അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പിയും അജയ്യ ശക്തികളായി ഉയർന്നുനിൽക്കുന്ന കാഴ്ചയാണ്. കോൺഗ്രസും പ്രതിപക്ഷമുന്നണിയായ ഇന്ത്യ സഖ്യവും കടുത്ത നിരാശയിലും ശൈഥില്യത്തിലും. അശ്വമേധം ജയിച്ച രാജാവിന്റെ ശരീര ഭാഷയായിരുന്നു കഴിഞ്ഞ ദിവസം പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലേക്ക് എത്തിയ മോഡിക്ക്. ഇന്ത്യ മുന്നണിയിലാകട്ടെ കുത്തുവാക്കുകളും പ്രതിഷേധങ്ങളും ബഹിഷ്‌കരണവും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് വിളിച്ച മുന്നണി യോഗം മമത ബാനർജി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളുടെ നിസ്സഹകരണത്തെ തുടർന്ന് ഈ മാസം അവസാനത്തേക്ക് നീട്ടി. ജമ്മു കശ്മീർ മുഖ്യമന്തിയായിരുന്ന ഉമർ അബ്ദുല്ല പറയുന്നത് താൻ ഇനി ഇന്ത്യ സഖ്യത്തിലേക്കില്ലെന്നാണ്.
തോൽവി കോൺഗ്രസിന് ഏൽപിച്ച പ്രഹരം ചെറുതല്ല. അഞ്ച് സംസ്ഥാനങ്ങളിലും ജയിക്കും, ഭരിക്കുമെന്നൊക്കെ പറഞ്ഞ് ആത്മവിശ്വാസം കൊണ്ടിരുന്ന നേതാക്കൾക്ക് ആകെ ആശ്വാസം തെലങ്കാനയിലെ വിജയം മാത്രം. ഉറച്ച വിജയ പ്രതീക്ഷ ഉണ്ടായിരുന്ന മധ്യപ്രദേശിലും ഛത്തീസഗഢിലും എങ്ങനെ തോറ്റുവെന്ന് വിശദീകരിക്കാൻ പോലും കോൺഗ്രസ് നേതാക്കൾക്കാവുന്നില്ല. രാജസ്ഥാനിൽ അശോക് ഗെലോട്ടും സചിൻ പൈലറ്റും തമ്മിലെ പോരാണ് കാരണമെന്ന് പറയുന്നുണ്ടെങ്കിലും അതിൽ അത്രത്തോളം വാസ്തവമുണ്ടെന്ന് തോന്നുന്നില്ല. കാരണം കോൺഗ്രസിനേക്കാൾ തമ്മിലടിയായിരുന്നു ബി.ജെ.പിയിൽ. തെരഞ്ഞെടുപ്പ് ജയിച്ച ശേഷവും മുഖ്യമന്ത്രി പദത്തിനായി അവിടെ കലഹം തുടരുകയാണ്. മിസോറമിൽ സെഡ്.പി.എം വിജയിക്കുകയോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയോ ചെയ്യുമെന്ന് പ്രചാരണ വേളയിൽ തന്നെ വ്യക്തമായിരുന്നു. അവിടെ കഴിഞ്ഞ തവണ കോൺഗ്രസിന് കിട്ടിയ അഞ്ച് സീറ്റ് ഇപ്പോൾ ഒന്നായി ചുരുങ്ങി.
തികച്ചും അനുകൂല സാഹചര്യത്തിൽ നിന്നാണ് കോൺഗ്രസ് ദയനീയ പരാജയത്തിലേക്ക് പതിച്ചതെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പ്രത്യേകിച്ചും മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ. മധ്യപ്രദേശിൽ ബി.ജെ.പി സർക്കാരിനെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം പ്രകടമായിരുന്നു. പക്ഷേ ഫലം വന്നപ്പോൾ, അഞ്ച് സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് ഏറ്റവും വലിയ വിജയം കിട്ടിയത് മധ്യപ്രദേശിലാണ്. ശിവരാജ് സിംഗ് ചൗഹാൻ അഞ്ചാം തവണയും മുഖ്യമന്ത്രിയാവാൻ പോകുന്നു.
ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷം നടപ്പാക്കിയ വിവിധ ക്ഷേമപദ്ധതികളും മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മികച്ച പ്രതിഛായയും വിജയം കൊണ്ടുവരുമെന്നാണ് വ്യാപകമായി കരുതപ്പെട്ടിരുന്നത്. എന്തിന്, ബി.ജെ.പി അനുകൂല മാധ്യമങ്ങൾ നടത്തിയ എക്‌സിറ്റ് പോളുകളിൽ പോലും അത്തരമൊരു സൂചനയായിരുന്നു. എല്ലാത്തിനെയും അടിമുടി മാറ്റിമറിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
കൂട്ടത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ടായിരുന്നത് രാജസ്ഥാനാണ്. എന്നാൽ മറ്റു രണ്ട് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോൺഗ്രസ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതും രാജസ്ഥാനിലാണ്. ഓരോ അഞ്ച് വർഷവും ഭരണം മാറിവരുന്ന പതിവ് ഇക്കുറിയും ആവർത്തിച്ചുവെന്ന് മാത്രം.
കോൺഗ്രസിന്റെ കനത്ത തോൽവിയുടെ കാരണങ്ങൾ പലരും നിരത്തുന്നുണ്ട്, പ്രത്യേകിച്ച് ഇന്ത്യ മുന്നണി ഘടക കക്ഷി നേതാക്കളിൽനിന്നും. അടിസ്ഥാന യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് ഉമർ അബ്ദുല്ല മുന്നണിയോടു തന്നെ സലാം പറയുന്നത്. അശോക് ഗെലോട്ട്, കമൽനാഥ്, ഭൂപേഷ് ബാഗേൽ എന്നീ കോൺഗ്രസ് നേതാക്കളുടെ അഹന്തയും ഇടുങ്ങിയ സമീപനവും മുതൽ വോട്ടിംഗ് മെഷീനിലെ കൃത്രിമം വരെ പലരും തോൽവിക്ക് കാരണമായി പറയുന്നു. മധ്യപ്രദേശിൽ കോൺഗ്രസ് മൃദുഹിന്ദുത്വം സ്വീകരിച്ചതാണ് തോൽവിക്ക് കാരണമെന്ന് കേരളത്തിലെ സി.പി.എം നേതാക്കളും അവരോട് കൂറു പുലർത്തുന്ന ചില മുസ്‌ലിം സംഘടനകളും കുറ്റപ്പെടുത്തുന്നു. ജാതി സംവരണ കാർഡ് തിരിച്ചടിച്ചതാണെന്ന് പറയുന്നവരുമുണ്ട്. താഴെ തട്ടിൽ പാർട്ടി സംവിധാനം ദുർബലമായതാണ് കോൺഗ്രസിന്റെ തോൽവിക്ക് കാരണമായതെന്ന് ചില കോൺഗ്രസ് നേതാക്കൾ പരിതപിക്കുന്നു. എസ്.പി, ബി.എസ്.പി, സി.പി.എം, സി.പി.ഐ പോലുള്ള കക്ഷികളെ ഒപ്പം കൂട്ടി മുന്നണിയായി മത്സരിച്ചിരുന്നെങ്കിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസിന് നേടാമായിരുന്നുവെന്ന് ചിലർ നിരീക്ഷിക്കുന്നു. ഈ പറയുന്നതിലെല്ലാം കുറച്ചു കാര്യമുണ്ട്. എന്നാൽ പൂർണമായും ശരിയല്ലതാനും. ഈ പറയപ്പെടുന്ന മിക്കവാറും എല്ലാം കുറ്റങ്ങളും കുറവുകളും പേറിയാണ് 2018 ൽ കോൺഗ്രസ് ഈ മൂന്ന് സംസ്ഥാനങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പുകളിൽ ജയിച്ചത്. അപ്പോഴത്തേതിനേക്കാൾ മെച്ചപ്പെട്ട സാഹചര്യങ്ങൾ ഉണ്ടായിട്ടും കൂടുതൽ കഠിനമായി പരിശ്രമിച്ചിട്ടും ഇത്തവണ പക്ഷേ തോറ്റുപോയി. അപ്പോൾ പോലും മൂന്ന് സംസ്ഥാനങ്ങളിലും 40 ശതമാനത്തിൽ കുറയാത്ത വോട്ട് വിഹിതം നേടാനും കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പിലായാലും ക്രിക്കറ്റ് കളിയിലായാലും മത്സരത്തിൽ ജയിക്കണമെങ്കിൽ എതിരാളിയുടെ ശക്തിയും ദൗർബല്യവും ശരിക്കും മനസ്സിലാക്കി കരുനീക്കണം. കോൺഗ്രസിന്റെ ശക്തിയും ദൗർബല്യവും കൃത്യമായി മനസ്സിലാക്കി മറുതന്ത്രങ്ങളൊരുക്കുന്നതിൽ ബി.ജെ.പി വിജയിച്ചു എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. കോൺഗ്രസും അത്തരത്തിൽ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. എങ്കിലും ജനങ്ങൾ പൂർണമായം കോൺഗ്രസിനെ കൈവിട്ടിട്ടുമില്ല.
ബി.ജെ.പിയുടെ പ്രധാന ശക്തികൾ ഈ മൂന്ന് കാര്യങ്ങളാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ പ്രത്യയശാസ്ത്രം, താഴെ തട്ടിൽ സദാ കർമനിരതരായ ആർ.എസ്.എസ് കാഡർമാർ. എല്ലാത്തിനുമുപരി നരേന്ദ്ര മോഡിയെന്ന കരുത്തനായ നേതാവിന്റെ വ്യക്തിപ്രഭാവം. ഇതിനു പുറമെ രാജ്യത്തെ കോർപറേറ്റുകളെ മുഴുവൻ വരുതിയിലാക്കിയ ബി.ജെ.പിക്ക് ഏത് തെരഞ്ഞെടുപ്പിലും എത്ര വേണമെങ്കിലും പണമൊഴുക്കാനാവും. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനും കഴിയും. ദേശീയ മാധ്യമങ്ങളെന്ന് പറയുന്ന ചാനലുകളും പത്രങ്ങളും മോഡിയുടെ സ്തുതിപാഠകരായിക്കഴിഞ്ഞു. പോരാത്തതിന് തെരഞ്ഞെടുപ്പ് കമ്മീഷനും ഇ.ഡിയുമടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളെയുമെല്ലാം പരമാവധി ദുരുപയോഗം ചെയ്യുന്നുണ്ട് ബി.ജെ.പി സർക്കാർ.
ഇത്ര കരുത്തുറ്റ, സുസംഘടിതവും നിർദയവുമായ ഒരു പ്രസ്ഥാനത്തെയാണ് നേരിടുന്നതെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് കോൺഗ്രസും തന്ത്രങ്ങൾ സ്വീകരിച്ചത്. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ കേവലം മതേതരത്വം പറഞ്ഞുകൊണ്ടു മാത്രം നേരിടാൻ കഴിയില്ലെന്ന് മനസ്സിലാക്കി ജാതി സെൻസസ് എന്ന തുറുപ്പുചീട്ട് കോൺഗ്രസ് ഇറക്കി. തൽക്കാലം ഒരു തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ആ ഒരു ആശയം അപ്രസക്തമാകുന്നില്ല. വരുന്ന പൊതുതെരഞ്ഞെടുപ്പിൽ അതിന് തീർച്ചയായും പ്രചാരണ സാധ്യതയുണ്ട്.
മറ്റൊന്ന് ജനക്ഷേമ പദ്ധതികളാണ്. കർണാടകയിൽ വിജയകരമായി നടപ്പാക്കിയതു പോലെ സാധാരണക്കാർക്കും സ്ത്രീകൾക്കും വിദ്യാർഥികൾക്കുമെല്ലാം വൻതോതിൽ ആനുകൂല്യങ്ങൾ കോൺഗ്രസ് പ്രഖ്യാപിച്ചു. തുടക്കത്തിൽ അവ കോൺഗ്രസിന് മുൻതൂക്കം നൽകുകയും ചെയ്തു. അപകടം മനസ്സിലാക്കി, അതിലും വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ ബി.ജെ.പി മുന്നോട്ടു വന്നു. മധ്യപ്രദേശിൽ ഒരു കോടിയിലേറെ കുടുംബിനികളുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം എത്തിക്കുന്ന പദ്ധതി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടപ്പാക്കിയ ബി.ജെ.പിക്ക് അതിന്റെ ഗുണവും കിട്ടി.
രാഷ്ട്രീയത്തിൽ രണ്ടും രണ്ടും ചേർന്നാൽ നാല് ആവില്ലെന്ന് പറയാറുണ്ട്. ചിലപ്പോളത് മൂന്നാവാം, അഞ്ചാവാം. മൂന്ന് സംസ്ഥാനങ്ങളിലും 40 ശതമാനത്തിലധികം വോട്ട് നേടാൻ കഴിഞ്ഞ കോൺഗ്രസിന്, എസ്.പി, ബി.എസ്.പി, സി.പി.എം, സി.പി.ഐ, ആദിവാസി പാർട്ടികൾ പോലെ കുറച്ചു കക്ഷികളെയെങ്കിലും ഒപ്പം കൂട്ടാൻ കഴിഞ്ഞിരുന്നെങ്കിൽ നിരവധി സീറ്റുകൾ അധിമായി നേടാൻ കഴിഞ്ഞേനേ. ചിലപ്പോൾ രണ്ട് സംസ്ഥാനങ്ങളിലെങ്കിലും ഭരണം പിടിക്കാനും. ഇത് കോൺഗ്രസ് ഹൈക്കമാൻഡും പ്രാദേശിക നേതാക്കളും മനസ്സിലാക്കണം.
മൂന്ന് സംസ്ഥാനങ്ങളിലെ കനത്ത തോൽവി കോൺഗ്രസിനെ നിരാശപ്പെടുത്തുന്നതാണെങ്കിലും എല്ലാ പ്രതീക്ഷകളും അറ്റുവെന്ന് പറയേണ്ട കാര്യമില്ല. ഇപ്പോഴും ബി.ജെ.പിക്കെതിരെ നിലപാടെടുക്കുന്ന, പ്രതികരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ ബി.ജെ.പിക്ക് ഏറ്റവും സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ തന്നെയുണ്ട്. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് വരുന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇന്ത്യ മുന്നണിയും ചെയ്യേണ്ടത്. അല്ലാതെ പരസ്പരം കുറ്റപ്പെടുത്തുകയും താൻപോരിമ കാണിക്കുകയുമല്ല.