തിരുവനന്തപുരം - യുവ വനിതാ ഡോക്ടര്‍ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വനിതാ - ശിശുവികസന ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം പിജി വിദ്യാര്‍ത്ഥിനിയായ വെഞ്ഞാറമൂട് പുത്തൂര്‍ നാസ് മന്‍സിലില്‍ പരേതനായ അബ്ദുള്‍ അസീസിന്റെയും ജലീലയുടെയും മകള്‍ ഷഹിന (27) യെയാണ് മെഡിക്കല്‍ കോളേജിനു സമീപത്തെ ഫ്‌ളാറ്റില്‍ തിങ്കളാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഹ്നയുമായി വിവാഹം ഉറപ്പിച്ച സഹപാഠിയായ യുവാവ് വിവാഹം നടക്കമണെങ്കില്‍ കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ഷഹ്നയുടെ ബന്ധുക്കള്‍ ആരോപണമുയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചത്.