കോട്ടയം - ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരന്‍. മറ്റു കന്യാസ്ത്രീകളുടെ വീട്ടുകാരുമായി ആലോചിച്ച ശേഷം കോടതിയില്‍ ഹരജി നല്‍കാനാണ് ആലോചിക്കുന്നത്. അറസ്റ്റ് നടക്കാത്തത് ഉന്നതരാഷ്ട്രീയ സമ്മര്‍ദം മൂലമാണ്. കേരളത്തിലും ജലന്ധറിലും ബിഷപ്പിന് രാഷ്ട്രീയസ്വാധീനമുണ്ട്. നീതി ലഭിച്ചില്ലെങ്കില്‍ ബിഷപ്പിനെതിരായി പോലിസിനു നല്‍കിയ തെളിവുകള്‍ മാധ്യമങ്ങള്‍ക്കു കൈമാറും.
ബിഷപ്പിനെതിരായ കേസില്‍നിന്ന് ഒരുകാരണവശാലും പിന്‍മാറില്ലെന്നും കന്യാസ്ത്രീയുടെ സഹോദരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ബിഷപ്പിനെതിരേ മതിയായ തെളിവുകള്‍ എല്ലാം ലഭിച്ചെന്നാണ് പോലിസ് ഹൈക്കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം അന്വേഷണസംഘം തിരിച്ചുവരികയാണ്. അറസ്റ്റുചെയ്യില്ലെന്ന് പോലിസില്‍നിന്ന് ഉറപ്പുലഭിച്ചതിനെത്തുടര്‍ന്നാണ് ബിഷപ്പ് ചോദ്യംചെയ്യലിന് ഹാജരായത്.
ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുക്കാനായിരുന്നെങ്കില്‍ കേരളാ പോലിസിന് അവിടെ പോകേണ്ടതുണ്ടായിരുന്നോ എന്നും കന്യാസ്ത്രീയുടെ സഹോദരന്‍ ചോദിച്ചു. ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കുന്നതിന് ഉന്നതതലത്തില്‍ സമ്മര്‍ദം നടക്കുന്നതായി സഹോദരന്‍ നേരത്തെ ആരോപണമുന്നയിച്ചിരുന്നു.