Sorry, you need to enable JavaScript to visit this website.

സർവീസ് ആനുകൂല്യം ആർക്കെല്ലാം, എങ്ങനെ?

അർഹമായ ആനുകൂല്യം ചോദിക്കുന്നതിനും അതു പിടിച്ചു വാങ്ങുന്നതിനും ഒരു വിമുഖതയും കാണിക്കേണ്ടതില്ല. അതിനായുള്ള നിയമ പരിരക്ഷ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഓരോ തൊഴിലാളിക്കും നൽകുന്നുണ്ട്. ഏതു സ്ഥാപനത്തിൽ ജോലി ചെയ്താലും രണ്ടു വർഷം നിങ്ങൾ സർവീസ് പൂർത്തിയാക്കിയിട്ടുണ്ടോ, എങ്കിൽ സർവീസ് ആനുകൂല്യത്തിന് അർഹനാണ്. കുറഞ്ഞത് രണ്ടുവർഷം പൂർത്തിയാക്കാതെയാണ് ജോലി രാജിവെക്കുന്നതെങ്കിൽ നിയമപരമായി സർവീസ് ആനുകൂല്യം ലഭിക്കില്ല. 


സർവീസ് ആനുകൂല്യം കിട്ടുമോ ഇല്ലയോ എന്ന വേവലാതി അലട്ടാത്തവർ ചുരുക്കമാണ്. വിദേശത്ത്, പ്രത്യേകിച്ച് സ്വകാര്യ മേഖലയിൽ പണിയെടുക്കുന്നവരെ ബേജാറിലാക്കുന്ന ഒരു വിഷയമാണിത്. വർഷങ്ങളോളം പണിയെടുത്തിട്ടും ഒന്നും നീക്കിയിരിപ്പില്ലാത്തവരുടെ സ്വപ്‌നമാണ് സർവീസ് ആനുകൂല്യം. അതിന്റെ മനക്കോട്ടയിലാണ് പലരും ജീവിക്കുന്നതു തന്നെ. കാരണം ശിഷ്ടകാല ജീവിതത്തിൽ തെല്ലെങ്കിലും ആശ്വാസമേകുന്നതാണ് സർവീസ് ആനുകൂല്യം. അതു നൽകാതെ കബളിപ്പിക്കലിനിരയായി നിരാശയോടെയും അതീവ ദുഃഖത്തടെയും പണിയെടുത്തിരുന്ന രാജ്യം വിട്ടു പോകേണ്ടി വന്നവരുണ്ട്. പേരുകേട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്കു പോലും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. കോവിഡ് കാലത്തെ മറയാക്കി ചില സ്ഥാപനങ്ങൾ സർവീസ് ആനുകൂല്യം വെട്ടിക്കുറച്ചും നൽകാതെയും ദീർഘകാലം പണിയെടുത്തവരെ പോലും നാടുകടത്തിയ കഥകളുണ്ട്. അതിൽ ചിലരെല്ലാം നിയമ പോരാട്ടത്തിലും നയതന്ത്രാലയങ്ങളുടെ സഹായത്തിനായുള്ള കാത്തിരിപ്പിലുമാണ്. കോവിഡിനു ശേഷവും സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന പല കമ്പനികളും ജീവനക്കാരുടെ സർവീസ് ആനുകൂല്യം നൽകാതെ തടിതപ്പാൻ നോക്കുന്നുണ്ട്. ചില സ്ഥാപനങ്ങളാകട്ടെ, സർവീസ് അവസാനിപ്പിച്ചവരെ നാട്ടിലേക്കു പോകാൻ പോലും അനുവദിക്കാതെ മാസങ്ങളുടെ കാത്തിരിപ്പിനിടയാക്കി പീഡിപ്പിക്കുന്നുമുണ്ട്. ഇത്തരക്കാരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്. കാരണം ജോലി ഇല്ലാതെ ഇതിനു വേണ്ടിമാത്രമായുള്ള കാത്തിരിപ്പ് സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്നതും വിഷമിപ്പിക്കുന്നതുമാണ്. ഇങ്ങനെ സർവീസ് ആനുകൂല്യം ലഭിക്കാതിരിക്കുന്നതിനെക്കുറിച്ചുള്ള പരാതി വർധിക്കാനിടയായതോടെയാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രശ്‌നത്തിൽ ഇടപെട്ടിട്ടുള്ളത്.  സ്വകാര്യ മേഖല ജീവനക്കാരുടെ സർവീസ് ആനുകൂല്യം ഒരാഴ്ചക്കകം വിതരണം ചെയ്യണമെന്ന നിർദേശമാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥാപനങ്ങൾക്കു നൽകിയിട്ടുള്ളത്. കാലയളവ് പ്രത്യേകം നിർണയിച്ച തൊഴിൽ കരാറാണെങ്കിലും അല്ലെങ്കിലും ജീവനക്കാർക്ക് അർഹതപ്പെട്ട സർവീസ് ആനുകൂല്യങ്ങൾ നൽകേണ്ടത് നിർബന്ധമാണെന്ന നിർദേശമാണ് മന്ത്രാലയം നൽകിയിട്ടുള്ളത്. അതിനു തയാറാവത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ജോലി അവസാനിപ്പിച്ചിട്ടും ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിലും സർവീസ് ആനുകൂല്യം കിട്ടാത്തവർ തങ്ങളുടെ പരാതികൾ ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ചാൽ അതിന്മേൽ നടപടിയുണ്ടാവും. പരാതിപ്പെട്ടാൽ കിട്ടാനുള്ളത് കിട്ടാതാകുമോ എന്ന ആശങ്കയും വേണ്ട. അതിനുള്ള നിയമ പരിരക്ഷ മന്ത്രാലയം നൽകുന്നുണ്ട്. 

ആരെല്ലാം ഇതിനു അർഹരാണ്, അതു കണക്കാക്കുന്നത് ഏതു വിധമാണ് തുടങ്ങിയ സംശയങ്ങൾ ഏറെയാണ്. അതിനും മന്ത്രാലയം പരിഹാരമുണ്ടാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ആനുകൂല്യം കണക്കാക്കാനുള്ള വഴിയും അതു ലഭ്യമാക്കാനുള്ള പോംവഴികളുമെല്ലാം വിശദീകരിക്കുന്നുണ്ട്. തൊഴിലുടമയാണ് കരാർ അവസാനിപ്പിക്കുന്നതെങ്കിൽ തൊഴിലാളിക്ക് ഒരാഴ്ചക്കകം സർവീസ് ആനുകൂല്യം നൽകിയിരിക്കണമെന്നാണ് വ്യവസ്ഥ. ഇനി തൊഴിലാളിയാണ് സർവീസ് അവസാനിപ്പിക്കുന്നതെങ്കിലും രണ്ടാഴ്ചക്കകം ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകണമെന്നാണ് നിബന്ധന. ഇതിൽ വീഴ്ച വരുത്തിയാൽ അതിനു സമാധാനം പറയേണ്ട ഉത്തരവാദിത്തം സ്ഥാപനങ്ങൾക്കുണ്ട്. ഇതേക്കുറിച്ചുള്ള അവബോധം ഓരോ തൊഴിലാളിക്കും ഉണ്ടാവേണ്ടത് അനിവാര്യമാണ.് എങ്കിൽ മാത്രമേ കബളിപ്പിക്കലിന് ഇരയാവാതിരിക്കൂ. അർഹമായ ആനുകൂല്യം ചോദിക്കുന്നതിനും അതു പിടിച്ചു വാങ്ങുന്നതിനും ഒരു വിമുഖതയും കാണിക്കേണ്ടതില്ല. അതിനായുള്ള നിയമ പരിരക്ഷ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഓരോ തൊഴിലാളിക്കും നൽകുന്നുണ്ട്. ഏതു സ്ഥാപനത്തിൽ ജോലി ചെയ്താലും രണ്ടു വർഷം നിങ്ങൾ സർവീസ് പൂർത്തിയാക്കിയിട്ടുണ്ടോ, എങ്കിൽ സർവീസ് ആനുകൂല്യത്തിന് അർഹനാണ്. കുറഞ്ഞത് രണ്ടുവർഷം പൂർത്തിയാക്കാതെയാണ് ജോലി രാജിവെക്കുന്നതെങ്കിൽ നിയമപരമായി സർവീസ് ആനുകൂല്യം ലഭിക്കില്ല. കൂടാതെ പ്രൊബേഷൻ കാലത്ത് പിരിച്ചുവിടലിന് ഇരയാവുകയോ, മതിയായ കാരണമില്ലാതെ തുടർച്ചയായി പതിനഞ്ചു ദിവസം ജോലിക്ക് ഹാജരാവാതിരിക്കുകയോ,  നിയമാനുസൃതമായി അനുവദിക്കപ്പെട്ടതിലും കൂടുതലായി മതിയായ കാരണങ്ങളില്ലാതെ ഒരു വർഷത്തിനിടെ പല തവണയായി 30 ദിവസം ജോലിയിൽനിന്ന് വിട്ടുനിൽക്കുകയോ ചെയ്താൽ നിങ്ങൾ സർവീസ് ആനുകൂല്യത്തിന് അർഹനായിരിക്കില്ല. ഇത്തരം നിയമ ലംഘനങ്ങൾ ഇല്ലാതെ കുറഞ്ഞത് രണ്ടു വർഷമെങ്കിലും ജോലി ചെയ്തിട്ടുണ്ടെങ്കിൽ സർവീസ് ആനുകൂല്യത്തിന് നിങ്ങൾ അർഹരാണ്. 

തൊഴിലുടമ ജോലിയിൽനിന്നു പിരിച്ചു ിടുകയല്ല, സ്വയം ജോലി ഉപേക്ഷക്ഷിച്ചാലും സർവീസ് ആനുകൂല്യം നിഷേധിക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ. സ്വകാര്യ മേഖല ജീവനക്കാർ രണ്ടു വർഷത്തെ സർവീസ് പൂർത്തിയാക്കിയ ശേഷമാണ് രാജിവെക്കുന്നതെങ്കിൽ അവർക്ക് അവസാനം കൈപ്പറ്റിയ അടിസ്ഥാന ശമ്പളത്തിന്റെ മൂന്നിലൊന്ന് സർവീസ് ആനുകൂല്യത്തിന് അർഹതയുണ്ട്. അഞ്ചു വർഷത്തെ സർവീസുള്ളവരാണെങ്കിൽ മൂന്നിൽ രണ്ട് സർവീസ് ആനുകൂല്യത്തിന് അവകാശമുണ്ട്. അഞ്ചും അതിൽ കൂടുതലും സർവീസുള്ളവരാണെങ്കിൽ രാജിവെക്കുകയാണെങ്കിൽ പോലും അവർക്ക് പൂർണ തോതിലുള്ള സർവീസ് ആനുകൂല്യം നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്. ആദ്യ അഞ്ചു വർഷത്തെ സർവീസിന് കൊല്ലത്തിൽ അര മാസത്തെ ശമ്പളം വീതമാണ് കണക്കാക്കുക. അതായത് അഞ്ചു വർഷം പൂർത്തിയാക്കി പിരിയുന്ന ആൾക്ക് രണ്ടര മാസത്തെ ശമ്പളം സർവീസ് ആനുകൂല്യമായി ലഭിക്കാം. അഞ്ചു വർഷത്തിനു ശേഷമുള്ള ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളം തോതിലാണ് കണക്കാക്കുക.  അതായത് പത്തു വർഷത്തെ സർവീസുള്ള ജീവനക്കാരന് ഏഴര മാസത്തെ ശമ്പളം സർവീസ് ആനുകൂല്യമായി ലഭിക്കും. തുടർന്നും എത്ര വർഷം ജോലി എടുക്കുന്നുണ്ടോ ആ ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളം വീതം സർവീസ് ആനുകൂല്യമായി കൂടിക്കൊണ്ടിരിക്കും.  ഏറ്റവും അവസാനം കൈപ്പറ്റിയ അടിസ്ഥാന വേതനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സർവീസ് ആനുകൂല്യം കണക്കാക്കുക. 


ഇതിൽ സംശയമുള്ളവർക്കും തങ്ങൾക്ക് എത്ര തുക സർവീസ് ആനുകൂല്യമായി ലഭിക്കും എന്നു കണക്കാക്കുന്നതിനും മന്ത്രാലയം വഴിയൊരുക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രവേശിച്ച്  ഇലക്ട്രോണിക് സേവനങ്ങൾ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് സർവീസ് ആനുകൂല്യം കണക്കാക്കുന്ന കാൽകുലേറ്റർ ഓപ്ഷനിൽ ക്ലിക് ചെയ്ത് അതിലെ കോളങ്ങൾ ശരിയാംവണ്ണം പൂരിപ്പിച്ചാൽ നിങ്ങളുടെ സർവീസ് ആനുകൂല്യം നിങ്ങൾക്കു തന്നെ കണക്കാക്കാനാവും. ഏതു തൊഴിലാണോ ചെയ്യുന്നത്, തൊഴിൽ അവസാനിപ്പിക്കാനുള്ള കാരണം, ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന വേതനം, സേവന കാലം തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്. അതിനു ശേഷം ആനുകൂല്യം കണക്കാക്കുക എന്ന ഓപ്ഷനിൽ ക്ലിക് ചെയ്താൽ നിമിഷങ്ങൾക്കകം നിങ്ങളുടെ സ്‌ക്രീനിൽ നിങ്ങൾക്കു ലഭിക്കേണ്ട ആനുകൂല്യ തുക തെളിയും. ഏതെങ്കിലും വിധത്തിലുള്ള കബളിപ്പിക്കലിന് ഇരയായിട്ടുണ്ടോ എന്നു പരിശോധിക്കാനും ഇതു സഹായിക്കും. കബളിപ്പിക്കലിന് ഇരയായിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരാതിപ്പെട്ട് പരിഹാരം കാണാനും കഴിയും. ഏതു മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളായാലും അവർക്ക് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടാൻ പാടില്ലെന്ന വ്യവസ്ഥയുണ്ട്. അതു കമ്പനികളും സ്ഥാപനങ്ങളും പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാനുള്ള അവകാശവും നമുക്കുണ്ട്.  പക്ഷേ അതിനെക്കുറിച്ചുള്ള അവബോധം നമുക്കുണ്ടായിരിക്കണം.

Latest News