റിയാദ്- മൃദു ഹിന്ദുത്വ സമീപനം കൊണ്ട് ഒരിക്കലും സംഘ്പരിവാറിനെ പരാജയപ്പെടുത്താനാവില്ല എന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നുവെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു. കൃത്യമായ രാഷ്ട്രീയ നയങ്ങളിൽ നിന്ന് വിശാല രാഷ്ട്രീയ ചേരി രൂപപ്പെടുത്തണം. കേവല തെരഞ്ഞെടുപ്പ് സംഘാടനം കൊണ്ട് മാത്രം സംഘ്പരിവാറിനെ പ്രതിരോധിക്കാൻ സാധിക്കുമെന്ന ഉപരിപ്ലവമായ രാഷ്ട്രീയ സമീപനം വിജയിക്കില്ല.
സമൂഹത്തിൽ സംഘ്പരിവാർ സ്ഥാപിച്ചെടുത്തു കൊണ്ടിരിക്കുന്ന വംശീയതയിൽ അധിഷ്ഠിതമായ സാമൂഹ്യ ഘടനയെ പ്രതിരോധിക്കാനുള്ള ആലോചനയാണ് ഉയർന്നു വരേണ്ടത്. അതിന് സാമൂഹ്യ ഘടനയെ തന്നെ മാറ്റിപ്പണിയുന്ന പരിശ്രമം അനിവാര്യമാണ്. മൃദു ഹിന്ദുത്വം ഉപേക്ഷിച്ച് കൃത്യമായ രാഷ്ട്രീയ പ്രതിരോധം സൃഷ്ടിച്ചപ്പോഴാണ് വിജയിക്കാനായത് എന്ന കർണാടക നൽകിയ പാഠം നാം മറന്നു പോകരുത്.
പരമാവധി കക്ഷികളെ ഉൾക്കൊള്ളാൻ ശ്രമിച്ച തെലങ്കാനയിൽ നേടിയ വിജയവും പാഠമാണ്. ഇന്ത്യ മുന്നണി കൂടുതൽ വിശാലമാക്കുകയും സംഘ്പരിവാറിന്റെ ഇരകളാക്കപ്പെട്ട ജനങ്ങളെയും പിന്നോക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രതിനിധാനങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ അത് വിപുലപ്പെടുത്താനും മുന്നണിയെ നയിക്കുന്നവർ തയാറാകണം എന്നും പ്രവാസി റിയാദ് പ്രസിഡന്റ് ഖലീൽ പാലോട്, ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശേരി എന്നിവർ പറഞ്ഞു.