തിരുവനന്തപുരം - മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ സുഹൃത്തായ ഡോ. റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. പുലർച്ചെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഡോ. റുവൈസിനെ മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം മെഡിക്കൽ കോളേജ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
റുവൈസിന്റെ ഫോണിൽ മെസേജുകളും ചാറ്റുകളും ഡിലീറ്റ് ചെയ്ത നിലയിലാണെന്ന് പോലീസ് പറഞ്ഞു. ഇതേ തുടർന്ന് ഫോൺ സൈബർ പരിശോധനക്ക് വിധേയമാക്കുമെന്നും പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതായും പോലീസ് വെളിപ്പെടുത്തി. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ റുവൈസിനെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയതാണ് ഡോ. ഷഹന ജീവനൊടുക്കാൻ കാരണമെന്ന് കുടുംബം പ്രതികരിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അതിനിടെ, ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാൽ എം.ബി.ബി.എസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമൽ പറഞ്ഞു. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതായി തെളിഞ്ഞാൽ ബിരുദം റദ്ദാക്കുമെന്ന് പ്രവേശന സമയത്ത് തന്നെ എല്ലാ വിദ്യാർത്ഥികളിൽ നിന്നും സത്യവാങ്മൂലം വാങ്ങാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.