കണ്ണൂർ - ഹോട്ടലിൽ ഇന്റേൺഷിപ്പിനെത്തിയ 17-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ നഗരത്തിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരനായ ഇസ്തിഹാർ അൻസാരി(26) എന്ന ഇതര സംസ്ഥാന തൊഴിലാളിയെ പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തതായി ടൗൺ പോലീസ് അറിയിച്ചു.
പരിശീലനത്തിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബർ മുതലാണ് വിദ്യാർത്ഥിനി ഹോട്ടലിൽ പരിശീലനത്തിന് കയറിയത്. അവിടെ വെച്ച് പെൺകുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ബീഹാർ സ്വദേശിയായ പ്രതിക്കെതിരെ മുമ്പും പരാതി ഉണ്ടായിരുന്നുവെന്നും അന്ന് മാനേജ്‌മെന്റ് താക്കീത് ചെയ്യുകയായിരുന്നുവെന്നും പറയുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.