ്റേതെങ്കിലും സ്വത്തോ അവള്‍ക്ക് അങ്ങോട്ട് നല്‍കി വേണം പുരുഷന്‍ ഒരു സ്ത്രീയെ തന്റെ പങ്കാളിയെ ജീവിതത്തിലേക്ക് സ്വീകരിക്കേണ്ടത് എന്ന പാഠങ്ങളെ കാറ്റില്‍ പറത്തുന്ന  ഇന്നത്തെ ആണ്‍കുട്ടികളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു.
പരസ്പരം മനസ്സിലാക്കുക സ്‌നേഹിക്കുക , പങ്കാളികള്‍ തുല്യരാണ് ,ഒരുപോലെ ദാമ്പത്യത്തിന്റെ തൂണുകളാണ് എന്ന് മനസ്സിലാക്കുന്നിടത്താണ് ജീവിതവിജയം . അത്തരം മൂല്യങ്ങള്‍ നമ്മുടെ മക്കളിലേക്ക് കൂടി പകര്‍ന്ന് കൊടുക്കുമ്പോള്‍ അന്യന്റെ മൊതല് കണ്ട് പനിക്കുന്നവരാകില്ല ഒരിക്കലും നമ്മുടെ ആണ്‍മക്കള്‍.
 

 

 

 

Tags

Latest News