Sorry, you need to enable JavaScript to visit this website.

ദുരന്തത്തിനിടയിലും ട്രോളുന്നവരോട് പി.കെ ഫിറോസ്, അൽപമെങ്കിലും മനുഷ്യത്വമാവാം

കോഴിക്കോട്- കേരളം മുഴുക്കെ വെള്ളപ്പൊക്കത്തിന്റെ കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ട്രോളുന്നവർക്ക് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ ശക്തമായ മറുപടി. ദുരന്തത്തിനിടയെങ്കിലും അൽപം മനുഷ്യത്വം കാണിക്കണമെന്ന് ഫിറോസ് അഭ്യർത്ഥിച്ചു. നേരത്തെ സന്നദ്ധപ്രവർത്തനത്തിന് യൂത്ത് ലീഗ് അണികളെ സജ്ജമാക്കിയിട്ടുണ്ടെന്നും എപ്പോൾ വേണമെങ്കിലും കലക്ടർമാർക്ക് ബന്ധപ്പെടാമെന്നും ഫിറോസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിനെ കളിയാക്കി ചില കേന്ദ്രങ്ങൾ ട്രോളുകളുണ്ടാക്കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഫിറോസ് ശക്തമായ ഭാഷയിൽ രംഗത്തെത്തിയത്.

ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

മഴക്കെടുതിയിൽ നാടെങ്ങും വലിയ പ്രയാസത്തിലാണ്. ഓരോരുത്തരും തന്നാലാവുന്നത് ചെയ്ത് ഈ ദുരന്തത്തിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ്. സർക്കാർ മെഷിനറിയും വിവിധ പാർട്ടി പ്രവർത്തകരും സന്നദ്ധ സംഘടനകളും വ്യക്തികളുമൊക്കെ കൈ മെയ് മറന്നു പ്രവർത്തിക്കുന്നുണ്ട്. തർക്കിക്കേണ്ട സമയമല്ലെന്ന് പ്രതിപക്ഷ നേതാവും ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയത് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയിട്ടാണ്. മുസ്‌ലിം ലീഗ് നേതാക്കളും പ്രവർത്തകരും പുതുതായി രൂപീകരിച്ച വൈറ്റ് ഗാർഡ് അംഗങ്ങളുമൊക്കെ കർമ്മ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈ സമയത്തും രാഷ്ട്രീയ വിരോധവും പകയും നുരഞ്ഞു പൊന്തുന്ന ചില കൂട്ടരുണ്ടെന്ന് പറയേണ്ടി വന്നതിൽ ഏറെ ദുഃഖമുണ്ട്.

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത് സർക്കാറാണ്. അതിനാൽ തന്നെ ഇതിനായി കൂടുതൽ വളണ്ടിയേഴ്‌സിനെ ആവശ്യമെങ്കിൽ നൽകാൻ തയ്യാറാണെന്ന് പറഞ്ഞ് കൊണ്ട് തൊട്ടു മുമ്പൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. വിവിധ കലക്ടർമാരുമായി സംസാരിച്ചപ്പോൾ സർക്കാർ തന്നെ ഇതിനൊരു പരിഹാരവും കണ്ടെത്തി. വളണ്ടിയർമാരായി പ്രവർത്തിക്കാൻ തയ്യാറുള്ളവർക്ക് പേര് രജിസ്റ്റർ ചെയ്യാൻ ഒരു വെബ് സൈറ്റും ആരംഭിച്ചു. വേേു://സലൃമഹമൃലരൗല.ശി. മഴക്കെടുതി നേരിടാത്ത സ്ഥലങ്ങളിലുള്ളവർക്കൊക്കെ ഈ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്താൽ സർക്കാറിന് പ്രവർത്തനം ഏകോപിപ്പിക്കാനും കുറച്ചു കൂടി കാര്യക്ഷമമാക്കാനും അതുപകരിക്കും എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ സംവിധാനം ഏർപ്പെടുത്തിയത്.

പക്ഷേ ഈ പോസ്റ്റ് കണ്ട് കുറെ പേർ വിളിക്കുന്നുണ്ട്. തെറിയും പരിഹാസവുമാണ് ഫോണിലൂടെ. വിദേശത്ത് നിന്ന് പോലും കോളുകൾ വരുന്നു. സുഡാപ്പികളാണ് അധികവും. അവരെ എന്താണ് എന്റെ പോസ്റ്റ് പ്രകോപിപ്പിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. എന്റെ ഫെയിസ് ബുക്ക് പോസ്റ്റിലെ കമൻറ് ബോക്‌സിൽ വന്ന് പരിഹസിക്കുന്നതും ട്രോളുന്നതും ഇക്കൂട്ടർ തന്നെ. അതൊന്നും കാര്യമാക്കുന്നില്ല. പക്ഷേ ഫോൺ വിളി വലിയ ശല്യമായതോണ്ടാണ് പരസ്യമായി പറയാമെന്ന് വച്ചത്. ഇത്തരം ദുരന്തമുണ്ടാകുമ്പോഴെങ്കിലും അൽപ്പം മനുഷ്യത്വമാവാമെന്നോർമ്മപ്പെടുത്തി നിർത്തുന്നു.
 

Latest News