തിരുവനന്തപുരം - സ്ത്രീധനത്തിന്റെ പേരിൽ യുവ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിക്കുന്നതാണെന്നും ഡോ. ഷഹ്‌നയുടെ വീട്ടുകാർ നൽകാമെന്നേറ്റ 50 പവനും 50 ലക്ഷവും ഒരു കാറും പോരാത്തതു കൊണ്ട് സ്‌നേഹിച്ചവളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഇ. എ റുവൈസിനെപ്പോലുള്ളവരെ മാതൃകാപരമായി കൈകാര്യം ചെയ്യാൻ സർക്കാരും നിയമവ്യവസ്ഥയും തയ്യാറാകണമെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ ആവശ്യപ്പെട്ടു.
150 പവൻ സ്വർണവും 50 ലക്ഷം രൂപയും ബി.എം.ഡബ്ല്യു കാറും തന്നാലേ താൻ പ്രണയിക്കുന്നവളെ വിവാഹം കഴിക്കാൻ തയ്യാറാവൂ എന്ന് പറഞ്ഞത് കേരളത്തിലെ പി.ജി. ഡോക്ടർമാരുടെ അസോസിയേഷനായ കെ.എം.പി.ജി.എയുടെ സംസ്ഥാന ഭാരവാഹിയായ ഒരു ഡോക്ടർ. ഇതിൽ മനം നൊന്ത് അനസ്‌തേഷ്യ മരുന്ന് ഓവർഡോസ് കുത്തിവെച്ച് ജീവിതം അവസാനിപ്പിച്ചത് മറ്റൊരു ഡോക്ടർ. ഈ രണ്ട് ഡോക്ടർമാരും നമ്മുടെ മുന്നിൽ വലിയ രണ്ട് ചോദ്യങ്ങളാണ്.
സ്ത്രീധനത്തിനെതിരെ ശക്തമായ നിയമങ്ങളും അതിന് കാവൽ നിൽക്കാൻ വിവിധ സംവിധാനങ്ങളുമുള്ള നാടാണിത്. സർക്കാരും രാഷ്ട്രീയ പാർട്ടികളും മറ്റു മത സാംസ്‌കാരിക സംഘടനകളും സ്ത്രീ കൂട്ടായ്മകളും സ്ത്രീധനത്തിനെതിരെ നിരന്തരം കാമ്പയിനുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ടിവിടെ. എന്നിട്ടും ഒരു പുരോഗമനസമൂഹത്തിന് അപമാനവും ഏറെ അപകടവുമായ ഈ അനാചാരത്തെ തുടച്ച് മാറ്റാൻ കഴിഞ്ഞില്ലെന്നല്ല, അത് രൂപവും വേഷവും മാറി കൂടുതൽ ഭീകരമായി നമുക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണല്ലോ വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നിലവാരങ്ങളിലൂടെ കയറിപ്പോയ ഒരു ഡോക്ടർ അതേ വിദ്യാഭ്യാസ യോഗ്യതയുള്ള, തന്നോട് പ്രണയവും വിശ്വാസവും പങ്കുവെച്ചവൾക്ക് ഇങ്ങനെ വിലയിട്ടത്.
മറുവശത്ത്, സ്ത്രീ ശാക്തീകരണത്തിന്റെ സർക്കാർ സ്‌പോൺസേർഡ് കൊട്ടിഘോഷിപ്പുകൾ തകൃതിയായി നടന്നു കൊണ്ടിരിക്കുന്ന കേരളത്തിലാണ് തിരുവനന്തപുരത്ത് ഒരു വനിതാ ഡോക്ടർ സ്ത്രീധന പീഡനം നേരിടാനാവാതെ ആത്മഹത്യ ചെയ്തത് എന്നത് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സങ്കൽപങ്ങളെ തന്നെ ആശങ്കയിലാക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ ഇവിടുത്തെ നിയമ വ്യവസ്ഥയിൽ പെൺകുട്ടികൾ എത്രമാത്രം പ്രതീക്ഷയും സുരക്ഷിതത്വവും അനുഭവിക്കുന്നു എന്നതും അതോടൊപ്പം ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു -ഫായിസ പറഞ്ഞു.
എല്ലാറ്റിനുമുപരി സത്രീധനം പോലുള്ള സാമൂഹിക വിപത്തുകൾ കുറ്റകൃത്യങ്ങളായി സമൂഹം അറിഞ്ഞ് ഒരു ചർച്ചയെങ്കിലും ചെയ്യപ്പെടണമെങ്കിൽ ഇങ്ങനെ ഇടക്കിടക്ക് പെൺകുട്ടികളുടെ ജീവൻ അപകടപ്പെടേണ്ടിയിരിക്കുന്നു എന്നത് അതിനേക്കാൾ വലിയ ദുരവസ്ഥയാണെന്നും അവർ കൂട്ടിച്ചേർത്തു.