തിരുവനന്തപുരം- സര്‍ക്കാരുമായി പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇക്കുറിയും ക്രിസ്മസ് വിരുന്നൊരുക്കും. 10-ന് രാജ്ഭവനില്‍ നടത്തുന്ന വിരുന്നിലേക്ക് മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷനേതാവ്, മറ്റു ജനപ്രതിനിധികള്‍, സമുദായനേതാക്കള്‍ തുടങ്ങിയവരെ ക്ഷണിക്കാനാണ് തീരുമാനം. ബില്ലുകള്‍ ഒപ്പിടുന്നതുമായും കണ്ണൂര്‍ വി.സി. പുനര്‍നിയമനവുമായും ബന്ധപ്പെട്ട സുപ്രീംകോടതി വിധികളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തുറന്നപോരിലാണ്. വിരുന്നിന് മുഖ്യമന്ത്രി എത്തുമോ എന്നകാര്യത്തില്‍ ആകാംക്ഷയുണ്ട്.
കഴിഞ്ഞ വര്‍ഷവും രാജ്ഭവനിലും കൊച്ചിയിലും ഗവര്‍ണര്‍ ക്രിസ്മസ് വിരുന്നൊരുക്കിയിരുന്നെങ്കിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.ഇത്തവണ നവകേരള സദസ്സ് നടക്കുന്നതിനാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും 23-വരെ തലസ്ഥാനത്തില്ല. 25-ന് മുമ്പ് കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് വിരുന്നൊരുക്കുന്ന കാര്യവും രാജ്ഭവന്‍ പരിഗണിക്കുന്നുണ്ട്.