കൊച്ചി- നവകേരളസദസ്സ് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടലാണെന്ന് കോണ്‍ഗ്രസ്. യാഥാര്‍ഥത്തില്‍ നടക്കുന്നത് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇമേജ് ബില്‍ഡിങ് ആണെന്നും ഡി. സി. സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എം. എല്‍. എമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സി. പി. എമ്മുകാര്‍ വരെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന സര്‍ക്കാര്‍ മുഖം മിനുക്കുവാന്‍ ജനകീയ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള അഭ്യാസമാണ് ഇപ്പോള്‍ നടത്തുന്നത്. അതിനിവര്‍ ആശ്രയിച്ചത് ഉമ്മന്‍ചാണ്ടിയെ പോലെ ജനകീയനായ മുഖ്യമന്ത്രി കൊണ്ടുവന്ന ജനസമ്പര്‍ക്കത്തിന്റെ അതിദുര്‍ബലമായ പതിപ്പും. നവകേരള സദസ്സില്‍ വരുന്ന പരാതികളൊന്നും തന്നെ മുഖ്യമന്ത്രിയോ മന്ത്രിമാരോ കാണുന്നില്ല. കൗണ്ടറുകള്‍ വഴി ശേഖരിക്കുന്നു എന്നതല്ലാതെ പരാതികള്‍ക്കൊന്നും പരിഹാരം കാണുന്നില്ല. ഓരോ സ്ഥലത്തും എത്ര പരാതികള്‍ ലഭിച്ചു അതില്‍ എത്രയെണ്ണം അതാത് ദിവസം തീര്‍പ്പാക്കി എന്നതിനപ്പുറം ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കി എന്ന കൃത്യമായ വിവരം പുറത്തുവിടാന്‍ സാധിക്കുമോയെന്ന് നേതാക്കള്‍ ആരാഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കത്തില്‍ ജനങ്ങളുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്. അല്ലാതെ ഇമേജ് ബില്‍ഡിങിനല്ല. ഉമ്മന്‍ചാണ്ടി ഇതുപോലെ ആഡംബര ബസ്സിനായി പണം ചെലവിട്ടില്ല. പരാതിയുള്ള ജനങ്ങളെ കാണാതെ പൗരപ്രമുഖരെ മാത്രം കണ്ടുള്ള നടപ്പായിരുന്നില്ല. ഒരു മുഖ്യമന്ത്രിക്കു ലഭിക്കേണ്ട മിനിമം സുരക്ഷ പോലും ഉപേക്ഷിച്ച് ജനങ്ങള്‍ക്കിടയില്‍ നിന്ന് പരാതി തീര്‍പ്പാക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ചെലവില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണമാണ് പിണറായി വിജയനും സംഘവും നടത്തുന്നതെന്നും എം എല്‍ എമാര്‍ പറഞ്ഞു. ഏഴര വര്‍ഷക്കാലമായി എറണാകുളം ജില്ല കടുത്ത വികസന മുരടിപ്പിലൂടെയാണ് കടന്നുപോകുന്നത്. പ്രധാന പദ്ധതികള്‍ ഒന്നും തന്നെ ജില്ലയ്ക്ക് ഈ കാലയളവില്‍ ലഭിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ റവന്യൂ വരുമാനം ലഭിക്കുന്ന ജില്ലയോടാണ് ഈ അവഗണന. അടിസ്ഥാന സൗകര്യങ്ങള്‍ പോലും മെച്ചപ്പെടുത്താതെ രാഷ്ട്രീയ വൈരാഗ്യമാണ് സര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്നതെന്നും എം. എല്‍. എമാര്‍ കുറ്റപ്പെടുത്തി.
എറണാകുളം ജില്ലയിലെ വിഷയങ്ങള്‍ നിയമസഭയ്ക്ക് ഉള്ളില്‍ തന്നെ നിരവധി തവണ പ്രതിപക്ഷ എം. എല്‍. എമാര്‍ ഉന്നയിച്ചിട്ടും കൃത്യമായ മറുപടി ഒരിക്കല്‍ പോലും ലഭിച്ചിട്ടില്ല. നിയമസഭയില്‍ ഉത്തരം പറയാത്ത മുഖ്യമന്ത്രിയോട് മന്ത്രിമാരോടും പരാതി പറഞ്ഞിട്ട് എന്ത് കാര്യമാണെന്ന് എം. എല്‍. എമാര്‍ ചോദിച്ചു. നവ കേരള സദസ്സിന് കോളേജുകളില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരെയും കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തിയാണ് പങ്കെടുപ്പിക്കുന്നത്. പരിപാടി കബളിപ്പിക്കല്‍ നാടകം ആണെന്നും എം. എല്‍. എമാര്‍ കൂട്ടിച്ചേര്‍ത്തു.
തീരദേശ മേഖല സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചകള്‍ മൂലം കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. വൈപ്പിന്‍, കണ്ണമാലി മേഖലകളില്‍ രൂക്ഷമായ കടലാക്രമണമാണ് നടക്കുന്നത്. ചെല്ലാനം മേഖലയില്‍ ഏഴു കിലോമീറ്റര്‍ മാത്രമാണ് കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കണ്ണമാലി മുതല്‍ വൈപ്പിന്‍ വരെ 45 കിലോമീറ്റര്‍ ദൂരത്ത് ഒരു ഭാഗത്ത് പോലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ല. മത്സ്യ ബന്ധന മേഖലയില്‍ തൊഴിലെടുക്കുന്നവരോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും പരിമിതമായ സൗകര്യങ്ങളും അവരെ ബാധിക്കുന്നുണ്ട്. തുടര്‍ച്ചയായ കടലാക്രമണങ്ങളെയും സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കുന്നില്ല. ടൂറിസം മേഖലയും സമാനതകള്‍ ഇല്ലാത്ത പിന്നോക്ക അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത്. കായല്‍, കടല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ തേടുന്നതില്‍ ടൂറിസം വകുപ്പും സര്‍ക്കാരും പരാജയപ്പെട്ടു.
ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വനം പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ മങ്ങിയ നിലയിലാണ്. സമഗ്രമായ ടൂറിസം പദ്ധതികള്‍ ഒന്നും തന്നെ നടക്കുന്നില്ല. സ്വപ്ന പദ്ധതികള്‍ പലതും നഷ്ടപ്പെടുന്നു. വനമേഖലയോട് അടുത്ത് ജീവിക്കുന്ന നിരവധി പഞ്ചായത്തുകളില്‍ വന്യജീവി ആക്രമണം രൂക്ഷമാണ്. ഭീതിയോടെയാണ് അവിടുത്തുകാര്‍ ജീവിക്കുന്നത്. ജീവന്‍ പോലും തുലാസില്‍ ആയ സ്ഥിതിയാണ്. കൃഷിയും കൃഷിയിടങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. പതിനായിരത്തോളം കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് ഇനിയും ലഭിച്ചിട്ടില്ല. വന്യജീവികളെ തടയുന്നതിന് ഒരു കാര്യക്ഷമമായ ഇടപെടലും വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്ലാന്റേഷന്‍, ബാംബൂ കോര്‍പ്പറേഷനുകള്‍ അടച്ചു പൂട്ടലിന്റെ വക്കിലാണ്. മൂവാറ്റുപുഴ വാഴക്കുളം പൈനാപ്പിള്‍ കമ്പനി പ്രവര്‍ത്തനരഹിതമായ മട്ടിലാണ്. ജില്ലയുടെ കാര്‍ഷിക മേഖല തകര്‍ന്ന തരിപ്പണമായിരിക്കുകയാണ്. റബ്ബറിനും വിളകള്‍ക്കും അര്‍ഹമായ താങ്ങുവില ലഭിക്കുന്നില്ല. ജില്ലയിലെ ഗതാഗത സൗകര്യങ്ങളും ഏറെ അപര്യാപ്തമായ അവസ്ഥയിലാണ്.
അങ്കമാലി, മൂവാറ്റുപുഴ, കോതമംഗലം ബൈപ്പാസുകളുടെ നിര്‍മ്മാണം എവിടെയും എത്തിയിട്ടില്ല. അങ്കമാലി- കുണ്ടന്നൂര്‍ റോഡ് ഫയലില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. ആലുവ മൂന്നാര്‍ നാലുവരി റോഡ് എങ്ങും എത്തിയില്ല. സീ പോര്‍ട്ട് എയര്‍പോര്‍ട്ട്- അങ്കമാലി റോഡ് നിര്‍മ്മാണവും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. പ്രസ്തുത റോഡില്‍ യു. ഡി. എഫ് ഭരണകാലത്ത് തുടങ്ങി വെച്ചതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള മെട്രോ നിര്‍മ്മാണം എങ്ങും എത്താത്തത് ഗതാഗതക്കുരുക്ക് തുടരുന്നതിന് കാരണമാകുന്നു. വിവിധ പാലങ്ങളുടെ നിര്‍മ്മാണവും ഇഴഞ്ഞുനീങ്ങുകയാണ്.
എറണാകുളം ജില്ല കടുത്ത കുടിവെള്ള ക്ഷാമത്തേയും അഭിമുഖീകരിക്കുകയാണ്. ജില്ലയുടെ ഭൂരിഭാഗം ഇടങ്ങളിലും വെള്ളം എത്തുന്ന 196 എം. എല്‍. ഡി നടപ്പാക്കാത്തത് ജനങ്ങളോടുള്ള തികഞ്ഞ വെല്ലുവിളിയാണ്. ഈ പദ്ധതി നടപ്പാക്കാതെ കിന്‍ഫ്രയ്ക്ക് വേണ്ടി 45 എം. എല്‍. ഡി നടപ്പാക്കുന്നതില്‍ എം. എല്‍. എമാര്‍ക്ക് കടുത്ത രോഷം ഉണ്ട്. അതിഥി തൊഴിലാളികളുടെ വിവരശേഖരണം സംബന്ധിച്ച് വിവിധ വകുപ്പുകളുടെ ഏകോപനം ഇല്ലാത്ത സ്ഥിതിയാണ്. അതുമൂലം അവര്‍ ഉള്‍പ്പെടുന്ന ലഹരി ക്രിമിനല്‍ പ്രശ്‌നങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
അങ്കമാലി ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ അനിശ്ചിതത്വം തുടരുകയാണ്. ശബരി റെയില്‍ സ്ഥലം ഏറ്റെടുപ്പ് മന്ദഗതിയിലാണ്. കിഴക്കന്‍ മേഖലയ്ക്ക് ഉപകാരപ്രദമായ പദ്ധതി എവിടെയും എത്താത്തത് നിരാശ നല്‍കുന്നതാണ്. എല്ലാ പ്രദേശങ്ങളിലും കളിയിടങ്ങള്‍ ഉണ്ടാകുമെന്ന കായിക മന്ത്രിയുടെ വാഗ്ദാനം വെറും വാക്കായെന്നും എം. എല്‍. എമാര്‍ പറഞ്ഞു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ 10 കോടി നഷ്ടപ്പെടുത്തി. ഇതില്‍ നടന്നത് വലിയ അഴിമതിയാണ്. ജില്ലയിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത നടപടി ആയിട്ടില്ല. ജില്ലയിലെ താലൂക്ക് ആശുപത്രികള്‍ ശോചനീയാവസ്ഥയിലാണ്. സംവരണ മണ്ഡലമായ കുന്നത്തുനാട്ടില്‍ കിടത്തി ചികിത്സ ലഭ്യമായ ആശുപത്രികളുടെ അഭാവമുണ്ട്.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ആദ്യ പിണറായി സര്‍ക്കാര്‍ മുന്നോട്ടുവച്ച അവിടെത്തന്നെ നില്‍ക്കുകയാണ്. പട്ടയ നടപടികള്‍ നിലച്ച സ്ഥിതിയിലാണ്. വര്‍ഷങ്ങളോളം പുറമ്പോക്ക് ഭൂമിയില്‍ ജീവിക്കുന്നവര്‍ക്ക് പട്ടയം ലഭിക്കുന്നില്ല. അതുപോലെതന്നെ ലൈഫ് പദ്ധതിയില്‍ ഒരു വീടുപോലും അനുവദിക്കുന്നില്ലെന്നും എം. എല്‍. എമാര്‍ പറഞ്ഞു. ഇത്രത്തോളം ദുസ്സഹകരമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മന്ത്രിപ്പടയും നടത്തുന്ന രാഷ്ട്രീയ യാത്രയെ ജനം പുച്ഛിച്ച് തള്ളുമെന്നും അവര്‍ പറഞ്ഞു.
ഡി. സി. സി ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എം. എല്‍. എമാരായ കെ. ബാബു, ടി. ജെ. വിനോദ്, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, ഉമ തോമസ്, എല്‍ദോസ് കുന്നപ്പിള്ളി, യു. ഡി. എഫ് ജില്ലാ ചെയര്‍മാന്‍ ഡൊമനിക് പ്രസന്റേഷന്‍, ഡി. സി. സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.