റിയാദ് - സാമ്പത്തിക പരിഷ്‌കരണങ്ങൾക്കും വൈവിധ്യവൽക്കരണത്തിനും ജനക്ഷേമ പദ്ധതികൾക്കും ഊന്നൽ നൽകിയുള്ള ബജറ്റിനാണ് സൗദി മന്ത്രിസഭ അംഗീകാരം നൽകിയത്. സൗദി അറേബ്യയുടെ ചരിത്രത്തിലെ റെക്കോർഡ് ബജറ്റാണിത്. അടുത്ത വർഷത്തേക്കുള്ള പൊതുബജറ്റ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം അംഗീകരിച്ചു. ബജറ്റിൽ കണക്കാക്കിയിരിക്കുന്ന പൊതുധനവിനിയോഗം 1.251 ട്രില്യൺ റിയാലും പൊതുവരുമാനം 1.172 ട്രില്യൺ റിയാലും കമ്മി 79 ബില്യൺ റിയാലുമാണ്. സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് പൊതുബജറ്റിൽ ഇത്രയും വലിയ തുക പൊതുധനവിനിയോഗത്തിന് നീക്കിവെക്കുന്നത്.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദേശങ്ങൾക്കനുസരിച്ച് സൗദി അറേബ്യയുടെ സ്ഥാനത്തിന് നിരക്കുന്ന നിലക്ക് മെച്ചപ്പെട്ട ഭാവിയിലേക്കുള്ള പ്രയാണം തുടരുമെന്ന് ബജറ്റ് അംഗീകരിച്ച ശേഷം നടത്തിയ പ്രസ്താവനയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസനകാര്യ സമിതി പ്രസിഡന്റുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. വിഷൻ 2030 പ്രഖ്യാപിച്ചതു മുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. സാമ്പത്തിക, ധന മേഖലകളിൽ സർക്കാർ ഘടനാപരമായ പരിഷ്‌കാരങ്ങൾ തുടരുന്നു. വിഷൻ 2030 ചട്ടക്കൂടിനുള്ളിൽ രാജ്യത്തുള്ള വലിയ വികസന ശേഷികളുടെയും അവസരങ്ങളുടെയും പശ്ചാത്തലത്തിൽ സാമ്പത്തിക വളർച്ചാ നിരക്കും പെട്രോളിതര മേഖലയിൽ ആഭ്യന്തരോൽപാദന വളർച്ചയും ഉയർന്നിട്ടുണ്ട്.
പശ്ചാത്തല സൗകര്യങ്ങൾ ശക്തമാക്കാൻ നിക്ഷേപങ്ങൾ നടത്താനും സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും നിക്ഷേപങ്ങൾ ആകർഷിക്കാനും വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാനും പെട്രോളിതര കയറ്റുമതിയും ആഭ്യന്തര ഉള്ളടക്കവും വർധിപ്പിക്കാനുമുള്ള നിരവധി പദ്ധതികൾക്കും പ്രോഗ്രാമുകൾക്കും ബജറ്റ് പിന്തുണ നൽകുന്നു. സാമ്പത്തിക വികസനത്തിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും ദേശീയ വികസന നിധിയും വഹിക്കുന്ന ഫലപ്രദവും സുപ്രധാനവുമായ പങ്ക് പ്രശംസനീയമാണ്.
സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം തുടർച്ചയായി മെച്ചപ്പെടുത്താനുള്ള ഗവൺമെന്റിന്റെ അതീവ താൽപര്യത്താലും നിരവധി പദ്ധതികൾ നടപ്പാക്കുന്നതിനാലും ചില മേഖലകളും പ്രവിശ്യകളും വികസിപ്പിക്കാനുള്ള തന്ത്രം നടപ്പാക്കുന്നതിന് കൂടുതൽ പണം ചെലവഴിക്കുന്നതിനാലുമാണ് പുതിയ ബജറ്റിൽ പൊതുധനവിനിയോഗം ഉയർത്തിയത്.