തിരുവനന്തപുരം- ആഘോഷങ്ങള്‍ വരുമ്പോള്‍ ദീപാലങ്കാരമൊരുക്കുന്നത് പതിവാണ്. നഗരങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും പലപ്പോഴും വൈദ്യുതിപ്രഭയില്‍ മുങ്ങും. എന്നാല്‍ ഇത് എന്തിനാണെന്ന് ചോദിക്കുകയാണ് ശ്രീദേവി എസ്. കര്‍ത്ത.
രാത്രിയുടെ പവിത്രതയും ഇരുളിന്റെ പുതപ്പും ചന്തവും നഷ്ടമാക്കുന്ന ഈ വൈദ്യുതാലങ്കാരങ്ങള്‍ വൃത്തികേടാണെന്നു മാത്രമല്ല, പാഴ്‌ച്ചെലവുമാണ്.
ഫെയ്‌സ്ബുക് പോസ്റ്റ് വായിക്കാം..
ഇതൊരു കാഴ്ചവസ്തുവല്ല, ഒരു മരമാണ്. മനുഷ്യന് ഓക്‌സിജനും തണലും തരിക എന്നത് മാത്രമല്ല ഇത് ഭൂമിയില്‍ ഉള്ളതിന്റെ ഉദ്ദേശ്യം. അങ്ങിനെയെങ്കില്‍ മനുഷ്യന്‍ ഉണ്ടാകുന്നതിനു മുന്‍പ് മരങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഒരു മരം മനുഷ്യന് ഉതകുന്നതിനേക്കാള്‍ എത്രയോ പതിന്‍മടങ്ങു പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പ്രാണികള്‍ക്കും ഉപകാരപ്പെടുന്നുണ്ട്. ഒരു ചെറുചില്ലയില്‍ പോലും എത്ര ചെറു പ്രാണികള്‍, ഉറുമ്പുകള്‍, പ്യുപ്പകള്‍, കിളികളുടെ ചെറു കൂടുകള്‍, അവരുടെ ഇരിപ്പടങ്ങള്‍... പകല്‍ മുഴുവന്‍ ഇര പിടിച്ചും വെയിലില്‍ പറന്നും തളര്‍ന്ന് രാത്രി തങ്ങളുടെ കൂടുകളിലേക്ക് മടങ്ങുന്ന കിളികള്‍ക്ക്, ദിവസം മുഴുവന്‍ വാഹനങ്ങളുടെ പുകയും ഇരമ്പലും സഹിച്ചു തടിയില്‍ പറ്റിപിടിച്ചിരിക്കുന്ന ചെറുജീവികള്‍ക്ക്, മനുഷ്യരെ പോലെ തന്നെ വിശ്രമം ആവശ്യമുണ്ട്. സൂര്യന്‍ പോയി മറയുമ്പോള്‍ ടിവി യുടെ മുന്നിലേക്കല്ല അവര്‍ ചേക്കേറുന്നത്. ഇരുട്ട് തരുന്ന സമാധാനത്തിലേക്കും സുരക്ഷിത്വത്തിലേക്കുമാണ്. അവര്‍ക്ക് അലോസരമില്ലാത്ത നിദ്ര ആവശ്യമാണ്. അവരുടെ മുട്ടകള്‍ക്ക് മേല്‍ അടയിരിക്കാനുള്ള സ്വകാര്യതയും സമാധാനവും ആവശ്യമാണ്.
തിരുവനന്തപുരത്തെ വലിയ വൃക്ഷങ്ങളില്‍ രാത്രി മുഴുവന്‍ ഇത്തരം വൈദ്യുത വിളക്കുകള്‍ കെട്ടിത്തൂക്കി മോടി പിടിപ്പിക്കുമ്പോള്‍ ആയിരക്കണക്കിന് കിളികളുടെയും പ്രാണികളുടെയും അണ്ണാറക്കണ്ണന്മാരുടെയും സ്വാഭാവിക ജൈവ പരിസരം നഷ്ടപ്പെടും. അവര്‍ ഉറങ്ങാനും മുട്ടയിടാനും എങ്ങോട്ട് പോകും? കേരളം ആര് ഭരിച്ചാലും പൊതു തീരുമാനം എപ്പോഴും പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കുംവിരുദ്ധമായിരിക്കും.. അതില്‍ അവര്‍ തമ്മില്‍ മത്സരം പോലുമുണ്ടെന്ന് തോന്നും.
വൈദ്യുതി കണ്ടുപിടിച്ച കാലത്തുള്ള മനുഷ്യരാണ് ഇപ്പോഴും ചുറ്റിലും എന്ന് വിചാരിക്കരുത്.. ഇത് വൈദ്യുതാഭാസം ആണ്, അലങ്കാരമല്ല.