തിരുവനന്തപുരം - തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ. റുവൈസിന്റെ ഫോണില്‍ നിന്ന് മെസേജുകളും ചാറ്റുകളും ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് ഫോണ്‍ സൈബര്‍ പരിശോധനക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചു. റുവൈസിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. ഈ ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് ചാറ്റുകളും മെസേജുകളും ഡിലീറ്റ് ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റുവൈസിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതായും പോലീസ് വെളിപ്പെടുത്തി. ഒളിവിലായിരുന്ന ഡോ. റുവൈസിനെ ഇന്ന് പുലര്‍ച്ചെ കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തിയാണ് ഡോ.റുവൈസിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയര്‍ന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തില്‍ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹന ജീവനൊടുക്കാന്‍ കാരണമെന്നുമാണ് ആരോപണം.