കൊച്ചി- പഞ്ചായത്ത് കൗണ്‍സിലിന്റെ പ്രമേയത്തിന് വിരുദ്ധമായി പഞ്ചായത്ത് സെക്രട്ടറിമാര്‍ നവകേരള സദസ്സിന് പണം നല്‍കുന്നത് തടഞ്ഞ് ഹൈക്കോടതി. മലപ്പുറം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇസ്മായില്‍, കോഴിക്കോട് പെരുവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഷറഫുദ്ദീന്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാന്‍ കാരാട്ട് എന്നിവര്‍ നല്‍കിയ റിട്ട് ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഇടക്കാല ഉത്തരവ്.
കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന പഞ്ചായത്തിന്റെ സെക്രട്ടറിമാര്‍ക്ക് പ്രത്യേക ദൂതന്‍ മുഖാന്തരം നോട്ടീസ് നല്‍കാനും കോടതി ഉത്തരവിട്ടു. നവ കേരള സദസ്സിനായി പണം നല്‍കുന്നതില്‍നിന്ന് മേല്‍ സെക്രട്ടറിമാരെ താത്ക്കാലികമായി വിലക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിലേക്ക് സര്‍ക്കാര്‍ കടന്നുകയറരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു.
അതേസമയം സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ഔദ്യോഗിക പരിപാടിയായ നവകേരള സദസിന്റെ നടത്തിപ്പിന് പണം നല്‍കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ കടമയാണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നവകേരള സദസ്സിന് യു.ഡി.എഫ് ഭരിക്കുന്ന നഗരസഭകള്‍ പണം നല്‍കരുതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ നോര്‍ത്ത് പറവൂര്‍ നഗരസഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി.