തിരുവനന്തപുരം- പത്താംക്ലാസ് തുല്യതാ പരീക്ഷ എഴുതിയെടുക്കാന്‍ തീരുമാനിച്ച നടന്‍ ഇന്ദ്രന്‍സിന് കാര്യങ്ങള്‍ എളുപ്പമല്ല. പത്താം ക്ലാസില്‍ നേരിട്ട് പ്രവേശനം കിട്ടണമെങ്കില്‍ ഏഴാംക്ലാസ് എങ്കിലും ജയിച്ചിരിക്കണം. അതിനായി ഇന്ദ്രന്‍സിന്റെ പഴയ സ്‌കൂള്‍ രേഖകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് അധികൃതര്‍. എന്നാല്‍ തിരഞ്ഞിട്ട് കാര്യമില്ലെന്നും താന്‍ ഏഴ് ജയിച്ചിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. നാലുവരെയേ സ്‌കൂളില്‍ പോയിട്ടുള്ളൂ. പത്തിലിരിക്കാന്‍ ഏഴ് നിര്‍ബന്ധമെങ്കില്‍ അത് മുതല്‍ പഠിക്കാന്‍ തയാറാണെന്നും ഇന്ദ്രന്‍സ് പറയുന്നു.
'അഞ്ചാം ക്ലാസിലേക്ക് ഞാന്‍ പോയില്ല. എന്റെ സഹപാഠികളില്‍ ചിലര്‍ മറിച്ചുപറയുന്നത് തെറ്റിദ്ധാരണകൊണ്ടാണ്. സ്‌കൂളിന് അടുത്താണ് തയ്യല്‍ക്കട. ഒപ്പമുള്ള കുട്ടികളെ കാണുമ്പോള്‍ ഞാന്‍ നാണിച്ച് ഒളിച്ച് നടക്കുമായിരുന്നു. എന്ത് നൂലാമാലയുണ്ടെങ്കിലും അത് കഴിയട്ടെ. പഠനമെന്നത് സ്വയം സമാധാനിക്കലാണ്. അത് പഠിച്ച് കഴിഞ്ഞിട്ട് വേറെ ഒന്നിനും പോകാനില്ലല്ലോ? പത്തിന് ശേഷം തുടര്‍പഠനം എന്ന കാര്യം ഞാന്‍ ചിന്തിച്ചിട്ടുമില്ല. ആദ്യം പത്ത് കഴിയട്ടെ എന്നാണ് തീരുമാനം. ഹിന്ദിയും ഇംഗ്ലീഷും കുഴപ്പിക്കുമോ എന്ന ചിന്തയും ഇപ്പോഴുണ്ട്' ഇന്ദ്രന്‍സ് പറയുന്നു.
അടൂരില്‍ ജയന്‍ ചേര്‍ത്തല സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് താരം ഇപ്പോഴുള്ളത്. ദേശീയസംസ്ഥാന പുരസ്‌കാരങ്ങളുടെ നിറവില്‍ നില്‍ക്കുമ്പോഴാണ് കുട്ടിക്കാലത്ത് മുടങ്ങിയ പഠനം തുടരാന്‍ നടന്‍ ഒരുങ്ങുന്നതും.