കൊല്ലം-ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളിൽ ഒരാളായ അനുപമയുടെ ഫേസ്ബുക് പേജ് വീണ്ടും സജീവമായി. യുട്യൂബിൽ നേരത്തേ പോസ്റ്റ് ചെയ്ത വിഡിയോകളാണ് അനുപമ പത്മൻ എന്ന പേരിലുള്ള ഫെയ്സ്ബുക് പേജിൽ അപ്‌ലോഡ് ചെയ്തത്. അനുപമയുടെ പേജ് മറ്റാരോ ദുരുപയോഗം ചെയ്തുവെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. മേയ് മാസത്തിൽ സൃഷ്ടിച്ച പേജ് നവംബർ 17നാണ് അനുപ പത്മൻ എന്ന പേരിലേക്ക് മാറ്റിയത്. അനുപമയുടെ മറ്റൊരു ഫെയ്സ്‌ബുക് പേജുമുണ്ട്. അതിൽ അവസാനത്തെ പോസ്റ്റ് ഓഗസ്റ്റ് മാസത്തിലേതാണ്.
അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതാകുമാരി (45), മകൾ പി.അനുപമ (20) എന്നിവരെ തുടർ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും വിധേയരാക്കും. അന്വേഷണം ഏറ്റെടുത്ത റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് പൂയപ്പള്ളി പോലീസ് കേസ് ഡയറി കൈമാറി.പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ലോക്കൽ പോലീസ് അന്വേഷണത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ കൂടി പരിശോധിച്ചാകും തുടർ നടപടികൾ.
കേസിൽ പിടിയിലായ കുടുംബാംഗങ്ങൾക്കു പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നു കണ്ടെത്താനാണ് പ്രധാന ശ്രമം. സൈബർ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. കുട്ടിയെ മയക്കാൻ ഗുളിക നൽകിയെന്ന സംശയത്തെ തുടർന്ന് ലാബിൽ രാസപരിശോധനയ്ക്ക് അയച്ച സാംപിളുകളുടെ ഫലവും വൈകാതെ ലഭിച്ചേക്കും.കസ്റ്റഡിയിലെടുത്ത ഫോണുകളിൽ നിന്നും ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. യുട്യൂബർ കൂടിയായ അനുപമയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ നല്ല സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കൃത്രിമമായി ദൃശ്യങ്ങൾ ചമച്ചു പിടിക്കപ്പെട്ടതോടെയാണ് യുട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചത്.
കുടുംബാംഗങ്ങളുടെ ഫോണിന് പുറമേ മറ്റൊരാളുടെ ഫോണും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. തിരുവനന്തപുരത്തെ പീപ്പിൾസ് ഫോർ അനിമൽ സംഘടന പ്രവർത്തകർ പത്മകുമാറിന്റെ ചിറക്കരയിലെ ഫാം സന്ദർശിച്ചു. സംഘടന പ്രവർത്തക മരിയ ജേക്കബിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്.
ഫാമിലെ മൃഗങ്ങളുടെ ആരോഗ്യം സംബന്ധിച്ചു സംഘടനയ്ക്ക് ലഭിച്ച ഒട്ടേറെ ഫോൺ കോളുകളുടെ അടിസ്ഥാനത്തിലാണ് ഫാമിൽ പരിശോധന നടത്തിയതെന്നു മരിയ ജേക്കബ് പറഞ്ഞു. നിലവിൽ മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അവർ വിലയിരുത്തി.