Sorry, you need to enable JavaScript to visit this website.

'അത് തടയാനാവില്ല, മറ്റു മാനങ്ങൾ വേണ്ട'; മിശ്രവിവാഹത്തിൽ മുഖ്യമന്ത്രി

കൊച്ചി - ഇടതു സംഘടനകൾക്കെതിരായ സമസ്ത യുവജന നേതാവിന്റെ മിശ്ര വിവാഹ ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മിശ്ര വിവാഹ ബ്യൂറോ നടത്തലല്ല എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും പണി. അത് സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും അതിന് മറ്റു മാനങ്ങൾ നൽകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
  ചെറുപ്പക്കാരും ചെറുപ്പക്കാരികളും പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ ഏതെങ്കിലുമൊരു വീട്ടുകാരുടെ ഭാഗത്തുനിന്നോ ചിലപ്പോൾ ഇരു ഭാഗത്തുനിന്നുമോ പലപ്പോഴും എതിർപ്പുകൾ ഉണ്ടാകാറുണ്ട്. ഇത് പുതുമയുള്ളതല്ല, എല്ലാ കാലത്തും ഇത് ഉണ്ടാവാറുണ്ട്. അതുകൊണ്ട് വിവാഹം നടക്കാതിരുന്നിട്ടില്ല. പൊതുസമൂഹത്തിൽ പ്രായപൂർത്തിയായവർക്കിടയിൽ അത് തടയാൻ ആർക്കുമാവില്ല. അതെല്ലാം അങ്ങ് തടഞ്ഞുകളയാമെന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
  മുസ്‌ലിം പെൺകുട്ടികളെ ഇതര മതസ്ഥർക്ക് വിവാഹം ചെയ്തുകൊടുക്കാൻ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും നേതൃത്വം കൊടുക്കുന്നുവെന്നായിരുന്നു എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായിയുടെ ആരോപണം. പാർട്ടി ഓഫീസുകളിൽ ഈ സംഘടനകളുടെ നേതൃത്വത്തിൽ മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കുകയാണെന്നും നാസർ ഫൈസി ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

Latest News