തൃശൂർ - കേരളത്തിന്റെ പ്രതിശീർഷ വരുമാനത്തിൽ ഉണ്ടായിട്ടുള്ളത് വൻ വർധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെറുതുരുത്തി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ചേലക്കര നിയോജകമണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തനത് വരുമാനം, പ്രതിശീർഷ വരുമാനം, ആഭ്യന്തര വരുമാനം എന്നിവ വർദ്ധിപ്പിക്കാൻ കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലൊന്നാകാൻ കേരളത്തിന് കഴിഞ്ഞു. ഐക്യത്തോടെ ഒരുമിക്കുന്ന നാടാണ് കേരളം. നാടാകെ നിരാശയിലാണ്ട സമയത്താന് 2016 ൽ സർക്കാർ അധികാരത്തിൽ വന്നത്. പിന്നീട് സമസ്ത മേഖലയിലും സർക്കാർ നടത്തിയ പ്രവർത്തനങ്ങളിലൂടെ മുന്നേറാനായി. ഓഖി, കോവിഡ്, നിപ, കാലവർഷക്കെടുതി തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ജനങ്ങൾ സർക്കാരിനൊപ്പം ഒരുമിച്ച് നിന്ന് പ്രവർത്തിച്ചു. നമ്മുടെ ഐക്യത്തേയും മാതൃകാപരമായ നേട്ടങ്ങളെയും രാജ്യവും ലോകവും അത്ഭുതത്തോടെ നോക്കിക്കണ്ടു. സംസ്ഥാനത്തിന്റെ പൂരോഗതിയെ പിന്നിലേക്ക് അടിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ വിരോധാത്മകമായ നിലപാടുകളെ ശക്തമായി നേരിടാൻ സാധിച്ചു. നവകേരള സദസ്സ് നടക്കുന്ന സ്ഥലങ്ങളിലെല്ലാം അഭൂതപൂർവമായ ജനപങ്കാളിത്തമാണ് കണ്ടുകൊണ്ടിരിക്കുന്നത്. പലപ്പോഴും വേദികൾ അപര്യാപ്തമാകുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ജനം ഒറ്റക്കെട്ടായി എത്തിച്ചേരുന്നതിന്റെ സന്ദേശം നിങ്ങൾ ധൈര്യമായി മുന്നോട്ട് പൊയ്‌ക്കോളു ഞങ്ങൾ കൂടെയുണ്ട് എന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ചേലക്കര നിയോജകമണ്ഡലം നവകേരള സദസ്സിൽ മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ ബാലഗോപാൽ, ജി.ആർ. അനിൽ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആശ തുടങ്ങിയവർ സംസാരിച്ചു.