റിയാദ്- കുദു കേളി പത്താമത് ഫുട്‌ബോൾ ടൂർണമെന്റിന്റെ അഞ്ചാം വാര മത്സരത്തോടെ റെയിൻബോ എഫ്.സിയും ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയും സെമിയിൽ പ്രവേശിച്ചു. ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ബിയിലെ കംഫർട്ട് ട്രാവൽസ് ലാന്റേൺ എഫ്.സിയും ബെഞ്ച് മാർക്ക് ടെക്‌നോളജി റോയൽ ഫോക്കസ് ലൈൻ എഫ്.സിയുമായി ഏറ്റുമുട്ടി.
ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം സെമി സാധ്യതക്കായി ഇരു ടീമുകൾക്കും അടുത്ത മത്സരം നിർണായകമായി. മികച്ച കളിക്കാരനായി ലാന്റേൺ എഫ്.സിയുടെ വിഷ്ണു വർമയെ തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷാജി റസാഖ്, പ്രദീപ് കൊട്ടാരത്തിൽ, ലീപിൻ പശുപതി, ടെക്‌നിക്കൽ കമ്മിറ്റി അംഗം ഇംതിയാസ്, റിഫാ വൈസ് പ്രസിഡന്റ് ബഷീർ കാരന്തൂർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
റോമാ കാസ്‌ലെ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി വാഴക്കാടും മിഡി ഈസ്റ്റ് ഫുഡ് പ്രോഡക്ട് ആൻഡ് ഇമാദ് യൂനിഫോം റെയിൻബോ എഫ്.സിയും മാറ്റുരച്ച രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റെയിൻബോ എഫ്.സി വിജയിച്ചു. കളിയുടെ ആറാം മിനുട്ടിൽ പത്തൊൻപതാം നമ്പർ താരം സലീലും ഇരുപത്തി ഒൻപതാം മിനുട്ടിൽ പതിനെട്ടാം നമ്പർ താരം ഷൈജുവും കളി അവസാനിക്കാൻ ഒരു മിനുട്ട് ബാക്കിയുള്ളപ്പോൾ പതിനഞ്ചാം നമ്പർ താരം ദിൽഷാദും റെയിൻബോക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ രണ്ടാം പകുതിയുടെ എട്ടാം മിനുട്ടിൽ പെനാൽറ്റിയിലൂടെ ഇരുപതാം നമ്പർ താരം സഫുർ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ആശ്വാസ ഗോൾ നേടി.
ഇതോടെ ഗ്രൂപ്പ് എയിൽ നിന്നും ഏഴ് പോയിന്റ് നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായി റെയിൻബോയും ആറ് പോയിന്റ് നേടി റണ്ണറപ്പായി ബ്ലാസ്‌റ്റേഴ്‌സും സെമിയിൽ പ്രവേശിച്ചു. മികച്ച കളിക്കാരനായി റെയിൻബോയയുടെ ഷൈജുവിനെ തെരഞ്ഞെടുത്തു. രണ്ടാമത്തെ കളിയിൽ ജെസ്‌കോ പൈപ്പ് എം.ഡി ബാബു വഞ്ചിപ്പുര, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ വളവിൽ, ഹാഷിം കുന്നത്തറ, ബിജു തായമ്പത്ത്, ഫുഡ് കമ്മിറ്റി ജോയിന്റ് കൺവീനർ അൻസാരി, വളണ്ടിയർ വൈസ് ക്യാപ്റ്റന്മാരായ അലി പട്ടാമ്പി, ബിജു, സ്‌റ്റോർ മാനേജർ അനിരുദ്ധൻ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
സൗദി റഫറി പാനലിലെ അലി അൽ ഖഹ്ത്താനിയുടെ നേതൃത്വത്തിലുള്ള റഫറി പാനൽ കളി നിയന്ത്രിച്ചു. ടീമുകളുടെ പേര്, കളിച്ച കളി, ജയം, പരാജയം, സമനില, പോയിന്റ് നില എന്നിവ: ഗ്രൂപ്പ് എ: റെയിൻബോ എഫ്.സി 3,2,0,1,7. ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി വാഴക്കാട് 3,2,1,0,6. യൂത്ത് ഇന്ത്യ എഫ്.സി 2,0,1,1,1. സുലൈ എഫ്.സി 2,0,2,0,0. ഗ്രൂപ്പ് ബി: ലാന്റെൺ എഫ്.സി 2,1,0,1,4. റിയൽ കേരള എഫ്.സി 2,1,1,0,3. റോയൽ ഫോക്കസ് ലൈൻ എഫ്.സി 2,0,0,2,2. അസീസിയ സോക്കർ 2,0,1,1,1.