ദോഹ- ഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന 'നെറ്റ് ബാഷ്-23' വോളിബോൾ ടൂർണമെന്റ് ഡിസംബർ 8 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതൽ മിസൈമിർ ഹാമിൽട്ടൺ ഇന്റർനാഷണൽ സ്‌കൂളിലെ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ഖത്തറിലെ പ്രമുഖ ടീമുകൾ അണി നിരക്കുന്ന മത്സരത്തിൽ ഖത്തറിന്റെ മുൻ വോളിബോൾ താരവും ഖത്തർ വോളിബോൾ അസോസിയേഷൻ അംഗവുമായ സൈദ് ജുമാ അൽ ഹിതിമി, ഖത്തർ വോളിബോൾ അസോസിയേഷൻ അംഗമായ ഇബ്രാഹിം മുഹമ്മദ് അൽനാമ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ടൂർണമെന്റിൽ തമിഴ്‌നാട് വോളി ക്ലബ്, തുളു കോട്ട, ദോസ്താന ദോഹ, ടീം ലൈം ഫ്രഷ് റെസ്റ്റോറന്റ്, ഇവാഖ്, ടീം വാണിമേൽ പ്രവാസി ഫോറം എന്നീ ആറ് ടീമുകളാണ് മാറ്റുരക്കുക. വിജയികൾക്ക് പ്രൈസ് മണിയും ട്രോഫിയും സമ്മാനമായി ലഭിക്കും.
ഖത്തർ വാണിമേൽ പ്രവാസി ഫോറം കളത്തിൽ ഇറക്കുന്ന ടീം വാണിമേൽ പ്രവാസി ഫോറം ജഴ്‌സി പ്രകാശനം എയർപോർട്ട് റോഡിലെ അരോമ റെസ്റ്റോറന്റിൽ നടന്നു. പരിപാടിയിൽ ടീം അംഗങ്ങളും വാണിമേൽ പ്രവാസി ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ചടങ്ങിൽ പ്രവാസി ഫോറം പ്രസിഡന്റ് ശമ്മാസ് കളത്തിൽ അധ്യക്ഷത വഹിച്ചു. സാദിഖ് ചെന്നാടൻ, എം.കെ അബ്ദുസ്സലാം, അംജദ് വാണിമേൽ, ആരിഫ് ടി.വി, സമീർ മാസ്റ്റർ, മൻസൂർ എം.കെ, അസ്ഹർ കെ.സി, നസീം കളത്തിൽ, സുഹൈൽ.കെ, അൻസാർ വാണിമേൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.കെ സുബൈർ സ്വാഗതവും ട്രഷറർ സി.കെ ഇസ്മായിൽ നന്ദിയും പറഞ്ഞു.