അൽഖർജ്- വധശിക്ഷ നടപ്പാക്കുന്നതിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ കൊലക്കേസ് പ്രതിക്ക് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് മാപ്പ് നൽകി. സൗദി പൗരൻ സ്വാലിഹ് ബിൻ അലി അൽ ഖഹ്താനിയാണ് തന്റെ മകന്റെ ഘാതകന് മാപ്പ് നൽകിയത്. ഇന്നലെ രാവിലെ അൽഖർജ് കിംഗ് അബ്ദുൽ അസീസ് ജുമാമസ്ജിദിനു സമീപം വധശിക്ഷ നടപ്പാക്കുന്നതിന് പ്രതിയെ സുരക്ഷാ കാവലിൽ എത്തിക്കുകയും ശിക്ഷ നടപ്പാക്കുന്നതിനുള്ള മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കുകയും ചെയ്തതോടെയാണ് പ്രതിക്ക് മാപ്പ് നൽകുന്നതായി സൗദി പൗരൻ പ്രഖ്യാപിച്ചത്. ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് തടിച്ചുകൂടിയ ജനാവലിയെ ഇത് ആഹ്ലാദഭരിതരാക്കി. തക്ബീർ മുഴക്കി ആളുകൾ ആഹ്ലാദം പ്രകടിപ്പിച്ചു.
വർഷങ്ങൾക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. പ്രതിക്ക് മാപ്പ് ലഭ്യമാക്കുന്നതിന് പൗരപ്രമുഖർ നിരവധി തവണ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും മാപ്പ് നൽകുന്നതിന് സ്വാലിഹ് അൽ ഖഹ്താനി സന്നദ്ധനായിരുന്നില്ല. പ്രതിക്ക് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ ഇദ്ദേഹം ഉറച്ചു നിൽക്കുകയായിരുന്നു. ഇതനുസരിച്ച് എല്ലാവിധ നടപടിക്രമങ്ങളും പൂർത്തിയാക്കി ശിക്ഷ നടപ്പാക്കുന്നതിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സ്വാലിഹ് അൽ ഖഹ്താനി പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപിച്ചത്. ഒരാഴ്ചക്കിടെ സമാന രീതിയിൽ കൊലക്കേസ് പ്രതിക്ക് ആരാച്ചാരുടെ വാൾതലപ്പിൽ നിന്ന് ജീവൻ തിരിച്ചു കിട്ടുന്ന രണ്ടാമത്തെ സംഭവമാണിത്. ഒരാഴ്ച മുമ്പ് റാബിഗിൽ സൗദി പൗരൻ മുഹമ്മദ് ബിൻ ദവാസ് അൽബിലാദി മകന്റെ ഘാതകന് വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടു മുമ്പ് മാപ്പ് നൽകിയിരുന്നു.