Sorry, you need to enable JavaScript to visit this website.

നെതന്യാഹു നോക്കുന്നത് സ്വന്തം രാഷ്ട്രീയ ഭാവി മാത്രമെന്ന് ഉര്‍ദുഗാന്‍

ദോഹ - സ്വന്തം രാഷ്ട്രീയ ഭാവിക്കു വേണ്ടി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മേഖലയെ മുഴുവന്‍ അപകടത്തിലേക്ക് തള്ളിവിടുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. 44-ാമത് ഗള്‍ഫ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ് നെതന്യാഹു ഗാസയില്‍ ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളും തുര്‍ക്കിയും തമ്മിലുള്ള വാണിജ്യ വിനിമയം വലിയ തോതില്‍ വര്‍ധിച്ചുവരികയാണ്. പ്രതിവര്‍ഷ ഉഭയകക്ഷി വ്യാപാരം 23 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. രണ്ടു ദശകത്തിനിടെ ഗള്‍ഫ്, തുര്‍ക്കി വ്യാപാരം 13 മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നും തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു.
ഗാസ സംഭവവികാസങ്ങളിലെ ഗള്‍ഫ് രാജ്യങ്ങളുടെ ശക്തമായ പൊതുനിലപാട് ദോഹ ഉച്ചകോടി വ്യക്തമാക്കിയതായി ഉച്ചകോടി സമാപിച്ചതിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പറഞ്ഞു. ഗാസ യുദ്ധം അവസാനിപ്പിക്കാനും റിലീഫ് വസ്തുക്കള്‍ എത്തിക്കാനും അന്താരാഷ്ട്ര സമൂഹം ശക്തമായ ഇടപെടലുകള്‍ നടത്തണം. ജല, ഭക്ഷണ, ഊര്‍ജ മേഖലകളില്‍ ഗള്‍ഫ് സംയുക്ത പദ്ധതികള്‍ ശക്തമാക്കുന്നതിനെ കുറിച്ച് ഉച്ചകോടി വിശകലനം ചെയ്തു. ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥിരത പശ്ചിമേഷ്യയില്‍ സമാധാനം കൈവരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നതായും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.
ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നും ഫലസ്തീനികളുടെ അവകാശങ്ങള്‍ വകവെച്ചു നല്‍കണമെന്നും ഗള്‍ഫ് ഉച്ചകോടി ശക്തമായി ആവശ്യപ്പെട്ടതായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി പറഞ്ഞു.  

 

Latest News