Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി, മെമ്മറി കാര്‍ഡ് തുറന്നതില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി-നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി, കോടതിയിലുള്ള മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിച്ചത്. ഒരു മാസത്തിനുള്ളില്‍ ജില്ലാ ജഡ്ജി അന്വേഷണം നടത്തണമെന്നാണ് ഉത്തരവ്. .ആക്രമിക്കപ്പെട്ട നടിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണയെ വൈകിപ്പിക്കാനാണെന്ന ദിലീപിന്റെ വാദം കോടതി തള്ളി. ജില്ലാ ജഡ്ജി വസ്തുതാപരമായി അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കില്‍ പോലീസിന്റേയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടണമെന്നും കോടതി പറഞ്ഞു. കോടതിയുടെ പരിഗണനയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്തുന്നതിന് വേണ്ടി കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. വിചാരണ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നതിന് ഫോറന്‍സിക് റിപ്പോര്‍ട്ട് തെളിവായുണ്ടെന്നാണ് പ്രധാന വാദം. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ നടി ചൂണ്ടിക്കാട്ടിയിരുന്നു. 2018 ജനുവരി 9നും ഡിസംബര്‍ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു.

 

Latest News