റെഡ്‌സീ ഫെസ്റ്റിവൽ
ഓൽഫ ഹംറൂനി എന്ന ടുണീഷ്യൻ വീട്ടമ്മക്ക് നാലു പെൺമക്കൾ. ഇല്ലായ്മകൾക്കിടയിലും സംതൃപ്തമായ ജീവിതം നയിച്ചുപോന്ന ആ കൊച്ചുകുടുംബത്തിനകത്തെ തമാശകളും ആഹ്ലാദങ്ങളുമെല്ലാം പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് കുളിരല പോലെ വീശിയെത്തുന്നു. സിനിമ കണ്ടിറങ്ങിയാലും വിട്ടൊഴിയാത്ത സ്‌നേഹ വാൽസല്യം ആ കുടുംബത്തോട് തോന്നുന്ന തരത്തിൽ നിർമിക്കപ്പെട്ട ദൃശ്യാനുഭവം. ടീനേജ് പ്രായത്തിലുള്ള പെൺമക്കൾ പരസ്പരം സദാചാരത്തിന്റെ രേഖകൾക്കപ്പുറത്തെ കാര്യങ്ങളുൾപ്പെടെ പലതും പറഞ്ഞ് കൗതുകം കൊള്ളുമ്പോഴും പൊട്ടിച്ചിരിക്കുമ്പോഴുമെല്ലാം ഓൽഫ എന്ന ലിബറൽ ചിന്തയുള്ള അമ്മ അരോടൊപ്പം ചേരുന്നു. വിവാഹമോചിതയായ അവരുടെ ജീവിതം ഈ നാലുമക്കളുടെ കണ്ണുകളിലെ തിളക്കങ്ങൾക്കായി മാറ്റി വെച്ചതാണ്.
ഒറിജിനൽ ഓൽഫയും രണ്ടു മക്കളും തന്നെയാണ് സിനിമയിൽ അഭിനയിക്കുന്നത്. ഇടവേളകളിലൂടെ സരസമായി അതേ സമയം വികാരഭരിതമായി പറഞ്ഞുപോകുന്ന രീതിയിലാണ് സിനിമയുടെ കഥാഗതി. അമ്മയുടെ നറേഷൻ രീതിയിലാണ് സംഭാഷണത്തിന്റെ ഒഴുക്ക്. ഫ്‌ളാഷ് ബാക്കുകൾക്കെല്ലാം കഥാഗതിയ്ക്ക് അനുസൃതമായി തുടച്ചുമിനുക്കിയെടുക്കുന്ന സ്റ്റെയിൻ ഗ്ലാസുകളുടെ തിളങ്ങുന്ന പ്രതിഫലനങ്ങൾ. ഇത് പുതിയൊരു സങ്കേതമാണെന്ന് തോന്നുന്നു.
നാലുമക്കളിൽ മൂത്തവളെ - ഗുഫ്‌റാന എന്നാണിവളുടെ പേര്- കല്യാണം കഴിച്ചയക്കുന്നുണ്ടെങ്കിലും മുന്നോട്ടുപോയില്ല. ഇതിനിടയിലാണ് ഗുഫ്‌റാനയും അനിയത്തി റഹ്‌മയും- ലിബിയയിലെ ഐസിസ് തീവ്രവാദപ്രസ്ഥാനത്തിലേക്കാകൃഷ്ടയാകുന്നത്. ഇരുവരുടേയും സ്വഭാവത്തിലും ജീവിതരീതികളിലുമെല്ലാം മാറ്റം വന്നു. ഉടുപ്പിലും നടപ്പിലുമെല്ലാം അത് പ്രകടമായി. ഓൽഫയും ഇളയ മക്കളായ ഇവയും തൈസീറും ഏറെ ദു:ഖത്തോടെയാണ് ഗുഫ്‌റാനയുടേയും റഹ്‌മത്തിന്റേയും അപകടരമായ മാറ്റം നോക്കിക്കണ്ടത്.
ജാസ്മിൻ റവല്യൂഷൻ എന്നറിയപ്പെടുന്ന ടുണീഷ്യയിലെ വിമോചനപോരാട്ടവും ഇരുപത്തെട്ടുനാൾ നീണ്ടു നിന്ന പോരാട്ടത്തിലൂടെ പ്രസിഡന്റ് സൈനുൽ ആബിദീൻ ബെൻ അലിയെ പുറത്താക്കിയതുമെല്ലാം നടന്നത് ഇക്കാലത്താണ്. സിനിമയിൽ ടുണീഷ്യൻ രാഷ്ട്രീയത്തിന്റെ നന്മകളെ മഹത്വൽക്കരിക്കുന്നതോടൊപ്പം തീവ്രവാദപ്രവണതകളെ അതിനിശിതമായി കുടഞ്ഞെറിയുന്നുമുണ്ട്.
ഒരു ഷെയ്ഖിന്റെ ഉദ്‌ബോധനം കേട്ട് മനസ്സ് മാറി ദായിശിലേക്ക് (ഐസിസ്) മാറുകയും സജീവപ്രവർത്തകരായി മാറുകയും ചെയ്ത ഗുഫ്‌റാനയും റഹ്‌മയും ലിബിയൻ പോലീസിന്റെ പിടിയിലായി. വൈകാതെ അവർ ട്രിപ്പോളി ജയിലിൽ അടയ്ക്കപ്പെട്ടു. പതിനാറു വർഷത്തെ തടവിനു വിധിക്കപ്പെട്ടു ഇരുവരും ഒപ്പമുണ്ടായിരുന്ന ഐസിസ് പ്രവർത്തകരും. ഇതിനിടെ ഗുഫ്‌റാന ഒരു പെൺകുട്ടിക്ക് ജന്മം നൽകി. അവൾ ആറു വയസ്സുകാരിയായി വളരുന്നതിന്റെ ഒരു ഷോട്ടിലൂടെയാണ് പിന്നീട് കഥ വികസിക്കുന്നത്.
മക്കളുടെ ജയിൽ മോചനംകാത്ത് കഴിയുന്ന ഓൽഫയും അവരോടൊപ്പം ഇളയ മക്കളും പ്രതീക്ഷാപൂർവം കാത്തിരിക്കുന്നിടത്ത്, ചിലപ്പോഴെല്ലാം ഡോക്യു - ഫിക്ഷനായി തെന്നിവീഴുന്ന കഥാപരിസരവുമായി - ഫോർ ഡോട്ടേഴ്‌സ് പര്യവസാനിക്കുന്നു.
ജിദ്ദ റിറ്റ്‌സ് കാൾട്ടണിലെ ഗാലാ തിയേറ്ററിൽ തിങ്ങിക്കൂടിയ പ്രേക്ഷകർ ആവേശപൂർവം കൈയടിക്കുകയും ആദ്യാവസാനം സിനിമ കാണാനെത്തിയ സംവിധായികയേയും നടിമാരേയും കരഘോഷങ്ങളോടെ അനുമോദിക്കുകയും ചെയ്തു. ബ്യൂട്ടി ആന്റ് ഡോഗ്‌സ്, ദ മാൻ ഹൂ സോൾഡ് ഹിസ് സ്‌കിൻ എന്നീ സിനിമകളിലൂടെ അറബ് - ഫ്രഞ്ച് സിനിമാലോകത്ത് വിഖ്യാതയായ ചലച്ചിത്രകാരിയാണ് കൗത്തർ ബിൻ ഹാനിയ. പാംഡി ഓർ പുരസ്‌കാരവും യൂറോപ്യൻ ഫിലിം അക്കാദമി പുരസ്‌കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള, ടൂനീസ് സിറ്റിയിൽ ജനിച്ച കൗത്തർ ഇപ്പോൾ ഫ്രാൻസിലാണ് താമസം.