കോട്ടയം- ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്ത ശേഷവും അറസ്റ്റ് നീളുന്നത്് നിയമ സംരക്ഷണം നേടാന്‍ ബിഷപ്പിന് അവസരമൊരുക്കുമെന്ന് ആശങ്ക. ബിഷപ്പിനെ ചോദ്യം ചെയ്തുവെങ്കിലും അടുത്ത നടപടിയിലേക്ക്് അന്വേഷണ സംഘം കടന്നില്ല. ചോദ്യം ചെയ്തതോടെ ബിഷപ്പിന് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കാനുളള സാഹചര്യം ലഭിക്കുമെന്നാണ് കരുതുന്നത്്. ഇതിനുളള നീക്കം ആരംഭിച്ചതായാണ് സൂചന. പ്രശ്‌നത്തില്‍ കോടതി ഇടപെട്ടാല്‍ പിന്നെ പോലീസിനും തലവേദന ഇല്ലാതാവും. കോടതിയുടെ പേരു പറഞ്ഞ്് പ്രശ്‌നത്തില്‍ നിന്ന് തലയൂരുകയും ചെയ്യാം.
ബിഷപ്പിനെതിരെ തെളിവുകളെല്ലാം ലഭിച്ച സാഹചര്യത്തില്‍ അറസ്റ്റു ചെയ്യുമെന്ന പ്രതീതി ജനിപ്പിച്ച് ജലന്ധറിലേക്ക് പോയ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം വെറുംകൈയോടെയാണ് കേരളത്തിലേക്ക് മടങ്ങുന്നത്. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ പ്രതികരണത്തില്‍ നിന്ന് ബിഷപ്പിന്റെ അറസ്റ്റ് ഇനിയും വൈകുമെന്ന് വ്യക്തമായിരിക്കുകയാണ്. പോലീസിന് തെളിവില്ലാതെ ചാടിക്കയറി ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ഡി.ജി.പിയുടെ പ്രതികരണം.
കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ബിഷപ്പിനെതിരേ ശക്തമായ പരാതിയുണ്ടെങ്കിലും നടപടി എടുത്തിട്ടില്ല. കന്യാസ്ത്രീ കോട്ടയം എസ്.പിക്ക് രേഖാമൂലം നല്‍കിയ പരാതി, കന്യാസ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന വൈദ്യ പരിശോധനാ റപ്പോര്‍ട്ട്, മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യമൊഴി, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയ പരാതി, പീഡിപ്പിക്കപ്പെട്ടെന്നു രേഖപ്പടുത്തി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് അയച്ച ഇ-മെയില്‍, വത്തിക്കാനിലെ സ്്റ്റേറ്റ് സെക്രട്ടറിക്ക് അയച്ച കത്ത്, മാര്‍പ്പാപ്പയ്ക്കു നല്‍കിയ പരാതി ഒപ്പിട്ടു വാങ്ങിയതായി ഇന്റര്‍നെറ്റിലൂടെ ലഭിച്ച തെളിവ്, കുറവിലങ്ങാട് മഠത്തിലെ രണ്ടു കന്യാസ്ത്രീകള്‍ മദര്‍ ജനറലിനു നല്‍കിയ പരാതികള്‍, പീഡനം നടന്നതെന്നു പറയുന്ന കുറവിലങ്ങാട്ടെ മഠത്തില്‍ ബിഷപ്പ് ഫ്രാങ്കോ 15 തവണ തങ്ങിയിരുന്നെന്നു വ്യക്തമാക്കുന്ന സന്ദര്‍ശക ഡയറി, പരാതി പിന്‍വലിക്കുമെങ്കില്‍ അഞ്ചു ലക്ഷം രൂപയും കന്യാസ്ത്രീക്കു സഭയില്‍ ഇഷ്ടമുള്ള പദവിയും വാഗ്ദാനം ചെയ്ത് ബിഷപ്പിന്റെ ബന്ധു മധ്യസ്ഥന്‍ വഴി സമീപിച്ചെന്ന കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി, കന്യാസ്ത്രീയുടെ മാതൃ ഇടവകയിലെ വികാരി ഫാ.നിക്കോളോസിന്റെ മൊഴി, കന്യാസ്ത്രീക്കും കുടുംബത്തിനുമെതിരേ ജലന്ധര്‍ രൂപത കുറവിലങ്ങാട് പോലീസില്‍ നല്‍കിയ പരാതി വ്യാജമാണെന്നു തെളിഞ്ഞത് തുടങ്ങി നിരവധി തെളിവുകളാണ് ബിഷപ്പിനെതിരേ പോലീസിന്റെ പക്കലുള്ളത്.
ഒരു സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പോലീസിലും കോടതിയിലും മൊഴി നല്‍കി ഒന്നര മാസമായിട്ടും ആരോപണ വിധേയനായ വ്യക്തിയെ ചോദ്യം ചെയ്യാന്‍ പോലും തയാറാവാതെ പോലീസ് നില്‍ക്കുകയായിരുന്നു.
വിവിധ കോണുകളില്‍ നിന്ന് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ദല്‍ഹിക്ക് പോയത്. എന്നാല്‍, രണ്ടാഴ്ച മുമ്പ് ദല്‍ഹിക്ക് തിരിച്ച സംഘത്തിന് അവസാന നിമിഷം മാത്രമാണ് ബിഷപ്പിന്റെ മൊഴിയെടുക്കാനായത്. അതും ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ മണിക്കൂറുകളോളം കാത്തിരുന്ന ശേഷം. കന്യാസ്ത്രീയുടെ പരാതിയില്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ബിഷപ്പിനെ അറസ്റ്റു ചെയ്യുമെന്നാണ് സര്‍ക്കാര്‍ ആദ്യം ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍, പിന്നീട് സര്‍ക്കാര്‍ അഭിഭാഷകന്‍ മലക്കം മറിഞ്ഞു. ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതില്‍ അന്വേഷണ സംഘത്തിന് തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റു നടപടികളുമായി അന്വേഷണ സംഘം മുന്നോട്ടു നീങ്ങുകയും ചെയ്തു. ഇതോടെ ബിഷപ്പിന്റെ അറസ്റ്റ് തടയുന്നതിന് ഉന്നത തലത്തില്‍നിന്ന് സമ്മര്‍ദമുണ്ടായിട്ടുണ്ടെന്നാണ് പിന്നീടുണ്ടായ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ നിന്ന് ഛണ്ഡീഢിലേക്ക് മുങ്ങിയ ബിഷപ്പ് അറസ്റ്റുണ്ടാവില്ലെന്ന ഉറപ്പു ലഭിച്ച ശേഷമാണ് മടങ്ങിയെത്തിയതെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ തന്നെ ആരോപിച്ചിട്ടുണ്ട്. ജൂണ്‍ അവസാനമാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന്് കാണിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ കോട്ടയം എസ്.പിക്ക് പരാതി നല്‍കിയത്്്.
കന്യാസ്ത്രീ നല്‍കിയ പീഡന പരാതി സംബന്ധിച്ച് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2016 മെയ് അഞ്ചിന് ബിഷപ്പ് മഠത്തിലെത്തി പീഡിപ്പിച്ചെന്നായിരുന്നു കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, പരാതിയില്‍ പറഞ്ഞ ദിവസം മഠത്തില്‍ പോയിട്ടില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ ബിഷപ്പ് വ്യക്തമാക്കിയത്. അതേസമയം, ബിഷപ്പിന്റെ വാദം കളവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
അന്ന് മഠത്തിലെത്തിയതിന്റെ തെളിവും മൊഴിയും പോലീസിന് ലഭിച്ചിട്ടുണ്ട്. ബിഷപ്പ് 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കന്യാസ്ത്രീ പോലീസിന് നല്‍കിയ മൊഴിയിലും കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയിലും ചൂണ്ടിക്കാട്ടിയിരുന്നത്. ഇവര്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് കുറവിലങ്ങാട്ടെ മഠത്തിലെത്തിയിരുന്നതായി സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. കൂടാതെ ബിഷപ്പിനെ മഠത്തില്‍ കൊണ്ടുപോയ കാര്യം കാറിന്റെ ഡ്രൈവറും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, പോലീസിന്റെ ചോദ്യം ചെയ്യലില്‍ മഠത്തിലെ കന്യാസ്ത്രീ പീഡന പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ബിഷപ്പ് നിഷേധിച്ചു. തന്റെ വാദങ്ങളില്‍ ബിഷപ്പ് ഉറച്ചു നിന്നതോടെ ഒമ്പതു മണിക്കൂര്‍ നീണ്ട മൊഴിയെടുക്കല്‍ അവസാനിപ്പിച്ച് അന്വേഷണ സംഘം മടങ്ങുകയായിരുന്നു.
തിങ്കളാഴ്ച രാത്രി എട്ടു മണിക്കാരംഭിച്ച മൊഴിയെടുക്കല്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിക്കാണ് അവസാനിച്ചത്. ബിഷപ്പിന്റെ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരളത്തിലെത്തിയ ശേഷം ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ബിഷപ്പ് ഹൗസില്‍ നിന്ന് ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
---