Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിചാരണ 28 വർഷത്തിനു ശേഷം മനാഫ് വധക്കേസ് വിചാരണ ആരംഭിച്ചു

*പി.വി. അൻവർ എം.എൽ.എയുടെ സഹോദരീപുത്രൻമാരടക്കം നാലു പ്രതികൾ
*ഒന്നാം സാക്ഷി കൂറുമാറി


മഞ്ചേരി-കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് വധക്കേസിൽ 28 വർഷത്തിനു ശേഷം വിചാരണ ആരംഭിച്ചു. മഞ്ചേരി അഡീഷണൽ ജില്ല സെഷൻസ് കോടതി രണ്ടിൽ ജഡ്ജി എ.വി ടെല്ലസ് മുമ്പാകെയാണ് ഇന്നലെ വിചാരണ ആരംഭിച്ചത്. വിചാരണയുടെ ആദ്യദിവസം തന്നെ കേസിലെ ഒന്നാം സാക്ഷി ഹുസൈൻ കൂറുമാറി. പി.വി. അൻവർ എം.എൽ.എയുടെ സഹോദരീപുത്രൻമാരായ കേസിലെ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ്, സഹോദരനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ്, കൂട്ടുപ്രതികളായ 17-ാം പ്രതി നിലമ്പൂർ ജനതപ്പടി കോട്ടപ്പുറം മുനീബ്, 19-ാം പ്രതി എളമരം മപ്രം പയ്യനാട്ട് തൊടിക കബീർ എന്ന ജാബിർ എന്നിവരുടെ വിചാരണയാണ് ആരംഭിച്ചത്. സിബിഐയുടെ മുൻ സീനിയർ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വി.എൻ അനിൽ കുമാറാണ് കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ. മനാഫ് വധക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ രണ്ട് തവണ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നിട്ടും സർക്കാർ അനുകൂല നിലപാടെടുത്തിരുന്നില്ല. ഒടുവിൽ മനാഫിന്റെ സഹോദരൻ അബ്ദുൾ റസാഖ് കോടതി അലക്ഷ്യ ഹരജി സമർപ്പിച്ചതോടെയാണ് അനിൽ കുമാറിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചുള്ള ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയത്.
1995 ഏപ്രിൽ 13 ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കേ പട്ടാപ്പകൽ പതിനൊന്നരയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകനായ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായിരുന്നു പി.വി. അൻവർ. ഏഴാം പ്രതിയായിരുന്ന അൻവറിന്റെ പിതാവ് പി.വി. ഷൗക്കത്തലി കുറ്റപത്രം സമർപ്പിക്കും മുമ്പെ മരണപ്പെട്ടു. പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒന്നാം സാക്ഷി അന്നും കൂറുമാറിയിരുന്നു. കേസിൽ 21 പ്രതികളെ വിചാരണക്കോടതി വെറുതെ വിടുകയായിരുന്നു.  കേസിൽ പി.വി അൻവറിന്റെ രണ്ട് സഹോദരീപുത്രൻമാരടക്കം നാല് പ്രതികളെ 23 വർഷമായിട്ടും പോലീസ് പിടികൂടിയിരുന്നില്ല. ഇവരെ പിടികൂടാൻ നടപടിയാവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ അബ്ദുൾ റസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടാൻ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2018 ജൂലൈ 25 ന് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് അൻവറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ് ഉൾപ്പെടെ മൂന്നു പ്രതികൾ കീഴടങ്ങിയത്. ഒന്നാം പ്രതിയായ മാലങ്ങാടൻ ഷെഫീഖ് കഴിഞ്ഞ 25 വർഷമായി ദുബായിലായിരുന്നു. കോവിഡ് കാലത്ത് ഷാർജയിൽ നിന്നു ചാർട്ടേഡ് ഫ്‌ളൈറ്റിൽ കരിപ്പൂരിലെത്തിയപ്പോൾ 2020 ജൂൺ 24 നാണ് അറസ്റ്റിലായത്. കേസിൽ രണ്ടാം പ്രതിയായിരുന്ന പി.വി. അൻവർ എംഎൽഎയടക്കം വെറുതെവിട്ട 21 പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ അപ്പീലും സഹോദരൻ അബ്ദുൾ റസാഖിന്റെ റിവിഷൻ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ. കേസിലെ ഒന്ന്, രണ്ട് പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ അഡ്വ. പി.എസ്. ഈശ്വരൻ, വി. മനോജ്, ഷറഫുദ്ദീൻ മുസ് ലിയാർ, അക്ഷയ്, എലിസബത്ത് തോമസ് എന്നിവരും മൂന്നാം പ്രതിക്ക് വേണ്ടി അഡ്വ. ടി.കെ. സൈതാലിക്കുട്ടിയും നാലാം പ്രതിക്ക് വേണ്ടി അഡ്വ. പി.എ. സഫറുള്ള, അഡ്വ. വി.പി. വിപിൻനാഥ് എന്നിവരുമാണ് ഹാജരാകുന്നത്. കേസിന്റെ 37 പേജുള്ള കുറ്റപത്രം 2000 മാർച്ച് 29 നാണ് എടവണ്ണ പോലീസ് കോടതിയിൽ സമർപ്പിച്ചത്. 78 സാക്ഷികളാണുള്ളത്.

Latest News