Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോടികളുടെ നികുതി വെട്ടിപ്പ്; ഹൈറിച്ച് എം.ഡി പ്രതാപൻ അറസ്റ്റിൽ

കൊച്ചി / കാസർകോഡ് - കോടികളുടെ നികുതി വെട്ടിപ്പു നടത്തിയെന്ന പരാതിയിൽ തൃശൂർ ആറാട്ടുപുഴ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൾട്ടി ലെവൽ മാർക്കറ്റിങ് (എം.എൽ.എം) കമ്പനിയായ ഹൈറിച്ചിന്റെ എം.ഡി കെ.ഡി പ്രതാപൻ എന്ന കോലാട്ട് ദാസൻ പ്രതാപൻ അറസ്റ്റിൽ. കേരള ജി.എസ്.ടി ഇന്റലിജൻസ് കാസർകോട് യൂണിറ്റ് ആണ് സീനിയർ ഇന്റലിജൻസ് ഓഫീസർ രമേശൻ കോളിക്കരയുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്തത്.
 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹൈറിച്ച് ഓൺലൈൻ ഷോപ്പിനെതിരെ പയ്യന്നൂരിലെ രാജൻ സി നായർ കഴിഞ്ഞ മാസം 23ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഇതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഇൻകം ടാക്‌സ് ചീഫ് കമ്മിഷണർക്ക് കേന്ദ്ര മന്ത്രാലയം നിർദേശം നൽകിയതിന് പിന്നാലെയാണ് നടപടി. ഇയാൾ കേരള മുഖ്യമന്ത്രിക്കു നൽകിയ പരാതി തുടരന്വേഷണത്തിനായി പയ്യന്നൂർ പോലീസിന് കൈമാറുകയും ചെയ്തിരുന്നു.
 സംസ്ഥാനത്ത് ജി.എസ്.ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ് ടി വെട്ടിപ്പു കേസുകളിൽ ഒന്നാണിതെന്നാണ് പറയുന്നത്. കമ്പനിക്ക് 126.54 കോടിയുടെ നികുതി ബാധ്യതയുണ്ടെന്നാണ് ആരോപണം. കമ്പനി ഡയറക്ടർമാരായ പ്രതാപനെയും ഭാര്യയെയും നേരത്തെ ഇന്റലിജൻസ് ഡെപ്യുട്ടി കമ്മിഷണർ ജി.എസ്.ടി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പരിശോധനയ്ക്കു പിന്നാലെ രണ്ടു തവണകളായി 51.5 കോടി രൂപ അടച്ചെങ്കിലും 75 കോടി രൂപയിലധികം ബാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ് എന്നാണ് വിവരം. പ്രതാപനെ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സാമ്പത്തികം) റിമാൻഡ് ചെയ്‌തെങ്കിലും ഈ വാർത്ത പുറത്തുവരാതിരിക്കാൻ ആസൂത്രിത ശ്രമമുണ്ടായെന്നും ആരോപണമുണ്ട്.
 കഴിഞ്ഞമാസം 24ന് കമ്പനി ഓഫീസിൽ പരിശോധന നടത്തിയപ്പോൾ സ്ഥാപനത്തിന് 703 കോടിയുടെ വിറ്റുവരവുണ്ടെന്നും 126.54 കോടി ജി.എസ്.ടി അടയ്ക്കാനുണ്ടെന്നും അധികൃതർ വെളിപ്പെടുത്തിയിരുന്നു. ഒരുലക്ഷം മൂലധനത്തിൽ 2019 ഒക്ടോബർ 22ന് രജിസ്റ്റർ ചെയ്ത കമ്പനി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ ഉപഭോക്താക്കളെ ആകർഷിച്ചുവരുന്നതിനിടെയാണ് അറസ്റ്റ്. ഒട്ടേറെ പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ അത് കമ്പനിയിൽനിന്നും തീർച്ചയായും ഈടാക്കണമെന്നും ഒപ്പം സ്ഥാപനം കുറ്റമറ്റ നിലയിൽ തുടർ പ്രവർത്തനങ്ങൾക്കുള്ള സാഹചര്യം ഉണ്ടാകണമെന്നും പലരും പ്രതികരിച്ചു.
 

Latest News