കൊച്ചി- തുടർച്ചയായ രണ്ടാം ദിവസവും കനത്ത തകർച്ച നേരിടുന്ന ഇന്ത്യൻ രൂപ ഇനിയും ഇടിയുമെന്ന് ധനകാര്യവിദഗ്ദർ. ഈ വർഷം അവസാനത്തോടെ രൂപ മൂക്കുകുത്തി വീണാൽ പോലും അത്ഭുതപ്പെടാനില്ല. ഏഷ്യൻ മാർക്കറ്റിൽ ഇന്ത്യൻ രൂപക്കാണ് തീരെ സ്ഥിരതയില്ലാത്തത്.
ഇന്ത്യൻ നാണയത്തിന്റെ ചലനങ്ങൾ സാങ്കേതികമായി വീക്ഷിച്ചാൽ 71 ലേക്ക് വൈകാതെ നീങ്ങുന്ന അവസ്ഥയിലാണ്. രൂപയെ സംബന്ധിച്ചിടത്തോളം 72 നിർണായകമാണ്. ഈ പടി തകർന്നാൽ വിനിമയ മൂല്യം 79.80 റേഞ്ചിലേക്ക് നീങ്ങാൻ ഇടയുണ്ട്.
വർഷാന്ത്യത്തോടെ 72 ലെ താങ്ങ് നഷ്ടപ്പെട്ടാൽ അടുത്ത സാമ്പത്തിക വർഷം രൂപ വൻ ചാഞ്ചാട്ടത്തെ അഭിമുഖീകരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രൂപയുടെ തകർച്ചയെ പിടിച്ചു നിർത്താൻ ആർ.ബി.ഐ വൻതോതിൽ ഡോളർ വിൽപനക്ക് ഇറക്കി. എന്നാൽ തുടർച്ചയായി ഇത്തരം വിപണി ഇടപെടലുകൾക്ക് ധനമന്ത്രാലയം അനുമതി നൽകാൻ ഇടയില്ല. രാജ്യത്തിന്റെ വിദേശ നാണയ കരുതൽ ശേഖരം കുറയുകയാണ്. പ്രതിസന്ധി മുന്നിൽ കണ്ട് ഈ വർഷം ഇതിനകം തന്നെ രണ്ട് തവണ പലിശ നിരക്ക് കേന്ദ്ര ബാങ്ക് ഉയർത്തി.
ഏപ്രിലിൽ റെക്കോർഡ് നിലവാരമായ 426 ബില്യൻ ഡോളറിൽ നീങ്ങിയ വിദേശ നാണയ കരുതൽ ശേഖരം ഓഗസ്റ്റിൽ 403 ബില്യൻ ഡോളറായി ചുരുങ്ങി. കരുതൽ ശേഖരത്തിൽ അഞ്ച് മുതൽ എട്ട് ശതമാനം വരെ വീണ്ടും ഇടിവ് സംഭവിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നു. വർഷാന്ത്യം കരുതൽ ശേഖരം 375 ബില്യൻ ഡോളറിലേക്ക് പതിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
തിങ്കളാഴ്ച്ച വിദേശ ഫണ്ടുകൾ ഇന്ത്യൻ ഓഹരി വിപണിയിൽ 971.86 കോടി രൂപയുടെ വിൽപ്പന നടത്തി. ആ പണം അവർ ഡോളറാക്കി മാറ്റാൻ നടത്തിയ നീക്കം രൂപയുടെ മൂല്യ തകർച്ചക്ക് ആക്കം കൂട്ടി. ആഗോള തലത്തിൽ ഡോളറിനോടുള്ള ഭ്രമം പെടുന്നനെ വർധിച്ചത് യൂറോ, പൗണ്ട് തുടങ്ങിയവക്കും തിരിച്ചടിയായി. പൗണ്ട് ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലും യൂറോ 13 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന റേഞ്ചിലും ഇടപാടുകൾ നടന്നു. റഷ്യൻ നാണയമായ റൂബിളും ദക്ഷണാഫ്രിക്കൻ നാണയമായ റാണ്ടിനും തളർച്ച നേരിട്ടു.
അമേരിക്കൻ ഡോളറിന് മുന്നിൽ ഇന്ത്യൻ രൂപ ചരിത്രത്തിലെ താഴ്ന്ന നിലവാരമായ 70.07 ലേക്ക് ഇടിഞ്ഞു. പ്രമുഖ നാണയങ്ങൾക്ക് മുന്നിൽ രൂപക്ക് നേരിട്ട തകർച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ അൽപ്പം സമ്മർദ്ദത്തിലാക്കി. ഈ വർഷം ഇതിനകം രൂപയുടെ മൂല്യത്തിൽ ഒമ്പത് ശതമാനം ഇടിവ് നേരിട്ടു. മൂല്യത്തകർച്ച തുടരുമെന്ന സൂചനയാണ് നിലവിലുള്ളത്.
ഏഷ്യൻ നാണയങ്ങളിൽ ഈ വർഷം ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് ഇന്ത്യൻ രൂപക്കാണ്. ആഗോള വിപണിയിലെ സംഭവ വികാസങ്ങളാണ് ഫോറെക്‌സ് മാർക്കറ്റിൽ രൂപക്ക് തിരിച്ചടിയായത്. 2013 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 69.93 ലെ റെക്കോർഡാണ് വിനിമയ വിപണി ചൊവ്വാഴ്ച്ച തിരുത്തി കുറിച്ചത്. രൂപയുടെ മൂല്യ ത്തകർച്ച പ്രവാസികൾക്ക് അപ്രതീക്ഷിത ഓണ സമ്മാനമാണ് നൽകിയത്.
അമേരിക്ക തുർക്കിക്കെതിരെ സ്വീകരിച്ച നിലപാടുകൾ അവരുടെ നാണയമായ ലിറയിൽ പിരിമുറുക്കം ഉളവാക്കിയത് രൂപയുടെ മൂല്യത്തെയും ബാധിച്ചു. ലിറ യൂറോയുടെ മുന്നിലും ആടി ഉലഞ്ഞു. തുർക്കിയുടെ സാമ്പത്തിക സ്ഥിതിഗതികൾ കണക്കിലെടുത്താൽ ലിറയുടെ മൂല്യം വീണ്ടും ഇടിയാം.
വിനിമയ വിപണിയിൽ രൂപ റെക്കോർഡ് തകർച്ചയെ അഭിമുഖീകരിച്ചതിനിടയിലും ഇന്ത്യൻ ഓഹരി വിപണി മികവ് കാണിച്ചു. ബോംബെ സെൻസെക്‌സ് 207 പോയിന്റും നിഫ്റ്റി സൂചിക 79 പോയിന്റും ഉയർന്നു. ഇതിനിടയിൽ കേരളത്തിൽ സ്വർണ വില പവന് 22,120 രൂപയിൽനിന്ന് 22,000ലേക്ക് ചൊവ്വാഴ്ച്ച താഴ്ന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1200 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ട് 1192 ഡോളറിലേയ്ക്ക് നീങ്ങിയത് പവനിലും പ്രതിഫലിച്ചു.