മലപ്പുറം- കേരളത്തില്‍ തകര്‍ത്തുപെയ്യുന്ന കനത്ത മഴയുണ്ടാക്കിയ പ്രളയദുരിതത്തില്‍പ്പെട്ട് ഇന്നു 20 പേര്‍ മരിച്ചു. എട്ടുപേരെ കാണാതായി. മലപ്പുറ കൊണ്ടോട്ടിക്കടുത്ത പെരിങ്ങാവില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് എട്ടു പേര്‍ മരിച്ചു. നേരത്തെ ഇവിടെ നിന്ന് വീട്ടുകാരെ ഒഴിപ്പിച്ചിരുന്നു. വീട്ടിലെ സ്ഥിതി അറിയാന്‍ തിരിച്ചെത്തിയപ്പോഴാണ് അപകടമുണ്ടായത്. വീട്ടുകാരും സമീപവാസികളുമാണ് അപകടത്തില്‍പ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. കൊണ്ടോട്ടിയില്‍ മറ്റൊരിടത്ത് മണ്ണിടിച്ചില്‍ വീടിന്റ ഒരു ഭാഗം തകര്‍ന്ന അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പുലര്‍ച്ചെ മരിച്ചിരുന്നു. ജില്ലയില്‍ മലയോര പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളിലേയും മണ്‍കുന്നുകള്‍ക്കു സമീപമുള്ള മുഴുവന്‍ വീടുകളിലുള്ളവരോടും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്ന റെവന്യും അധികൃതരോട് സഹകരിക്കണമെന്നും കലക്ടര്‍ അമിത് മീണ അഭ്യര്‍ത്ഥിച്ചു.
മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. കൊല്ലം അഷ്ടമുടിക്കായലില്‍ ബോട്ടു മുങ്ങയുംചിറയിന്‍കീഴില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണും രണ്ടു പേര്‍ മരിച്ചു. ഇടിയപ്പാറയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന സ്ത്രീയും ഹരിപ്പാടിലും പരപ്പനങ്ങാടിയിലും മറ്റു രണ്ടു പേരും ഷോക്കേറ്റു മരിച്ചു. മുരിക്കുംപാടത്തു കടലില്‍ പോയ ബോട്ട് മുങ്ങി മൂന്നു പേരെ കാണാതായി. നാലു പേരെ നാവിക സേന കോപ്റ്ററില്‍ രക്ഷപ്പെടുത്തി.